ഒരേ വേദിയില്‍ ഒരേ സമയം പ്രകാശനം ചെയ്തത് 1413 കയ്യെഴുത്തു മാസികകള്‍

Web Desk
Posted on February 21, 2018, 8:06 pm
ലോകമാതൃഭാഷാ ദിനത്തോട് അനുബന്ധിച്ച് മലപ്പുറം എ യു പി സ്‌കൂളിലെ കുട്ടികള്‍ നിര്‍മ്മിച്ച 1413 കയ്യെഴുത്ത് മാസികകളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ പ്രകാശനം

മലപ്പുറം: 1413 കയ്യെഴുത്തു മാസികകള്‍ ഒരേ വേദിയില്‍ ഒരേ സമയം പ്രകാശനം ചെയ്ത് മലപ്പുറം എ യു പി സ്‌കൂള്‍ ലോക മാതൃഭാഷാദിനം ശ്രദ്ദേയമാക്കി. സ്‌കൂളിലെ 1 മുതല്‍ 7 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 1413 കയ്യെഴുത്തു മാസികകളാണ് ഒരേ വേദിയില്‍ ഒരേ സമയം പ്രകാശനം ചെയ്യപ്പെട്ടത്. വ്യത്യസ്ത പേരുകളിലും കവര്‍ ചിത്രങ്ങളുടെ വൈവിധ്യത കൊണ്ടും ഉള്ളടക്കത്തിലെ വിഭവങ്ങളുടെ പ്രത്യേകതകള്‍ കൊണ്ടും 1413 കുട്ടി പത്രാധിപന്മാരും കുട്ടി ചിത്രകാരന്മാരും തയ്യാറാക്കിയ കയ്യെഴുത്തു മാസിക ശ്രദ്ധേയമായിരുന്നു.

കഥ, കവിത, ലേഖനം, ചിത്രം, യാത്രാ വിവരണം തുടങ്ങി 20 ല്‍ കൂടുതല്‍ സര്‍ഗ്ഗഭാവനകള്‍ മാസികയില്‍ തുന്നിചേര്‍ത്തിട്ടുണ്ട്. 15 മുതല്‍ 90 പേജുകള്‍ വരെയുള്ള കയ്യെഴുത്തു മാസികകള്‍ കുട്ടികള്‍ സ്വന്തമായി എഴുതി തയ്യാറാക്കിയതാണ്. വ്യത്യസ്ത ഭാഷകളിലുള്ള രചനകളും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്‌കൂള്‍ ലീഡറുടെ മാസിക ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ പ്രകാശനം ചെയ്തതോടെ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഒരേ സമയം തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്ത് ഭാഷോത്സവം വിസ്മയമാക്കി.

പുസ്തകങ്ങള്‍ കൈമാറി വായിക്കാനും മാസികകളുടെ പ്രദര്‍ശനം സംഘടിപ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മികച്ച മാസിക തയ്യാറാക്കിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതൊടൊപ്പം യു പി തലത്തിലെ മികച്ച എഡിറ്റര്‍മാര്‍ക്ക് ഭാഷാ ക്ലബിന്‍റെ സഹായത്തോടെ സാഹിത്യ യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാസികാ പ്രകാശനത്തില്‍ പിടിഎ പ്രസിഡന്‍റ്  സി കെ സാദിഖലി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഒ വേലായുധന്‍, എം പി അജിത, കെ വി സെയ്ത് ഹാഷിം എന്നിവര്‍ സംസാരിച്ചു.