മൂന്ന് മാസങ്ങള്‍ക്കുളളില്‍ പത്തനംതിട്ടയിലെ നദികള്‍ കവര്‍ന്നത് ഏഴ് കുട്ടികളുടെ ജീവനുകള്‍

Web Desk
Posted on March 22, 2018, 9:41 am

പത്തനംതിട്ട: ജില്ലയിലെ നദികളില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിക്കുന്നത് തുടര്‍ സംഭവങ്ങളാകുകയാണ്. മൂന്നുമാസത്തിനിടയ്ക്ക് 7 കുട്ടികള്‍ക്കാണ് പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഒരു വര്‍ഷത്തിനിടയ്ക്ക് 12 കുട്ടികളാണ് മുങ്ങിമരിച്ചിരിക്കുന്നത്. നീന്തല്‍ വശമില്ലാത്ത കുട്ടികള്‍ കൂട്ടുചേര്‍ന്ന് വെള്ളമില്ലാത്ത പ്രദേശങ്ങളില്‍ നീന്തുവാനിറങ്ങുന്നതും മണല്‍വാരിയുണ്ടായ കുഴികളില്‍ വീഴുകയുമാണ് പതിവ്. വേനല്‍ക്കാലവും അവധിയും എത്തുന്നതോടുകൂടി ഈ വിഷയത്തില്‍ ജാഗ്രതയുണ്ടാകാത്ത പക്ഷം കൂടുതല്‍ കുട്ടികള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുണ്ട്. തുടര്‍ച്ചയായുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടും ഈ വിഷയത്തില്‍ ഒരിടപെടല്‍ ഉണ്ടാകാത്തത് ദുഃഖകരമാണ്.
നദിയുടെ സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ശക്തമായ ബോധവല്‍ക്കരണം, ആവശ്യമായ അപായ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയും, കുടുംബശ്രീ വായനാശാലകള്‍, യൂത്ത് ക്ലബ്ബുകള്‍ എന്നിവ വഴിയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. റവന്യൂ, ദുരന്തലഘൂകരണ വിഭാഗം, പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം എന്നീ ഡിപ്പാര്‍ട്ടുമെന്റുകള്‍ ആവശ്യമായ ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട്. നദികളില്‍ കുട്ടികള്‍ മുങ്ങിമരിക്കുന്നത് ഒഴിവാക്കുന്നതിനുവേണ്ടി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ദിശയുടെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് കത്തുകള്‍ നല്‍കി.