June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

അതിനിടയിലും സമ്പദ്ഘടന കൂപ്പുക്കുത്തിക്കൊണ്ടേയിരിക്കുന്നു

By Janayugom Webdesk
December 26, 2019

രാജ്യമിപ്പോൾ പൗരത്വ നിയമത്തെക്കുറിച്ചും അതിർത്തിയിലെ യുദ്ധത്തെക്കുറിച്ചുമുള്ള വിവാദങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും നടുവിലാണ്. അതിനിടയിലും നമ്മുടെ സമ്പദ്ഘടന കൂപ്പുകുത്തിക്കൊണ്ടേയിരിക്കുകയാണ്. ഇത് സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മാത്രമല്ല അതിസമ്പന്നരുടെ പോലും ജീവിതത്തെ ബാധിക്കുന്ന വിധത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുകയുമാണ്. അതുകൊണ്ടു തന്നെയാണ് അനാവശ്യവും നിരർഥകവുമായ വിവാദങ്ങളിലൂടെയും അതിവൈകാരികതയും ദേശീയതയും സാമുദായിക ധ്രു­വീകരണവും ലക്ഷ്യം വച്ചുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേന്ദ്ര സർക്കാർ വ്യഗ്രത കാട്ടുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വ്യാപാരികളുടെ സംഘടനാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയൊരു അവകാശവാദമുണ്ട്. തങ്ങൾ ഭരിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ സമ്പദ്ഘടന ഇങ്ങനെ നിലനിൽക്കുന്നത് എന്നതാണത്.

കേട്ടവരെല്ലാം ചിരിച്ചുപോവുകയോ ഏറ്റവും വലിയൊരു വിഡ്ഢിത്തം കേട്ടതുപോലെ ആസ്വദിക്കുകയോ ചെയ്ത ഒന്നായിരുന്നു ആ അവകാശവാദം. അപ്പോൾ രാജ്യമാകെ പൗരത്വ ഭേദഗതി നിയമത്തിന്റെയും പൗരത്വ രജിസ്റ്ററിന്റെയും പേരിൽ ഭരണാധികാരികൾ കള്ളങ്ങൾ ആവർത്തിക്കുകയും ജനത കക്ഷിരാഷ്ട്രീയവും മത ജാതികളും മറന്നുള്ള പോരാട്ടത്തിൽ തെരുവുകളെ സമരംകൊണ്ട് പ്രക്ഷുബ്ധമാക്കുകയും ചെയ്യുകയായിരുന്നു. ഭരണാധികാരികൾ കള്ളങ്ങൾ ആവർത്തിച്ചത് സമ്പദ്ഘടനയെ സംബന്ധിച്ച വലിയ യാഥാർഥ്യം ജനം ശ്രദ്ധിക്കരുതെന്നുള്ളതുകൊണ്ടായിരുന്നു. ജനം തെരുവിലിറങ്ങിയതാകട്ടെ ആ യാഥാർഥ്യം മറന്നുകൊണ്ടായിരുന്നില്ല. അതുകൂടി മനസിൽ വച്ചുള്ള തങ്ങളുടെ പ്രതിഷേധം അധികാരികളെ ബോധ്യപ്പെടുത്താനായിരുന്നു. പ്രധാനമന്ത്രിയുടെയും മന്ത്രിപുംഗവന്മാരുടെയും സമ്പദ്ഘടനയെ സംബന്ധിച്ച വ്യാജ വസ്തുതകൾ അച്ചടിച്ച മാധ്യമങ്ങളിൽ മഷിയുണങ്ങുന്നതിന് മുമ്പ് രണ്ട് കോണുകളിൽ നിന്ന് അതിന്റെ പൊള്ളത്തരങ്ങൾ വ്യക്തമാക്കിയുള്ള വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നു.

രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തി­ക മാന്ദ്യമല്ലെന്നും പറഞ്ഞറിയിക്കാനാകാത്തത്രയും ആഴത്തിലുള്ള മഹാമാന്ദ്യമാണെന്നുമായിരുന്നു മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ്‌ അരവിന്ദ് സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ ഇന്ത്യ അഭിമുഖീകരിക്കുന്നത് സാധാരണ മാന്ദ്യമല്ല. രാജ്യം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്തത്രയും വലിയ മാന്ദ്യമാണ്. തൊഴില്‍ ലഭ്യത, ജനങ്ങളുടെയും സര്‍ക്കാരിന്റെയും വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നു. ഇത് ഉപഭോഗവ്യവസ്ഥയെ തകിടം മറിക്കുകയും വിപണിയെ താറുമാറാക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് അരവിന്ദ് സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടുന്നത്. ഇറക്കുമതി, കയറ്റുമതി, വ്യവസായം, ഉല്പാദനം എന്നീ മേഖലകളിലെ വളര്‍ച്ച നിരക്കുകളാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായി എടുക്കുന്നത്. ഇന്ന് ഈ നിരക്കുകളെല്ലാം താഴ്‌ന്ന നിലയിലാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇതിൽ നിന്ന് ഒരുപടികൂടി കടന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ ഇന്ത്യൻ സമ്പദ്ഘടനയെ സംബന്ധിച്ച വിലയിരുത്തൽ. ഇപ്പോൾ കൊക്കൊള്ളുന്ന ഒരു നടപടിയും അതിജീവിക്കാൻ പോയിട്ട് നിലനിൽക്കാൻ പോലും പര്യാപ്തമല്ലെന്നാണ് ഐഎംഎഫ് വാർഷിക റിപ്പോർട്ടിലുള്ളത്.

ഐഎംഎഫ് കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആഭ്യന്തര വളർച്ച 2019ൽ 6.1 ശതമാനവും 2020ൽ ഏഴു ശതമാനവുമായാണ് കണക്കാക്കിയിരുന്നത്. ഈ കണക്കുകളിൽ കുറവു വരുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് അവരുടെ മുന്നറിയിപ്പ്. ലോകത്ത് ശക്തി പ്രാപിച്ചു വരുന്ന മാർക്കറ്റുകളിൽ ഒന്നായിരുന്നു ഇന്ത്യ. എന്നാൽ സമ്പദ് രംഗം വളർച്ച പ്രാപിക്കുന്നില്ലെന്ന് ഐഎംഎഫ് കുറ്റപ്പെടുത്തുമ്പോൾ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര ഭരണാധികാരികൾക്ക് മാത്രമാണ്. കേന്ദ്ര സർക്കാരിന്റെ മറ്റൊരു അവകാശവാദം കൂടി ഐഎംഎഫ് പ്രതിനിധി ഗീത ഗോപിനാഥ് പൊളിച്ചടുക്കുന്നുണ്ട്. സർക്കാർ ചെലവാക്കുന്ന തുകകൾ മാത്രമാണ് മാർക്കറ്റിലുള്ളതെന്നും സ്വകാര്യ മേഖല പിൻവലിഞ്ഞിരിക്കുന്നുവെന്നുമാണത്. നിക്ഷേപവും ഉപഭോഗവും കാര്യമായി കുറഞ്ഞു പോയതും സ്വകാര്യ മേഖലയുടെ വിശ്വാസം ആർജ്ജിക്കാൻ സർക്കാരിനു കഴിയാതിരുന്നതും സമ്പദ് രംഗത്തിന് തിരിച്ചടിയായെന്നും അവർ കുറ്റപ്പെടുത്തുമ്പോൾ വിദേശ നിക്ഷേപത്തിന്റെയും ഈസ് ഓഫ് ഡീയുങ് ബിസിനസിന്റെയും അവകാശവാദങ്ങൾ പൊള്ളയായിരുന്നുവെന്നും കെട്ടുകഥകളായിരുന്നുവെന്നും വ്യക്തമാകുന്നു.

കഴിഞ്ഞ ദിവസവും നെഞ്ചുവിരിച്ച് മോഡി പറഞ്ഞത് അ‍ഞ്ചുലക്ഷം ട്രില്ല്യൺ സമ്പദ്ഘടനയെ കുറിച്ചായിരുന്നു. ഇതിനെക്കുറിച്ചും ഐഎംഎഫ് സൂചിപ്പിക്കുന്നുണ്ട്. അഞ്ച് ട്രില്യൺ ഡോളറിന്റെ സമ്പദ് ഘടനയായി മാറ്റുമെന്ന ആഗ്രഹങ്ങൾ നല്ലതുതന്നെ. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതു വൻ വെല്ലുവിളി തന്നെയാണ്. ഇത് പ്രാപ്തമാകണമെങ്കിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിൽ പത്തര ശതമാനം വീതം വളർച്ച അടുത്ത അഞ്ച് വർഷത്തേക്കുണ്ടാകണം. ഇന്ത്യൻ കാർഷിക രംഗത്ത് ഉല്പാദന വളർച്ച അനിവാര്യമാണ്. ഭൂമി, തൊഴിൽ മേഖലയിലും ഘടനാപരമായ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നും ഐഎംഎഫ് പറയുമ്പോൾ കര കയറാനാകാത്ത ആഴത്തിലാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ പ്രതിസന്ധിയെന്ന് ബോധ്യമാകുന്നു. എന്നാൽ ഒരു നടപടിയും ഫലം കാണുന്നില്ലെന്ന് വരുന്നതുകൊണ്ട് ജനശ്രദ്ധ തിരിക്കുന്നതിന് വൈകാരിക വിഷയങ്ങളും വിവാദങ്ങളും പുറത്തെടുത്ത് ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് അധികം കാലം വിലപ്പോകില്ലെന്ന് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് അവർ മനസിലാക്കുമെന്നൊന്നും കരുതാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.