ആർ. ഗോപകുമാർ

കൊച്ചി

February 12, 2020, 4:14 pm

തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർണമായി തടഞ്ഞുകൊണ്ട് രക്തധമനിയിലെ ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാർ

Janayugom Online

56 കാരിയുടെ തലച്ചോറിലേക്ക് ഓക്സിജൻ സമ്പുഷ്ടമായ രക്തമെത്തിക്കുന്ന രക്തധമനിയായ കാരോട്ടിഡ് ആർട്ടറിയിലെ ബ്ലോക്കുകൾ ആസ്റ്റർ മെഡ്സിറ്റിയിൽ നൂതന പ്രക്രിയയിലൂടെ നീക്കം ചെയ്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം നാല് മിനിറ്റോളം പൂർണമായി നിർത്തിവെച്ചാണ് ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റർവെൻഷണലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. ബോബി വർക്കി മാരാമറ്റം, കൺസൾട്ടന്റ് കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി ഡോ. ജോർജ് വർഗീസ് കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ബ്ലോക്കുകൾ നീക്കം ചെയ്തത്.

സ്ട്രോക്ക് മൂലം വലതുവശം തളർന്ന അവസ്ഥയിലാണ് എടവനക്കാട് സ്വദേശിയായ ചന്ദ്രിക വി. പിയെ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചത്. തലച്ചോറിലേക്കുള്ള രക്തധമനിയിൽ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടായ ബ്ലോക്കിനെ തുടർന്നാണ് രോഗിക്ക് സ്ട്രോക്ക് ഉണ്ടായത്. ബ്ലോക്ക് നീക്കം ചെയ്യാൻ ഹൈബ്രിഡ് കാരോറ്റിഡ് റീവാസ്കുലറൈസേഷൻ വിത്ത് ട്രാൻഷ്യന്റ് ഫ്ളോ റിവേഴ്സൽ എന്ന നൂതന പ്രക്രിയയാണ് ബ്ലോക്ക് നീക്കം ചെയ്യാനായി ഡോക്ടർമാർ ഉപയോഗിച്ചത്. കഴുത്തിൽ ചെറിയ മുറിവുണ്ടാക്കി അതിലൂടെ സ്റ്റെന്റ് നേരിട്ട് രക്തധമനിയിലേക്ക് കയറ്റിയാണ് ബ്ലോക്കുകൾ നീക്കം ചെയ്തത്. രക്തധമനി മുറിച്ച് ക്ലാമ്പ് ഉപയോഗിച്ച് അതിലൂടെ രക്തയോട്ടം നിർത്തിവെച്ചാണ് ഇത് ചെയ്തത്. നാല് മിനിറ്റ് നീണ്ട പ്രക്രിയയ്ക്കിടയ്ക്ക് രക്തം പുറത്തേക്ക് ഒഴുകാൻ അനുവദിക്കുകയായിരുന്നു. സ്റ്റെന്റ് സുരക്ഷിതമായി കടത്തിവിടാനും പ്രക്രിയയ്ക്കിടയിൽ രോഗിക്ക് സ്ട്രോക്ക് അടക്കമുള്ള എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാതിരിക്കാനുമാണ് രക്തയോട്ടം നിർത്തിവെച്ചത്.

കാലിലെ ഫെമോറൽ ആർട്ടറിയിലൂടെ സ്റ്റെന്റ് കയറ്റിയോ അല്ലെങ്കിൽ കാരോറ്റിഡ് ആർട്ടറി തുറന്നോ ആണ് സാധാരണയായി കാരോറ്റിഡ് ആർട്ടറിയിലെ തടസം നീക്കം ചെയ്യുന്നതെന്ന് ഡോ. ബോബി വർക്കി മാരാമറ്റം പറഞ്ഞു. ഈ രണ്ട് പ്രക്രിയകളും അൽപം സങ്കീർണതകൾ നിറഞ്ഞതാണ്. കാലിലെ ഫെമോറൽ ആർട്ടറിയിലൂടെ സ്റ്റെന്റ് കയറ്റി ബ്ലോക്ക് നീക്കം ചെയ്യുമ്പോൾ അത് എവിടെയെങ്കിലും കുമിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുത്തുകയും സ്ട്രോക്കിന് കാരണമാകുകയും ചെയ്യാം. കഴുത്ത് തുറന്നുള്ള ശസ്ത്രക്രിയയിൽ അതിലൂടെയുള്ള ഞരമ്പുകൾ മുറിയാനും രോഗിയുടെ ശബ്ദനാളത്തിന് കേട് സംഭവിക്കാനും ഇടയുണ്ട്. പുതിയ ഹൈബ്രിഡ് പ്രക്രിയ രക്തസ്രാവം തടയുകയും നാക്കിലേക്കുള്ള ഞരമ്പുകളെ ബാധിക്കുകയുമില്ല. ഇതിന് പുറമേ ബ്ലോക്ക് പൂർണമായും നീക്കാനും സഹായകമാണെന്നും ഡോ. ബോബി വ്യക്തമാക്കി.

ഈ രോഗിയിൽ കാരോറ്റിഡ് ആർട്ടറി രണ്ടായി വേർതിരിയുന്ന ഭാഗം തലയോട്ടിക്ക് അടുത്തായിരുന്നത് കാരണം സ്റ്റെന്റിങ് അല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്ന് പ്രക്രിയയിൽ പങ്കെടുത്ത ഡോ. ജോർജ് വർഗീസ് കുര്യൻ പറഞ്ഞു. രോഗിയുടെ കാലിലൂടെ സ്റ്റെന്റ് കടത്തിവിടുന്നതും സങ്കീർണമായിരുന്നു. രോഗിക്ക് പൂർണമായി സുഖം പ്രാപിക്കാൻ വളരെ കുറച്ച് ദിവസം മതിയെന്നതും ഈ പ്രക്രിയയുടെ സവിശേഷതയാണെന്നും ഡോ. ജോർജ് വർഗീസ് കുര്യൻ കൂട്ടിച്ചേർത്തു.

പ്രക്രിയയ്ക്ക് ശേഷം ഒരു ദിവസം കൊണ്ട് തന്നെ സുഖം പ്രാപിച്ച രോഗിയെ മൂന്നാം നാൾ ഡിസ്ചാർജ് ചെയ്തു. ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റെജി പോൾ, അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ. ജിതേന്ദ്ര, ഡോ. നിധിൻ എൽദോ എന്നിവരാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാർ.

aster-med­c­i­ty docers remove carotid arter­ies block

YOU MAY ALSO LIKE THIS VIDEO