ബേബി ആലുവ

കൊച്ചി

July 31, 2020, 9:57 pm

അര ലക്ഷം കോടിയുടെ ‘ഉടമ’കളെങ്കിലും അതിഥി തൊഴിലാളികൾക്ക് നരകജീവിതം

Janayugom Online

അതിഥിത്തൊഴിലാളികളിൽ നിന്ന് സംസ്ഥാന സർക്കാരുകൾ അര ലക്ഷം കോടിയിലേറെ രൂപ സെസ് ഇനത്തിൽ പിരിച്ചെടുത്തിട്ടും അവർക്കായി ഒന്നും ചെലവാക്കുന്നില്ലെന്ന് ആക്ഷേപം. കേരളം മാത്രമാണ് ഇതിൽ നിന്നു വ്യത്യസ്തമായി ഉദാരസമീപനം സ്വീകരിച്ച സംസ്ഥാനം. ബിൽഡിംഗ് ആന്റ് കൺസ്ട്രക്ഷൻ സെസായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും അതിഥിത്തൊഴിലാളികളിൽ നിന്നും പണം പിരിക്കുന്നുണ്ട്.

സംസ്ഥാനങ്ങളുടെ ക്ഷേമ ബോർഡുകളിലേക്കാണ് ഈ തുക പോകുന്നത്. ഈ ഇനത്തിൽ സർക്കാരുകളുടെ കൈവശം ഇപ്പോഴുള്ളത് 52,000 കോടി രൂപയാണ്. കോവിഡിന്റെ രൂക്ഷത മൂലം തൊഴിൽ നഷ്ടപ്പെട്ടും മറ്റും ജീവിതം ദുരിതത്തിലായ സാഹചര്യത്തിലും കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ അവരുടെ മുറവിളിക്കു കാത് കൊടുത്തില്ല. സംസ്ഥാനങ്ങളുടെ കയ്യിൽ തങ്ങളിൽ നിന്നു പിരിച്ചെടുത്ത കോടികൾ അവശേഷിക്കുന്നുണ്ടെന്ന കാര്യത്തിൽ ഈ വിഭാഗം അജ്ഞരുമാണ്. രാജ്യത്താകെ നാലു കോടിയോളം അതിഥിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതുവരെ സെസ് പിരിച്ചതിനെക്കാൾ കൂടിയ തുക കേരളം അതിഥിത്തൊഴിലാളികൾക്കായി ചെലവഴിച്ചതായാണ് കണക്കുകൾ. കഴിഞ്ഞവർഷം വരെ കേരളം ഈ ഇനത്തിൽ പിരിച്ചത് 1,943 കോടി രൂപയാണ്. അവർക്കായി ചെലവഴിച്ചത് 2,341 കോടി രൂപയും. 399 കോടി അധികം. ലോക് ഡൗൺ സമയത്ത് രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കായി പ്രതിമാസം 1000 രൂപ വീതം സംസ്ഥാനം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അതിഥിത്തൊഴിലാളികളോട് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളുടെ ക്രൂരമായ സമീപനത്തെക്കുറിച്ച് തൊഴിലാളി സംഘടനകൾ പല പ്രാവശ്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആവശ്യമായ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന പരാതിയും വ്യാപകമാണ്. കോവിഡ് കാലയളവിൽ കേരളം അതിഥിത്തൊഴിലാളികളെ പരിഗണിച്ച രീതി ദേശീയ തലത്തിൽത്തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോവിഡ് സാഹചര്യത്തിൽ നാടുകളിലേക്കു മടങ്ങാൻ അവരിൽ നല്ലൊരു വിഭാഗം വിമുഖത പ്രകടിപ്പിച്ചതും വലിയ ചർച്ചയായിരുന്നു. സ്വദേശത്തേക്കു മടങ്ങാൻ താത്പര്യമില്ലാതെ കേരളത്തിൽ തങ്ങുന്ന അസമീസുകളെക്കുറിച്ച് അസം പത്രമായ ‘ദൈനിക് അസം’ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2017-ൽതന്നെ കേരളത്തിൽ 40 ലക്ഷത്തിലധികം അതിഥിത്തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഓരോ വർഷവും രണ്ടേകാൽ ലക്ഷം പേർ പുതുതായി വന്നു ചേരുന്നുമുണ്ട്.

 

സംസ്ഥാനങ്ങൾ വിശദീകരണം നൽകണം

 

ന്യൂഡൽഹി: ലോക്ഡൗണിനെത്തുടർന്ന് കുടിയേറ്റ തൊഴിലാളി പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് മൂന്ന് ആഴ്ച സമയം നൽകി. സുപ്രീം കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലെ മുൻ നിർദ്ദേശങ്ങൾ എത്രമാത്രം നടപ്പാക്കിയെന്നതിനെക്കുറിച്ച് മറുപടി നൽകാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷനും വിവരശേഖരണവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗൺ ലംഘിച്ചതിന് തൊഴിലാളികൾക്കെതിരെ ഫയൽ ചെയ്ത കേസുകൾ പിൻവലിച്ചതായി കണക്കാക്കണമെന്നും കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തി 15 ദിവസത്തിനകം സ്വന്തം നാട്ടിലെത്തിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ജൂൺ ഒമ്പതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.

you may also like this video