അതിരപ്പള്ളി പദ്ധതി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് സത്യം: എം എം മണി

Web Desk
Posted on February 02, 2018, 10:12 pm

തിരുവനന്തപുരം: അതിരപ്പള്ളിപദ്ധതി ഇടത്മുന്നണിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് സത്യമാണെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു. എങ്കിലും മന്ത്രിയെന്ന നിലയില്‍ അതിരപ്പള്ളിപദ്ധതി നടപ്പിലാക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും എല്ലാ അംഗീകാരവും ലഭിച്ചിട്ടുള്ള ഈ പദ്ധതി നടപ്പിലാക്കാന്‍ അഭിപ്രായ സമന്വയത്തിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദസര്‍ക്കാരിന്റെ കരട് ദേശീയ ഊര്‍ജ്ജ നയം 2017 കേരളത്തിന്റെ വൈദ്യുതി മേഖലയെ എങ്ങനെ ബാധിക്കും എന്ന് വിശകലനം ചെയ്യുന്നതിനും നയത്തിലെ ജനവിരുദ്ധത പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്നതിനും ലക്ഷ്യമിട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എനര്‍ജി സ്റ്റഡീസും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എനര്‍ജി സ്റ്റഡീസ് ഡയറക്ടര്‍ കെ അശോകന്‍ അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ.ടി ജയരാമന്‍, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍ പ്രേമന്‍ ദിനരാജ്, കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, ബി പ്രദീപ്, എം രവീന്ദ്രന്‍ നായര്‍, കെ എ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.