Web Desk

ന്യൂഡല്‍ഹി

July 28, 2021, 9:47 pm

കഴിഞ്ഞവര്‍ഷം രാജ്യത്തെ ടൂറിസം മേഖലയിൽ തൊഴില്‍രഹിതരായത് 2.15 കോടി പേര്‍

Janayugom Online

കോവിഡ് 19 രോഗവ്യാപനവും അതിന്റെ ഭാഗമായുണ്ടായ ലോക്ഡൗണുകളും രാജ്യത്ത് ടൂറിസം മേഖലയെ തകര്‍ത്തെറിഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച്, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന 2.15 കോടി പേര്‍ തൊഴില്‍രഹിതരായെന്നാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിനുവേണ്ടി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച്(എന്‍സിഎഇആര്‍) നടത്തിയ പഠനത്തില്‍ വ്യക്തമായത്.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനുശേഷം 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ 1.45 കോടിയും ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 52 ലക്ഷവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ 18 ലക്ഷം പേര്‍ക്കുമാണ് ടൂറിസം മേഖലയിൽ തൊഴിലില്ലാതായി മാറിയത്. 2019–20 സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് വ്യാപനത്തിന് മുമ്പുള്ള സാഹചര്യത്തില്‍ രാജ്യത്ത് 3.48 കോടി പേരാണ് ടൂറിസം മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് ജോലിയെടുത്തിരുന്നതെന്നും ടൂറിസം മന്ത്രി ജി കൃഷ്ണന്‍ റെഡ്ഡി വ്യക്തമാക്കി.

എല്ലാ മേഖലയിലുമുണ്ടായ തകര്‍ച്ചയുടെ ഭാഗമായി ടൂറിസം ഇക്കണോമിയിലും വലിയ ഇടിവാണ് സംഭവിച്ചതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 42.8 ശതമാനവും ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 15.5 ശതമാനവും തുടര്‍ന്ന് ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ 1.1 ശതമാനവുമാണ് ടൂറിസം മേഖലയില്‍ വളര്‍ച്ചാനിരക്ക് കുറഞ്ഞതെന്നും പഠനത്തെ ഉദ്ധരിച്ച് രാജ്യസഭയില്‍ എളമരം കരീം എംപിയുടെ ചോദ്യത്തിന് ടൂറിസം മന്ത്രി മറുപടി നല്‍കി.

വിമാനയാത്രയ്ക്കുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കാരണം, രാജ്യത്ത് വിദേശത്തുനിന്നുള്ള ടൂറിസ്റ്റുകളുടെ വരവില്‍ വലിയ കുറവുണ്ടായത് ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചു. 2019ല്‍ 1.09 കോടി വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യയിലെത്തിയ സ്ഥാനത്ത് 2020ല്‍ 27 ലക്ഷം പേരും 2021ല്‍ ജൂണ്‍ മാസം വരെ നാല് ലക്ഷത്തിലധികം പേരും മാത്രമാണ് എത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry: At least 2.15 lost their jobs in tourism sector

You may like this video also