Janayugom Online
Supreme Court is pictured through a gate in New Delhi, India May 26, 2016. REUTERS/Anindito Mukherjee

സുപ്രിം കോടതിയിലെ പകുതിയോളം  ജഡ്ജിമാരും സ്വത്ത് വെളിപ്പെടുത്തിയില്ല

Web Desk
Posted on October 09, 2017, 7:06 pm
ന്യൂഡല്‍ഹി: പത്ത് വര്‍ഷം മുമ്പ് തീരുമാനമെടുത്തിട്ടും സുപ്രിംകോടതിയിലെ പകുതിയോളം ജഡ്ജിമാരും സ്വത്ത് വിവരം വെളിപ്പെടുത്തിയില്ല. നിയമപ്രകാരം അനുശാസിക്കപ്പെട്ടതല്ലെങ്കിലും പത്തുവര്‍ഷം മുമ്പാണ് സുപ്രിം കോടതി ജഡ്ജിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തുമെന്ന തീരുമാനമെടുത്തത്. എന്നാല്‍ 25 ല്‍ 13 പേര്‍ മാത്രമാണ് ഇതുവരെയായി സ്വത്തു വിവരം വെളിപ്പെടുത്തിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോകുര്‍, എ കെ സിക്രി, എസ് എ ബോബ്‌ദെ, ആര്‍ കെ അഗര്‍വാള്‍, എന്‍ വി രമണ, അരുണ്‍ മിശ്ര, എ കെ ഗോയല്‍, ബി ഭാനുമതി, എ എന്‍ ഖാന്‍വില്‍ക്കര്‍ എന്നിവരാണ് സ്വത്ത് വിവിരം വെളിപ്പെടുത്തിയിട്ടുള്ളത്.
അഭിഭാഷകരില്‍ നിന്ന് നേരിട്ട് ജഡ്ജിമാരായി ഉയര്‍ത്തപ്പെട്ട ആര്‍എഫ് നരിമാന്‍, ഉദയ് ഉമേഷ് ലളിത്, എല്‍ നാഗേശ്വര്‍ റാവു എന്നിവര്‍ വിവരം വെളിപ്പെടുത്താത്തവരുടെ പട്ടികയിലുണ്ട്. ഇവരാകട്ടെ അഭിഭാഷക വൃത്തിയില്‍ പ്രമുഖരും പ്രസിദ്ധരുമായിരുന്നു.
സുതാര്യതയുടെ ഭാഗമായി കൊളീജിയം തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന തീരുമാനം സുപ്രിം കോടതി കൈക്കൊണ്ടത് കഴിഞ്ഞ ദിവസമായിരുന്നു. എന്നിട്ടും പത്തുവര്‍ഷം മുമ്പ് സ്വമേധയാ കൈക്കൊണ്ട തീരുമാനം നടപ്പിലാക്കപ്പെട്ടില്ലെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജഡ്ജിമാരുമായി ബന്ധപ്പെട്ട ചില ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പത്തുവര്‍ഷം മുമ്പ് സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന തീരുമാനം സുപ്രിംകോടതി കൈക്കൊണ്ടത്. അത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നുമാത്രമല്ല, നിയമപരമായി നിര്‍ബന്ധമാക്കാന്‍ പോലും സാധിച്ചിട്ടില്ല. മറ്റെല്ലാ മേഖലകളിലും ഇത്തരം കാര്യങ്ങള്‍ നിയമപരമായ ബാധ്യതയായി മാറ്റപ്പെടുമ്പോഴാണ് പരമോന്നത കോടതിയുടെ തീരുമാനം അവിടെപ്പോലും നടപ്പിലാക്കപ്പെടാത്തത്.