Sunday
15 Dec 2019

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

By: Web Desk | Monday 10 June 2019 8:20 AM IST


തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം ഇടവേളയ്ക്ക്‌ശേഷം ഇന്ന് വീണ്ടും ആരംഭിക്കും. മുന്‍ നിശ്ചയപ്രകാരം മെയ് 27ന് ആരംഭിക്കുന്ന സമ്മേളനം 29ന് അവസാനിക്കുകയും ജൂണ്‍ 10ന് വീണ്ടും ആരംഭിച്ച് ജൂലൈ അഞ്ച് വരെ തുടരണമെന്നതാണ്. ഇന്ന് മുതല്‍ തുടര്‍ച്ചയായ 18 പ്രവൃത്തിദിനങ്ങളില്‍ സഭ ചേരും. 2019-20 ലെ ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ച നടത്തി ധനാഭ്യര്‍ഥനകള്‍ പാസാക്കുകയാണ് മുഖ്യഅജണ്ട.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ 15 ദിവസത്തെ സാവകാശം തേടി
കേരള കോണ്‍ഗ്രസ് അധികാരത്തര്‍ക്കം നിയമസഭയിലേക്കും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള അധികാരത്തര്‍ക്കം നിയമസഭയിലും പ്രതിഫലിക്കും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് ഗ്രൂപ്പ് നേതാക്കള്‍.

പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്ക് അനുവദിക്കുന്ന മുന്‍നിര സീറ്റ് അവകാശപ്പെട്ട് നിയമസഭ സ്പീക്കര്‍ക്ക് പാര്‍ട്ടി വൈസ്‌ചെയര്‍മാന്‍ പി ജെ ജോസഫ് നേരത്തേ കത്ത് നല്‍കുകയും താല്‍ക്കാലികമായി അനുവദിക്കുകയും ചെയ്തിരുന്നു. ജൂണ്‍ ഒന്‍പതിന് മുന്‍പ് കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് നേതാവ് ആരെന്നുള്ള തീരുമാനം അറിയിക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സമവായത്തിലെത്താന്‍ ഇരുവിഭാഗങ്ങള്‍ക്കും ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ 10 ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് തുടരണമെന്ന് ആവശ്യപ്പെട്ട് മറുവിഭാഗവും സ്പീക്കര്‍ക്ക് കത്ത് നല്‍കി.

ജോസ് കെ മാണിക്കുവേണ്ടി പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിനും പി ജെ ജോസഫ് തുടരണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫുമാണ് കത്തു നല്‍കിയത്.
പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്‍മാന്റെ സാന്നിദ്ധ്യത്തിലാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടത്. മുന്‍ ചെയര്‍മാന്‍ കെ എം മാണി അന്തരിച്ചശേഷം വൈസ് ചെയര്‍മാനായ പി ജെ ജോസഫ് തനിക്കാണ് പാര്‍ട്ടിയുടെ പൂര്‍ണ അധികാരമെന്ന് പ്രഖ്യാപിച്ചതിനെ പരസ്യമായി എതിര്‍ത്ത് ജോസ് കെ മാണി രംഗത്ത് എത്തിയതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിച്ചതും പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലേക്ക് എത്തിയതും.

Related News