Saturday
14 Dec 2019

ജ്യോതിഷം വിശ്വാസയോഗ്യമല്ല

By: Web Desk | Wednesday 24 July 2019 11:04 PM IST


kureeppuzha

ലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെവിടെയോ വച്ചാണ് സുഹൃത്തുക്കളോടൊപ്പം ശരവണഭവന്‍ ഹോട്ടലില്‍ കയറിയത്. സുഹൃത്തുക്കളാണ് തൂത്തുക്കുടിയില്‍ നിന്നും ആരംഭിച്ച ഒരു ദോശക്കച്ചവടക്കാരന്റെ കഥ പറഞ്ഞുതന്നത്. തൂത്തുക്കുടിയിലെ ഉള്ളിക്കച്ചവടക്കാരനായ ഒരു പാവം മനുഷ്യന്റെ മകന്‍ രുചികരമായ ദോശകളുണ്ടാക്കി ലോക പ്രസിദ്ധനായ കഥ കൗതുകത്തോടെയാണ് കേട്ടിരുന്നത്. ഹോട്ടല്‍ തൊഴിലാളിയായിരുന്ന പി രാജഗോപാല്‍ എന്ന അത്യധ്വാനിയായ ഈ മനുഷ്യന്‍ ചെന്നൈയിലാരംഭിച്ച ഹോട്ടലിന്റെ ഒരു ഗള്‍ഫ് ശാഖയിലാണ് ഞങ്ങളിരുന്നത്.
ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, ക്യാനഡ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബല്‍ജിയം, ജര്‍മ്മനി, സിംഗപ്പൂര്‍, അമേരിക്ക, കെനിയ, സൗത്ത് ആഫ്രിക്ക, തായ്‌ലന്റ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങള്‍ കൂടാതെ ശരവണഭവന്‍ ദോശ ലഭ്യമാണ്. സസ്യാഹാരികളുടെ പറുദീസയാണ് ശരവണ ഭവന്‍.
ഈ ഹോട്ടല്‍ മുതലാളിയെ സമ്പന്നനാക്കിയത് കവടി നിരത്തുകളുടെ നിര്‍ദേശങ്ങള്‍കൊണ്ടാണ് എന്ന് അദ്ദേഹവും മറ്റ് ധാരാളം ആളുകളും വിശ്വസിക്കുന്നുണ്ട്. ഓരോ ഹോട്ടല്‍ ആരംഭിക്കുമ്പോഴും ജ്യോത്സ്യനെ കണ്ട് പണം കൊടുത്ത് അതിന്റെ ഭാവി മനസിലാക്കുമായിരുന്നു.
ജ്യോത്സ്യവിധി പ്രകാരമാണ് കല്യാണം പോലും കഴിച്ചത്. ഒന്നല്ല, രണ്ട് കല്യാണം. നെയ്‌റോസ്റ്റിനും ഉഴുന്നു വടയ്ക്കും മസാല ദോശയ്ക്കുമൊക്കെ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കല്യാണത്തിന്റെ പുണ്യം കൊണ്ടാണെന്ന് വിശ്വസിച്ചു.
മൂന്നാമതൊരു കല്യാണം കൂടി കഴിച്ചാല്‍ ദോശ വ്യവസായം പൊടിപൊടിക്കുമെന്നും അതിനായി പത്തു പൊരുത്തമുള്ള വധുവിനെ കണ്ടുപിടിക്കണമെന്നും തീരുമാനിക്കപ്പെട്ടു. മനുഷ്യന്റെ പാദസ്പര്‍ശമേറ്റിട്ടില്ലാത്ത ശനി, ചൊവ്വ തുടങ്ങിയ വിദൂര ഗ്രഹങ്ങളേയും രാഹു, കേതു തുടങ്ങിയ ഉട്ടോപ്യന്‍ ഗ്രഹങ്ങളെയും സാക്ഷിനിര്‍ത്തി ജ്യോത്സ്യന്‍ പറഞ്ഞാല്‍ പിന്നെ പിന്മാറേണ്ട കാര്യമില്ലല്ലോ. ഗുരുവിന്റെ ഭാര്യയെ വരെ തട്ടിയെടുക്കുന്ന ചന്ദ്രനും മറ്റുമാണല്ലോ ജ്യോതിഷത്തിലെ സൂപ്പര്‍സ്റ്റാറുകള്‍.
സ്വന്തം ഹോട്ടലിലെ ഒരു ജീവനക്കാരന്റെ മകളെയാണ് മൂന്നാം വധുവായി കണ്ടെത്തിയത്. പക്ഷെ, വധുവിന്റെ അച്ഛന് മകളെ സ്വന്തം മുതലാളിയായ മൂന്നാം തിരുമണക്കമ്പക്കാരന് കൊടുക്കുവാന്‍ താല്‍പ്പര്യമില്ലായിരുന്നു. അയാള്‍ മറ്റൊരു വരനെ കണ്ടുപിടിച്ച് വിവാഹം നടത്തി.
നവവരനെ കൊന്ന് കൊടൈക്കനാലിലെ കൊക്കയില്‍ ഉപേക്ഷിച്ച കുറ്റത്തിന് കോടതി ഇപ്പോള്‍ ശരവണഭവന്‍ ഉടമയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയായിരുന്നു.
ഈ സംഭവം ഒരു പാഠമാണ്. ജ്യോതിഷത്തില്‍ വിശ്വസിച്ചതുകൊണ്ടല്ല, കഠിനാധ്വാനം കൊണ്ടും കച്ചവടം നടത്തുവാനുള്ള സാമര്‍ഥ്യം കൊണ്ടുമാണ് ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ലോകമെമ്പാടും വ്യാപിച്ചത് എന്നാണ് ഒരു പാഠം. പൊരുത്തം തപ്പികളായ കവടി നിരത്തുകാരുടെ നിര്‍ദേശപ്രകാരം കല്യാണം രണ്ട് കഴിച്ചതും നെയ്‌റോസ്റ്റു കച്ചവടവുമായി ഒരു ബന്ധവുമില്ല. ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം ബഹുവിവാഹങ്ങളും കൊലപാതകങ്ങളും ശരിയെന്ന് കരുതിയെങ്കില്‍ അത് കൊടും പാതകമാണെന്നത് മറ്റൊരു പാഠം. കൊല നടത്തിച്ചത് ബഹിരാകാശത്തെ ഏതെങ്കിലും ഗ്രഹമാണെങ്കില്‍ ആ ഗ്രഹവും കുറ്റവാളിയാണല്ലോ. ഇതിനൊക്കെ പ്രേരണ നല്‍കിയ ജ്യോത്സ്യനാണ് പ്രധാന കുറ്റവാളി.
ജ്യോതിഷം വിശ്വാസയോഗ്യം അല്ല, അത് ഒരു അബദ്ധപ്രമാണമാണ്. ശാസ്ത്രീയമായ ഒരു അടിത്തറയും ഈ കവടി കളിക്ക് ഇല്ല. ഭാരത സമൂഹം തന്നെ പലയിടത്തും ഇത് പഠിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നു എന്നത് ഖേദകരമായ ഒന്നാണ്. അന്ധവിശ്വാസങ്ങള്‍ വച്ചുവിളമ്പുക എന്ന പാരമ്പര്യപ്പണിക്കു പകരം ശാസ്ത്രാവബോധം വളര്‍ത്തുക എന്നതാണ് ഭരണഘടന നമ്മളോട് പറയുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ഒഴുകിനടന്നവയില്‍ ഒന്ന് ജ്യോതിഷാലയത്തിന്റെ ബോര്‍ഡായിരുന്നല്ലോ.