August 14, 2022 Sunday

അതിവേഗ റയിൽപ്പാതയ്ക്ക് ആദ്യാനുമതി

Janayugom Webdesk
December 18, 2019 10:29 pm

അതിവേഗ റയിൽപ്പാതയ്ക്ക് ആദ്യാനുമതി ഭൂമിയുടെ കുറവും ജനസാന്ദ്രതയുടെ കൂടുതലും കാരണം സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഗതാഗത കുരുക്ക്. ദിനംപ്രതിയുള്ള വാഹനപ്പെരുപ്പവും യാത്രാമാർഗങ്ങൾ അതിനനുസരിച്ച് വിപുലപ്പെടുത്താനാകാത്തതും പ്രശ്നം സങ്കീർണ്ണമാകുന്നതിന് കാരണമാവുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആധുനിക രീതിയിലും കൂടുതൽ വീതിയിലും റോഡുകൾ പണിയുകയെന്നത് വലിയൊരു കടമ്പയായി തുടരുകയാണ്. ദേശീയപാത മറ്റു സംസ്ഥാനങ്ങളിൽ വളരെയധികം വീതിയിൽ (ആറും അതിന് മുകളിലും വരെ വരിപ്പാത) നിർമ്മിക്കുമ്പോഴും നമുക്ക് നാലുവരിപ്പാത പോലും സങ്കല്പിക്കാനാവാത്തത് സ്ഥലമെടുപ്പിൽ നേരിടുന്ന വെല്ലുവിളികൾ തന്നെയാണ്. ജനസാന്ദ്രതയും ഭൂമിയുടെ വാണിജ്യവിലയിലുണ്ടായ വൻവർധനയും പാരിസ്ഥിതിക പ്രശ്നങ്ങളുമെല്ലാം ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളാണ്.

സുഗമമായ യാത്രാസൗകര്യവും ചരക്കുനീക്കത്തിനുള്ള സാഹചര്യങ്ങളുമുണ്ടാവുകയെന്നത് വ്യവസായ — വാണിജ്യ വികസനത്തിന്റെയും അനിവാര്യ ഘടകങ്ങളിൽ ഒന്നുമാണ്. ഈ സാഹചര്യത്തിൽ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ബദൽ മാർഗങ്ങൾ തേടുക മാത്രമാണ് പോംവഴിയായിട്ടുള്ളത്. ഈ ദിശയിലുള്ള നിരവധി നിർദേശങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും എൽഡിഎഫ് നേരത്തേതന്നെ മുന്നോട്ടുവച്ച പ്രധാനപ്പെട്ട മാർഗങ്ങളിൽ ഒന്നായിരുന്നു അതിവേഗ റയിൽ ഇടനാഴി. 2016 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് അവതരിപ്പിച്ച പ്രകടനപത്രികയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള രണ്ടുവരി റയിൽപാത നാലുവരിയാക്കുന്നതിന് ഇന്ത്യൻ റയിൽവേയുമായി ചേർന്ന് സംയുക്ത കമ്പനി രൂപീകരിക്കുമെന്നും ഇരട്ടിപ്പിക്കുന്ന പാത അതിവേഗ തീവണ്ടികൾ ഓടിക്കാൻ സജ്ജമാക്കുമെന്നുമായിരുന്നു പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. അധികാരത്തിലെത്തിയ ശേഷം ഇക്കാര്യത്തിൽ ഇവിടെ ചെയ്യാനുള്ള കാര്യങ്ങൾ പെട്ടെന്നു ത­ന്നെ എൽഡിഎഫ് സർക്കാ­ർ പൂർത്തിയാക്കി.

2017 ഒക്ടോ­ബറിൽ തന്നെ ഇത് സംബന്ധിച്ച ആദ്യ നിർദ്ദേശം കേന്ദ്രത്തിന് സമർപ്പിക്കപ്പെട്ടു. ഇ­ന്ത്യൻ റയിൽവേയും സംസ്ഥാ­നവും സംയുക്തമായി കേരള റയിൽ വികസന കോ­ർപ്പറേഷൻ എന്ന സംരംഭത്തിന് രൂപം നൽകുകയും ചെയ്തു. മൂന്ന് നിർദേശങ്ങളാണ് കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചത്. സമാന്തര ഇരട്ടപ്പാത, സമാന്തര ആകാശപ്പാത, പുതിയ ആകാശപ്പാത എന്നിവയായിരുന്നു അത്. ആദ്യത്തെ രണ്ടും 560 കിലോമീറ്റർ നീളത്തിലുള്ളതും നിലവിലുള്ള പാതയ്ക്ക് സമാന്തരവുമാണ്. എന്നാൽ പുതിയ ആകാശപ്പാതയെന്ന മൂന്നാമത്തെ നിർദ്ദേശം ചെലവേറിയതും ഭൂമി വലിയ തോതിൽ ഏറ്റെടുക്കേണ്ടതുമാണ്. അതുകൊണ്ടുതന്നെ ആദ്യ രണ്ടു നിർദ്ദേശങ്ങൾ താരതമ്യം ചെയ്യുമ്പോൾ പ്രായോഗികതയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടാനിടയുള്ളതുമാണ്.

എങ്കിലും കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങൾ സർക്കാർ തുടർന്നു. പ്രസ്തുത പദ്ധതി തത്വത്തിൽ ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുകയാണ്. കേരളത്തിലെ രൂക്ഷമായ യാത്രാപ്രശ്നത്തിന് പരിഹാരം മാത്രമല്ല പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. യാത്രാസമയം വലിയതോതിൽ ലാഭിക്കുന്നതിനുള്ള സാഹചര്യവും സമാന്തര റയിൽപാത ഒരുങ്ങുന്നതോടെ സൃഷ്ടിക്കപ്പെടും. നാലു മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കാസർകോടു വരെ യാത്ര ചെയ്യാവുന്ന അർധ അതിവേഗ റയിൽ ഇടനാഴി (സിൽവർ ലൈൻ) ക്കാണ് കേന്ദ്രത്തിന്റെ ആദ്യാനുമതി ലഭ്യമായിരിക്കുന്നത്. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയിൽ പത്തു സ്റ്റേഷനുകളുണ്ടാകും. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങൾ പാതയുടെ പരിധിയിൽ വരും. സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്ക്കാനുമായി നഗരങ്ങളിൽ ആകാശപാതയായിട്ടാണ് കേരള റയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ നിലവിലുള്ള പാതയിൽനിന്ന് മാറിയാണ് നിർദ്ദിഷ്ട റയിൽ ഇടനാഴി നിർമ്മിക്കുന്നത്.

തൃശൂർ മുതൽ കാസർകോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റയിൽ ഇടനാഴി നിർമ്മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 11,000 പേർക്ക് തൊഴിൽ ലഭിക്കും. അറ്റകുറ്റപ്പണിക്കും മറ്റുമായി പാതയ്ക്കു സമാന്തരമായി റോഡും വിഭാവനം ചെയ്തിട്ടുണ്ട്. ഇതു പക്ഷേ തുടർച്ചയായ റോഡ് ആയിരിക്കുകയില്ല. നദികളിലും മറ്റുമായി നിർമ്മിക്കുന്ന പാലങ്ങളിൽ ഈ റോഡ് ഒഴിവാക്കും. ചരക്കുലോറികൾ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോൾ ഓൺ റോൾ ഔട്ട് (റോറോ) സർവ്വീസും ഉറപ്പാക്കും. സ്റ്റേഷനുകളിൽനിന്ന് യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്തുവാൻ വൈദ്യുതി വാഹന സൗകര്യങ്ങളും പ്രദാനം ചെയ്യും. ഈ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനും പാർക്ക് ചെയ്യുന്നതിനുമുള്ള സജ്ജീകരണമേർപ്പെടുത്തും. നിലവിലുള്ള പാതയിലൂടെയുള്ള തീവണ്ടി ഗതാഗതത്തിന്റെ തോത് പരിശോധിച്ചാൽ കേരളത്തിലേത് 115 ശതമാനമാണ്.

വരുമാനത്തിന്റെ കാര്യത്തിലാണെങ്കിൽ കൂടുതൽ പാതയും തീവണ്ടിസർവ്വീസുമുള്ള സംസ്ഥാനങ്ങളെക്കാൾ മുന്നിലുമാണ് കേരളം. യഥാർഥത്തിൽ റോഡ് വികസനത്തിന് ഒട്ടേറെ കടമ്പകൾ നേരിടുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തോട് റയിൽ വികസനത്തിൽ പ്രത്യേക പരിഗണന ലഭിക്കേണ്ടതാണ്. ഇപ്പോൾ രണ്ടുവരി, നാലുവരിയാക്കുന്നതിന് റയിൽപാത കടന്നുപോകുന്ന ഭൂരിഭാഗം പ്രദേശങ്ങളിലും ആവശ്യമായ സ്ഥലം ലഭ്യവുമാണ്. എന്നിട്ടും അവഗണന നേരിടുന്നുവെന്ന പശ്ചാത്തലവും സംസ്ഥാന സർക്കാരിന്റെ ബദൽ അന്വേഷണത്തിന് പിന്നിലുണ്ട്. ഇത് യാഥാർഥ്യമാകുന്നതിന് ഇനിയും കടമ്പകളുണ്ട്. ആവശ്യമായ തുക കണ്ടെത്തുകയെന്നതുതന്നെ പ്രധാനം. ഇപ്പോൾതന്നെ സർക്കാരിന്റെ ശ്രമഫലമായി പല കോണുകളിൽ നിന്നും ധനമാർഗങ്ങൾ തുറന്നുകിട്ടിയിട്ടുണ്ട്. വിശദമായ പദ്ധതി രൂപരേഖയും ധനസമാഹരണമാർഗങ്ങളും കണ്ടെത്തി എത്രയും വേഗത്തിൽ ഇത് പൂർത്തിയാക്കുവാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ഇച്ഛാശക്തിയുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രസ്തുത യത്നത്തോടൊപ്പം കേരളം ഒറ്റക്കെട്ടായി കൂടെയുണ്ടാവുമെന്ന കാര്യത്തിലും ആശങ്കയ്ക്ക് വകയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.