പ്രപഞ്ച വിസ്മയങ്ങളിലേക്ക് മിഴിതുറന്ന് അസ്ട്രോസാറ്റ്

Web Desk

ബംഗളൂരു

Posted on August 25, 2020, 10:30 pm

ബഹിരാകാശ ഗവേഷണത്തിൽ മികവുറ്റ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ പ്രഥമ മള്‍ട്ടി-വേവ്‌ലെംഗ്ത് ഉപഗ്രഹമായ അസ്‌ട്രോസാറ്റ്. ഭൂമിയില്‍ നിന്ന് 930 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്യാലക്‌സിയില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് പ്രകാശമാണ് അസ്‌ട്രോസാറ്റ് കണ്ടെത്തിയത്.

എയുഡിഎഫ്എസ് 01 എന്ന ഗ്യാലക്‌സിയില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണമാണ് അസ്ട്രോസാറ്റ് പിടിച്ചെടുത്തത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫോര്‍ അസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ് (ഐയുസിഎഎ) ആണ് ഇക്കാര്യം അറിയിച്ചത്. രണ്ടുവർഷത്തെ ഗവേഷണത്തിനൊടുവിൽ നേച്ചർ അസ്ട്രോണമി എന്ന ജേണലിലാണ് പുതിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹബിൾ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയ ഫോർനാക്സ് നക്ഷത്രസമൂഹത്തില്‍ നിന്നുള്ള കിരണമാണ് അസ്ട്രോസാറ്റ് കണ്ടെത്തിയത്. പതിനായിരക്കണക്കിന് താരാപഥങ്ങൾ ചേർന്നതാണ് ഫോർനാക്സ്. ഇതിലെ ഒരു ചെറിയ പ്രദേശമാണ് ഹബിൾ അൾട്രാ ഡീപ് ഫീൽഡ് (എച്ച്‌യുഡിഎഫ്). ഇതിൽതന്നെ എക്സ്ട്രീം ഡീപ് ഫീൽഡ് (എക്സ്ഡിഎഫ്) എന്ന് വേർതിരിച്ചിരിക്കുന്ന മേഖലയിൽ ഉൾപ്പെടുന്ന ഗ്യാലക്സിയാണ് എയുഡിഎഫ്എസ് 01. ആയിരം കോടിയിലധികം വർഷങ്ങൾ പഴക്കമുള്ള 5,500 ഗ്യാലക്സികൾ എക്സ്ഡിഎഫിൽ അടങ്ങിയിട്ടുണ്ട്.

ഒരേ സമയം പ്രവര്‍ത്തിക്കുന്ന അഞ്ച് എക്‌സ്‌റേ, അള്‍ട്രാവയലറ്റ് ടെലസ്‌കോപ്പുകളാണ് അസ്‌ട്രോസാറ്റിലുള്ളത്. ഇന്ത്യക്ക് പുറമെ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, അമേരിക്ക, ജപ്പാന്‍, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ സംഘത്തിന്റെ ഭാഗമാണ്. ഉയർന്ന തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ് രശ്മികൾ പുറപ്പെടുവിക്കുന്ന നക്ഷത്രങ്ങൾ ഉൾപ്പെടുന്ന താരാപഥങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഏറെ വെളിച്ചം നൽകുന്നതാണ് പുതിയ കണ്ടെത്തലെന്ന് ഗവേഷണസംഘം മേധാവിയും ഐയുസിഎഎയിലെ അസ്‌ട്രോണമി പ്രൊഫസറുമായ ഡോ. കനക് സാഹ പറഞ്ഞു.

Eng­lish sum­ma­ry: astrosat found ultra vio­let rays from galaxy

You may also like this video: