മൂല്യനിര്‍ണ്ണയ ക്യാമ്പ്

Web Desk
Posted on December 23, 2018, 12:47 pm

റീന പി ജി

‘വേതനത്തിനപ്പുറം
അദ്ധ്യാപകനെന്ന പേര്
അന്വര്‍ത്ഥമാക്കണം ’

തിളയ്ക്കുന്ന ആത്മാര്‍ത്ഥത
ഉത്തരപേപ്പറില്‍ കണ്ണോടിക്കവേ
തിരയൊടുങ്ങാത്ത ശംഖുപോല്‍
ചതുരക്കളങ്ങള്‍
ആര്‍ത്തിയോടെ വിഴുങ്ങുന്ന
അക്കങ്ങള്‍ക്ക് കാതോര്‍ത്ത്
ഒരു ജാരനായ്
അവകാശങ്ങള്‍ വിളിച്ചോതുന്ന
ലഘുലേഖകള്‍ വായുവില്‍
ഉടലില്ലാതെ കൊഞ്ഞനംകുത്തും.

ഉള്ളുരുക്കങ്ങള്‍ വേലികെട്ടിയ
ചില ഉത്തരപേപ്പറുകള്‍
ചുവപ്പടയാളത്തിന്റെ
റെയില്‍വേക്രോസില്‍
കാത്തുകെട്ടിക്കിടക്കും.

ഒരു സംഖ്യകൊണ്ട് മാത്രം നല്‍കുന്ന
സൂചനക്ക് ഇരിപ്പിടം നല്‍കാന്‍
സ്‌കോറുകള്‍ തമോഗര്‍ത്തങ്ങളായ്
മാറിയെന്നിരിക്കും.

ക്രമമായ റോള്‍നമ്പറുകള്‍
ആവര്‍ത്തനത്തിന്റെ ഉപ്പുമാങ്ങഭരണിയാവും
പകര്‍പ്പെഴുത്തിന്റ
നാലുമണിപ്പൂക്കള്‍ക്കെല്ലാം
വിരസമായ ഊതനിറം.

ഇളംകാറ്റുമായ് ജാലകം
എത്തുന്നതും നോക്കി
കടന്നലുകള്‍ കൂടുകൂട്ടിയ തലച്ചോര്‍
വിരലറ്റത്ത് വരും.
തുറിച്ച കണ്ണുകള്‍
മേശപ്പുറത്ത് ഇരിപ്പുറപ്പിക്കും.
ശ്രവണേന്ദ്രിയങ്ങള്‍
ജനാലക്കൊളുത്ത് തട്ടിത്തെറിപ്പിക്കും..
ഓരോ ഉത്തരത്തിന്റെയും
ഫുള്‍ സ്‌കോറുകള്‍
പരിഹാസച്ചിരിയോടെ
ചതുരക്കളങ്ങള്‍ക്ക് കാതോര്‍ക്കും.

ലോഹം ഉരുകിയൊലിച്ച രാത്രിയില്‍
ഉദിച്ച നക്ഷത്രമായ്
ഭാവിയുടെ തുലാസ്
സംതുലനം ചെയ്യാന്‍
മൂല്യനിര്‍ണ്ണയം
അദ്ധ്യാപകനെ നിലംപരിശാക്കി
നടന്നുകഴിഞ്ഞിരിക്കും.