Web Desk

December 22, 2019, 9:18 pm

ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടും തളരാതെ പ്രതിഷേധം: ഓഫ് ലൈൻ ആപ്പുകളുടെ ഉപയോഗത്തിൽ വൻ വർധന

Janayugom Online

ന്യൂഡൽഹി: പൗരത്വ ബിൽ ഭേദഗതിയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച സാഹചര്യത്തിൽ ഓഫ് ലൈൻ ചാറ്റ് ആപ്പുകളുടെ ഉപയോഗം വർധിച്ചുവെന്ന് റിപ്പോർട്ട്. ബ്രിഡ്ജ്ഫൈ, ഫയർ ചാറ്റ് തുടങ്ങിയ ഓഫ് ലൈൻ ആപ്പുകളുടെ ഉപയോഗത്തിലാണ് വർധവ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടർന്ന് ഹോങ്കോംഗിൽ പ്രശസ്തിയാർജ്ജിച്ച ഈ ആപ്പുകളാണ് ഇപ്പോൾ പ്രതിഷേധക്കാർ ഇന്ത്യയിലും ഉപയോഗിക്കുന്നത്. ഇന്റർനെറ്റിന് പകരം ബ്ലൂടൂത്ത് കണക്ഷനുകൾ ഉപയോഗിച്ചാണ് ഈ രണ്ട് ആപ്പുകളും പ്രവർത്തിക്കുന്നത്. അതിനാൽ ചുരുങ്ങിയ ദുരപരിധിയിൽ മാത്രമാണ് ഇതുപയോഗിച്ച് ആശയവിനിമയം നടത്താൻ സാധിക്കുകയെന്ന പരിമിതിയുണ്ട്.

അമേരിക്കയിലെ ഐടി സ്ഥാപനമായ ആപ്പോടോപിയോയുടെ കണക്കുകൾ പ്രകാരം അസം, മേഘാലയ എന്നിവടങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച ഡിസംബർ 12 മുതൽ ബ്രിഡ്ജ്ഫൈ ഡൗൺലോഡ് ചെയ്തവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. പിന്നീട് മറ്റ് നഗരങ്ങളിലും ഇത്തരം ആപ്പുകളുടെ ഉപയോഗം കൂടിവന്നു.ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുന്നതിനും അതിനു മുമ്പും ഉള്ള കണക്കുകളിൽ വലിയ വ്യത്യാസം പ്രകടമാണ്. പ്രതിദിനം 25 ഡൗൺലോഡിൽ നിന്ന് 100 ഇരട്ടി വർധിച്ച് ഡിസംബർ 12 ന് ഇത് 2,609 ആയിമാറി.

you may also like this video

ആഗോളതലത്തിൽ തന്ന ഈ രണ്ട് ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 30 ദിവസത്തിനുള്ളിലാണ് ഈ വർധനവ് ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. ഈ ദിവസങ്ങൾക്കുള്ളിൽ 24.4 ശതമാനം വർധനവാണ് ഇന്ത്യയിൽ മാത്രം ബ്രിഡ്ജ്ഫൈ ഡൗൺലോഡിൽ ഉണ്ടായത്. ഫയർ ചാറ്റിന്റേത് 17.7 ശതമാനമാണ്. അതേസമയം ബ്രിഡ്ജ്ഫൈയുടെ ആക്ടീവ് യൂസേഴ്സിലിൽ 65 ഇരട്ടി വർധനവ് ഉണ്ടായി. ഡിസംബർ 11 ന് 185 ആയിരുന്ന ആക്ടീവ് യൂസേഴ്സ് അടുത്ത ദിവസം തന്നെ 12,118 ആയി ഉയർന്നു. ഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചപ്പോൾ ഇരു ആപ്പുകളുടേയും ഡൗൺലോഡിൽ 30 ഇരട്ടി വർധവാണ് ഉണ്ടായത്.