100ദിവസത്തിനുള്ളില്‍ 500 ഭവനങ്ങള്‍ കൈമാറാന്‍ അസറ്റ് ഹോംസ്

Web Desk
Posted on December 23, 2019, 5:27 pm

കൊച്ചി: പലരും വിപണിയിലെ വെല്ലുവിളികളെപ്പറ്റി സംസാരിക്കുന്ന ഇക്കാലത്ത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പോസിറ്റീവ് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന വമ്പന്‍ ലക്ഷ്യവുമായി അസറ്റ് ഹോംസ്. ഇതനുസരിച്ച് 2019 ഡിസംബര്‍ 23 മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള 100 ദിവസത്തിനുള്ളില്‍ 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് കൈമാറുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. കൊച്ചിയില്‍ പ്രഖ്യാപിച്ചു. നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ഏഴു ഭവന പദ്ധതികളലും ഒരു വാണിജ്യ പദ്ധതിയിലുമായി ഇങ്ങനെ 500‑ലേറെ അപ്പാര്‍ട്ടുമെന്റുകളും വില്ലകളും ഷോറൂമുകളും ഓഫീസുകളും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് മിഷന്‍ 100 ഡേയ്‌സ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അസറ്റ് ഹോംസ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്ത് നിര്‍മാണത്തിലിരിക്കുന്ന അസറ്റ് ഓര്‍ക്കെസ്ട്ര, അസറ്റ് ലെഗസി, അസറ്റ് ഹില്‍ക്രെസ്റ്റ് വോള്‍ഗ, കൊല്ലത്തെ അസറ്റ് ഗ്രാന്‍ഡിയോസ് സ്റ്റെര്‍ലിംഗ്, കോട്ടയത്തെ അസറ്റ് ക്രിസെബെല്ലെ, കൊച്ചിയിലെ അസറ്റ് ലുമിനെയര്‍, തൃശൂരിലെ അസറ്റ് ഗീതാഞ്ജലി എന്നീ ഭവനപദ്ധതികള്‍, കൊച്ചി ലുലു മാളിന് സമീപമുള്ള അസറ്റ് കോറിഡോര്‍ എന്ന കമേഴ്‌സ്യല്‍ ബില്‍ഡിംഗ് എന്നീ പദ്ധതികളിലായാണ് 100 ദിവസത്തിനുള്ളില്‍ ഇങ്ങനെ 10 ലക്ഷം ച അടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. വിപണി വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ ഇതിനു മുമ്പും അസറ്റ് ഹോംസ് ഇത്തരം പൂര്‍ത്തീകരണയജ്ഞങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു. പാര്‍പ്പിട വിപണിക്കൊപ്പം നിര്‍മാണ സാമഗ്രികളുടെ വിപണിയിലും തൊഴില്‍ മേഖലയിലും ഇത്തരം നിര്‍മാണയജ്ഞങ്ങള്‍ വലിയ ഊര്‍ജം പകരുമെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാണിച്ചു.

you may also like this video