വത്സന്‍ രാമംകുളത്ത്

July 22, 2021, 10:06 pm

പുലിപോലെ വന്നത് പൂച്ചയെപ്പോലെ പോയി

Janayugom Online

‘മന്ത്രിപദവിയിൽ ഇരിക്കുന്ന എ കെ ശശീന്ദ്രനെ നിയമസഭാ സമ്മേളനത്തിൽ കണ്ടുപോകരുത്’ എന്ന പ്രതിപക്ഷ നേതാവിന്റെ ഭീഷണി കേട്ട കേരളം, ഇന്നലെ രാവിലെ വരെ അമ്പരപ്പിലായിരുന്നു. പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനം ഏറെക്കുറേ കലുഷിതമാകുമെന്ന ആശങ്കയും നിലനിന്നിരുന്നു. സഭാവീഥികൾ സുരക്ഷാ വലയത്തിലാക്കി പൊലീസ് രാവിലെ മുതൽ ഒരുങ്ങി. സഭയ്ക്കകത്ത് വാച്ച് ആന്റ് വാഡുകൾ വീർപ്പടക്കി നിന്നു. ഭരണപക്ഷ അംഗങ്ങൾ പ്രതിരോധത്തിനുള്ള തയ്യാറെടുത്തു. പി സി വിഷ്ണുനാഥ് അടിയന്തരപ്രമേയ പ്രസംഗം തുടങ്ങി. പ്രതിപക്ഷത്തെ മറ്റു യുവനേതാക്കൾ മസിലുവീർപ്പിക്കാൻ തുടങ്ങി. വിഷ്ണുവിന്റെ വാക്ചാതുരിയും പുട്ടിലെ പീരപോലെ നർമ്മവും പ്രതിപക്ഷാംഗങ്ങളെ തുടക്കം തന്നെ പുളകംകൊള്ളിച്ചു. ഘോഷമായ പ്രസംഗത്തിനൊടുവിൽ വിഷ്ണു കാര്യം പറഞ്ഞു, പീഡനശ്രമ പരാതിയിന്മേൽ എഫ്ഐആർ വൈകി. സ്റ്റേഷനിലിരിക്കുന്ന പരാതി തീർക്കാൻ മന്ത്രി ഇടപെട്ടത് തെറ്റ്. ഡസ്കിലടിച്ച് സഹപ്രവർത്തകരുടെ പ്രോത്സാഹനം.

വിഷ്ണുവിന് മുഖ്യമന്ത്രിയുടെ മറുപടി തുടങ്ങിയതോടെ ചിത്രം തെളിഞ്ഞു. എഫ്ഐആർ വൈകിയതുമാത്രമല്ല, തെറ്റായ റിപ്പോർട്ട് നൽകിയതും പൊലീസിന്റെ വീഴ്ചയായാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്തായാലും ഇതേക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിയോട് അന്വേഷണത്തിനാവശ്യപ്പെടും. എന്തോ പാർട്ടിക്കാര്യം എന്ന മട്ടിലാണ് മന്ത്രി ഇതിൽ ഇടപെട്ടത്. പാർട്ടി പ്രവർത്തകനായ പരാതിക്കാരിയുടെ അച്ഛനെ വിളിച്ചു. കാര്യം മനസിലാക്കിയപ്പോൾ തന്നെ വിഷയത്തിൽ നിന്ന് പിന്മാറുകയും ചെയ്തെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷെ മന്ത്രി ഇടപെടും മുമ്പേ അവർ പലതലത്തിലും എത്തിക്കഴിഞ്ഞിരുന്നു- വിവാദങ്ങളുടെ ആകെത്തുക മുഖ്യമന്ത്രി സഭയെ ധരിപ്പിച്ചു.

സഭാനാഥൻ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നതായി അറിയിച്ചതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. എല്ലാവരും നെഞ്ചുവിരിച്ചു. ഉയർത്തിപ്പിടിച്ച കൊട്ടത്തേങ്ങ ഇപ്പം എറിയുമെന്ന കണക്കെ, വി ഡി സതീശൻ ഉറഞ്ഞു തുള്ളി. എറിയ്… എറിയ് എന്ന് ഒപ്പമുള്ളവർ സ്വയം ആംഗ്യം കാട്ടി. ഇപ്പ പൊട്ടുമെന്ന ഭീതിയിൽ ഗ്യാലറികൾ ചെവിപൊത്തി. ഒടുവിൽ തേങ്ങ പിടിച്ചുവാങ്ങി എറിഞ്ഞുടയ്ക്കാൻ ഒരുങ്ങിയ പോലെയായിരുന്നു, ചെന്നിത്തല തൊട്ട് സകലരുടെയും മുഖഭാവം.

ആവേശത്തോടെ തന്നെ പ്രതിപക്ഷനേതാവ് പറഞ്ഞു, വനംമന്ത്രി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് താനും തന്റെ കക്ഷിയും വാക്കൗട്ട് നടത്തുന്നു. സഭയും ഗ്യാലറിയും നെടുവീർപ്പിട്ടു. ഭരണപക്ഷത്തും ആശ്വാസം. പ്രതിപക്ഷം പരസ്പരം നോക്കി, സതീശനു പിറകെ പുറത്തേക്ക്. പ്രതിഷേധച്ചൂട് കെട്ടടക്കി അവര്‍ തിരികെ സഭയിൽ കയറുമ്പോൾ, കോതമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ തുടരുന്ന വന്യജീവി, മൃഗശല്യം പരിഹരിക്കണമെന്ന ആന്റണി ജോണിന്റെ ആവശ്യത്തിന് വനംമന്ത്രി എ കെ ശശീന്ദ്രൻ മറുപടി നൽകിക്കൊണ്ടിരുന്നു. അവിടെ ഒരു ജീവിയുടെയും ശല്യമുണ്ടായില്ല.

ശശീന്ദ്രനെതിരെയുള്ള ആരോപണം ബിജെപി-യുവമോര്‍‍ച്ച അജണ്ടയാണൊ എന്നാണ് കോണ്‍ഗ്രസിലെ ചില അംഗങ്ങളുടെ സംശയം. അവരാരും അത് സഭാരേഖയില്‍ കൊണ്ടുവന്നില്ലെന്നുമാത്രം. ബിജെപിയുടെ ഗൂഢാലോചനകള്‍ ആയുധമാക്കി സഭയില്‍ തിളങ്ങിയ മുന്‍ പ്രതിപക്ഷ നേതാവിന്റെ ശൈലി പുതിയ നേതാവിലില്ലെന്ന് വി ഡി സതീശന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചുവെന്ന് ചിലര്‍ അടക്കം പറയുകയുണ്ടായി. പുലി പോലെ വന്ന് പൂച്ചയെ പോലെ പോയെന്ന കമന്റും. എല്ലാം തീര്‍ന്നപ്പോഴാണ് ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ സാക്ഷാല്‍ എം എം മണിയുടെ നിരീക്ഷണം; ‘മന്ത്രി ശശീന്ദ്രനെ ബന്ധപ്പെടുത്തി ആരൊക്കെയാ, എന്തൊക്കെയാ പറയുന്നത്. പറയാന്‍‍ പറ്റിയവര്‍ തന്നെ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായ സ്ത്രീവിവാദത്തില്‍ നാണം കെട്ട് നാടുവിട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് ചുമതലയുമായി പോയ വിഷ്ണുനാഥാണ് പ്രമേയം അവതരിപ്പിച്ചത്. പിന്തുണച്ചതോ പി കെ കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും. ഗംഭീരം തന്നെ സുഹൃത്തുക്കളെ… ഗംഭീരം. സ്ത്രീ സുരക്ഷയെക്കുറിച്ച് ഇവര്‍ തന്നെ പറയണം’. പ്രതിപക്ഷനിരയെ മണിയാശാന്‍ അരിഞ്ഞുവീഴ്‌ത്തി.

സഭയില്‍ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് ഉന്നയിച്ച, ധനാഭ്യര്‍ത്ഥനയും ചര്‍ച്ചയും വോട്ടെടുപ്പും ഒരുദിവസം ആയതിലെ ക്രമപ്രശ്നം നിലനിൽക്കുന്നതല്ലെന്ന് ചെയർ റൂൾ ചെയ്തതോടെ അടുത്തവെടിയും തീര്‍ന്നു. ടി പി രാമകൃഷ്‌ണനാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മാത്യു കുഴല്‍നാടനും ഇ ചന്ദ്രശേഖരനും പി കെ ബഷീറും ഡോ.എന്‍ ജയരാജും മോന്‍സ് ജോസസഫും ഐ ബി സതീഷും രാമചന്ദ്രന്‍ കടന്നപ്പള്ളിയും എം വിന്‍സെന്റും പിറകെ പ്രസംഗിച്ചു. ‘വൈരുദ്ധ്യാത്മക ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു ലീഗിലെ പി കെ ബഷീറിന്റെ പ്രഭാഷണം. ബാര്‍ബര്‍ ഷോപ്പ് തുറക്കാം, പക്ഷെ മുടിവെട്ടാനാവില്ല. വര്‍ക്ക് ഷോപ്പ് തുറക്കുന്ന ദിവസം സ്പെയര്‍ പാര്‍ട്സ് കട തുറന്നുകൂട. ഫര്‍ണീച്ചര്‍ വില്പനശാലകള്‍ തുറന്നോളൂ, ആ ദിവസം അവ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാനാവില്ല. ഈ വൈരുദ്ധ്യാത്മകതയാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. അത് സര്‍ക്കാര്‍ നടപ്പാക്കുന്നു-ബഷീറിന്റെ ഈ വാക്കുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയത് ഉപസംഹാരം നടത്തിയ കെ കെ ശൈലജയാണ്. ഒരു ഭാഗത്ത് കടകള്‍ തുറക്കണമെന്ന് പറയുന്നവര്‍ക്കൊപ്പം നിന്ന് സര്‍ക്കാരിനെതിരെ പ്രതികരിക്കും. മറുഭാഗത്ത് എല്ലാം തുറന്നുകൊടുത്തിട്ട് രോഗം പെരുകിയെന്ന് പറഞ്ഞും സര്‍ക്കാരിനെതിരെ തിരിയും-ഈ വൈരുദ്ധ്യാത്മകത അവസാനിപ്പിക്കണമെന്ന് ശൈലജ ബഷീറിനെ ഉപദേശിച്ചു.

മോഡിയുടെയും പിണറായിയുടെയും സര്‍ക്കാരുകളുടെ രണ്ടാം വിജയത്തെ താരതമ്യപ്പെടുത്തി പ്രസംഗിച്ച എം വിന്‍സെന്റിനും കിട്ടി ഭേദപ്പെട്ട തിരിച്ചടി. മോഡിയും ബിജെപിയും ജയിച്ചത് ആദ്യ അഞ്ച് വര്‍ഷത്തെ അവരുടെ ഭരണമികവുകൊണ്ടാണെന്ന് എല്‍ഡിഎഫ് വിലയിരുത്തുമോ എന്നായിരുന്നു വിന്‍സെന്റിന്റെ ചോദ്യം. മറുപടി വന്നത് എം എം മണിയില്‍ നിന്നായിരുന്നു. മോഡി ജയിക്കുന്നതും ബിജെപി വളരുന്നതും കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം പണം വാങ്ങി അവരുടെ കൂടെക്കൂടുന്നതുകൊണ്ടാണെന്ന് മണി തുറന്നടിച്ചു. ഏഴ് സംസ്ഥാന സര്‍ക്കാരുകളെയാണ് കോണ്‍ഗ്രസുകാര്‍ അട്ടിമറിച്ച് ബിജെപിക്ക് നല്‍കിയത്. അതിപ്പോഴും തുടരുകയാണെന്നും എം എം മണി പറഞ്ഞതിനെ നേരിടാന്‍ പ്രതിപക്ഷത്ത് വാക്കുകളുണ്ടായില്ല. കോണ്‍ഗ്രസ് നേതാക്കളുടെ ആര്‍എസ്എസ് പ്രണയം പറയുന്ന കൂട്ടത്തില്‍ ‘അര ബിജെപി ആണ് കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍’ എന്ന സി എസ് കുഞ്ഞമ്പുവിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം പോയിന്റ് ഓഫ് ഓഡര്‍ ഉന്നയിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയും കെ ടി ജലീലും തമ്മില്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദവും സംബന്ധിച്ച സംവാദവും നടന്നു.