മെലിഞ്ഞുണങ്ങി അതിരപ്പിള്ളി വെള്ളച്ചാട്ടം

Web Desk
Posted on June 24, 2019, 10:17 pm
പി ആര്‍ റിസിയ

തൃശൂര്‍: വേനല്‍മഴ കുറഞ്ഞതും കാലവര്‍ഷം ശക്തിപ്രാപിക്കാത്തതും മൂലം ഡാമുകളില്‍ ജലസമൃദ്ധി കുറഞ്ഞതോടെ കേരളത്തിലെ ‘നയാഗ്ര’യായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വെള്ളം കുറഞ്ഞു. കഴിഞ്ഞ തവണ ഈ സമത്ത് കുത്തിയൊലിച്ച് ഒഴുകിയിരുന്ന അതിരപ്പിള്ളിയില്‍ അപകടസാധ്യത മുന്‍നിര്‍ത്തി വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ വെള്ളച്ചാട്ടം പേരിനുമാത്രമാണ്. അതുകൊണ്ടുതന്നെ വെള്ളച്ചാട്ടത്തിനടുത്തുവരെ പോകാമെന്നതിനാല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.
ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞതാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം മെലിയാന്‍ കാരണം. കഴിഞ്ഞ മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകിയ പെരിങ്ങല്‍ക്കുത്ത് ഡാമിലും വെള്ളം വളരെ കുറവാണ്. വൈദ്യുതോല്‍പാദനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് നിലച്ചതും അതിരപ്പിള്ളി വെള്ളച്ചാട്ടം കുറയാന്‍ ഇടയാക്കി. അതേസമയം രാത്രികാലത്തെ വൈദ്യുതോല്‍പാദനം പകല്‍സമയത്തേയ്ക്കു മാറ്റിയാല്‍ വെള്ളച്ചാട്ടം കുറേക്കൂടി മെച്ചപ്പെടുത്താനും അതുവഴി വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനും കഴിയും.
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുഖ്യ ആകര്‍ഷണകേന്ദ്രമായ അതിരപ്പിള്ളിയിലും വാഴച്ചാലിലും പേരിനെങ്കിലും വെള്ളമുണ്ട്. എന്നാല്‍ സമീപത്തുള്ള ചാര്‍പ്പ വെള്ളച്ചാട്ടത്തില്‍ നീരൊഴുക്ക് തീരെയില്ല. കാടിനുള്ളിലെ ചെറിയ വെള്ളച്ചാട്ടങ്ങളിലും വെള്ളമില്ലാത്ത അവസ്ഥയാണ്. വരും ദിവസങ്ങളില്‍ മഴകനക്കുന്നതോടെ വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധമാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ടൂറിസം വകുപ്പ് അധികൃതര്‍. മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘മഴയാത്ര’ എന്നപേരില്‍ കാനനയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ചാലക്കുടിയില്‍ നിന്നാരംഭിക്കുന്ന യാത്രയില്‍ വിനോദസഞ്ചാരികള്‍ക്കായി ഭക്ഷണവും കുടയും ബാഗും ഗിഫ്റ്റുകളുമെല്ലാം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

you may alsp like thos video