Web Desk

തിരുവനന്തപുരം

December 26, 2020, 11:04 pm

ഈ മാസം 31ന് നിയമസഭ സമ്മേളനം ചേരും

Janayugom Online

കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കാൻ ഡിസംബർ 31ന് നിയമസഭ സമ്മേളനം ചേരും. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ അനുമതി ആവശ്യപ്പെട്ടുള്ള കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗ ശുപാർശയിൽ അനുകൂല തീരുമാനമെടുക്കാമെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനോട് പറഞ്ഞു. ജനുവരി എട്ടിന് നടക്കുന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ഔദ്യോഗികമായി ക്ഷണിക്കാൻ രാജ്ഭവനിൽ എത്തിയതായിരുന്നു സ്പീക്കർ. പ്രത്യേക നിയമസഭ സമ്മേളനത്തിനു അനുമതി നൽകുന്ന കാര്യത്തെ പോസിറ്റീവായി കാണാമെന്ന് ഗവർണർ വാക്കാൽ അറിയിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. 25ന് മന്ത്രിമാരായ വി എസ് സുനിൽകുമാറും, എ കെ ബാലനും ഗവർണറുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ഡിസംബർ 28ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ നേരത്തെ സർക്കാർ ശുപാർശ ചെയ്തെങ്കിലും ഗവർണർ അനുമതി നിഷേധിച്ചിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയായിരുന്നു. തുടർന്നാണ് 24ന് ചേർന്ന മന്ത്രിസഭ 31ന് വീണ്ടും നിയമസഭ വിളിച്ചുചേർക്കാൻ ശുപാർശനൽകിയത്. കാർഷികരംഗവും കർഷക സമൂഹവും നേരിടുന്ന ആശങ്കകളും പ്രശ്നങ്ങളും ഇപ്പോഴും ഗൗരവതരമായി തുടരുകയാണ്. അതിനാൽ ഈ വിഷയം നിയമസഭ ചർച്ചചെയ്യേണ്ടതുണ്ടെന്നും സർക്കാർ വിശദീകരിച്ചു. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്നുണ്ട്. രാജ്യത്തെ ഇതരഭാഗങ്ങളിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നമ്മുടെ സംസ്ഥാനത്തിന് വളരെയധികം ഉത്കണ്ഠ ഉണ്ടാക്കുന്നു.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുതാല്പര്യമുള്ള വിഷയമായതിനാൽ ഇക്കാര്യം സംസ്ഥാന നിയമസഭയിൽ ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കും. കർഷക സമൂഹത്തിന്റെ പ്രതിഷേധം തുടരുന്ന നിലയ്ക്ക് ഇതൊരു അടിയന്തര പ്രശ്നമായിത്തന്നെ കണക്കാക്കുകയും ഇത് കാരണം കേരളം നേരിടാവുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തേണ്ടതും അനിവാര്യമാണെന്നും സർക്കാർ ഗവർണറെ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: The assem­bly will con­vene on the 31st of this month

You may like this video also