ആതിര അമ്മയായി; കൺമണിയെകാണാൻ നിതിൻ ഇല്ലെന്നറിയാതെ

Web Desk

കോഴിക്കോട്

Posted on June 09, 2020, 3:47 pm

പ്രവാസികളെ കേരളത്തിൽ തിരിച്ചെത്തിക്കാൻ സുപ്രീം കോടതിയെ സമീപിച്ച ആതിരയ്ക്കും കഴിഞ്ഞ ദിവസം ദുബായിയിൽ നിര്യാതനായ നിതിൻ ചന്ദ്രനും പെൺകുഞ്ഞ് പിറന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് ആതിര പെൺകുഞ്ഞിന്റെ അമ്മയായത്. പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയാണ് ആതിര.

നിതിന്റെ വിയോഗം ആതിര ഇതുവരെ അറിഞ്ഞിട്ടില്ല. രക്തദാനത്തിന്റെ മഹാ സന്ദേശം വ്യാപിപ്പിക്കാൻ സദാ ഓടിനടന്ന നിതിൻ ഹൃദായാഘാതത്തെ തുടർന്നാണ് ദുബായിയിൽ മരിച്ചത്. ദുബായ് ഇന്റർനാഷണൽ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലർച്ചെയാണ് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിതിൻ മരിച്ചത്. പ്രവാസികളായ ഗർഭിണികൾക്ക് നാട്ടിലെത്താൻ വിമാന സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിവരെ നിയമ പോരാട്ടം നടത്തിയ ദമ്പതിമാരാണ് ആതിരയും നിതിൻ ചന്ദ്രനും.

വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തിൽത്തന്നെ ആതിര കഴിഞ്ഞമാസം നാട്ടിലെത്തിയിരുന്നു. നിതിനാവട്ടെ ജീവകാരുണ്യപ്രവർത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായിൽത്തന്നെ തുടരുകയായിരുന്നു. കൊറോണ വ്യാപനം വ്യാപകമായ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിനും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുമായി ഓടിനടക്കുകയായിരുന്നു നിതിൻ. ഒരുവർഷംമുൻപ് ഹൃദയസംബന്ധമായ അസുഖത്തിന് നിതിൻ ചികിത്സതേടിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഭാര്യയ്ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിൻ യാത്ര വൈകിപ്പിക്കുകയായിരുന്നു.

Eng­lish sum­ma­ry: Athi­ra become  moth­er with­out know­ing her hus­band’s death

You may also like this video: