18 April 2024, Thursday

ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു

സുരേഷ് എടപ്പാള്‍
മലപ്പുറം
October 29, 2021 1:25 pm

ടോക്യോ പാരാലിമ്പിക്‌സില്‍ രാജ്യത്തിനുണ്ടായ മെഡല്‍നേട്ടത്തെ മുന്‍നിര്‍ത്തി ഭിന്നശേഷിക്കാരെ കൂടുതലായി കായികമേഖലയിലേക്ക് ആകര്‍ഷിക്കാനെന്ന പേരില്‍ അനധികൃതസംഘടനകള്‍ മത്സരങ്ങളുടെ സംഘാടനവും പണപ്പിരിവും നടത്തുന്നതായി ആരോപണം. അംഗവൈകല്യമുള്ളവരുടെ കായിക ഉന്നമനത്തിനും ഏകോപനത്തിനുമായി ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായിക സംഘടനയായ ഇന്റര്‍നാഷണല്‍ പാരാലിമ്പിക്‌സ് കമ്മിറ്റി( ഐ പി സി)യുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പാരാലിമ്പിക്‌സ് കമ്മറ്റി ഓഫ് ഇന്ത്യടെ അംഗീകാരമോ, അനുമതിയോ ഇല്ലാതെയാണ് ഇത്തരം കായികമേളകള്‍ നടത്തുന്നത്. പാരാലിമ്പിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ ഏജന്‍സിയായ അസോസിയേഷന്‍ ഫോര്‍ ഡിഫറന്റിലി ഏബില്‍ കേരളക്കാണ് ഔദ്യോഗിക സ്വഭാവമുള്ള മേളകള്‍ നടത്താന്‍ അനുമതിയുള്ളൂ. കേന്ദ്രകായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പാരാലിമ്പിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യക്കുമാത്രമാണ് രാജ്യത്തിനകത്ത് ഔദ്യോഗിക സ്വഭാവത്തോടെയുള്ള ഭിന്നശേഷി കായികമേളകള്‍ നടത്താന്‍ കഴിയൂ എന്നിരിക്കെയാണ് മത്സരാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ പ്രഥമ പാരാമാസ്റ്റേഴ്‌സ് നാഷണല്‍ ഔട്ട് ഡോര്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

പാരാമാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, പാരാആംപ്ടി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഫിസിക്കലി ചലഞ്ചഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള എന്നീ സംഘടനകള്‍ സംയുക്തമായാണ് മത്സരങ്ങള്‍ നടത്തിയത്. മേളയില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റിയുടേയും രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിയുടേയും അംഗീകാരത്തോടെ ജപ്പാനിലെ കന്‍സായില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ രാജ്യാന്തര പാരാലിമ്പിക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇത്തരത്തിലൊരു കായികമേള ജപ്പാനില്‍ നടക്കുന്നതിന് ഇതുവരെയും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ പല ഭിന്നശേഷികായിക താരങ്ങളേയും തെറ്റിദ്ധരിപ്പിച്ചാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുപ്പിച്ചതെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ മേളയില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാനൊ, മെഡല്‍ നേട്ടം കൊണ്ട് ഔദ്യോഗികമായ എന്തെങ്കിലും പരിഗണനയോ, നേട്ടമോ ഉണ്ടാകില്ലെന്ന് പാരാലിമ്പിക്‌സ് കമ്മറ്റി ഓഫ് ഇന്ത്യയും കേരളത്തിന്റെ ചുമതലയുള്ളവരും വ്യക്തമാക്കി കഴിഞ്ഞു. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും മത്സരങ്ങളും പരിശീലനവുമൊക്കെ സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരമുണ്ടെങ്കിലും അതിന് കേന്ദ്ര‑സംസ്ഥാനസര്‍ക്കാരുകളുടെ അംഗീകാരമുണ്ടെന്ന് പ്രചരിപ്പിച്ച് പണപ്പിരിവ് നടത്തുന്നത് കുറ്റകരമാണെന്ന് പാരാലിമ്പിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഭിന്നശേഷിക്കാരെ മാത്രമല്ല ഭരണകര്‍ത്താക്കളേയും സര്‍ക്കാര്‍സ്ഥാപനങ്ങളേയും ഈ നിലയില്‍ തെറ്റിദ്ധരിപ്പിച്ചതായാണ് അറിയാന്‍ കഴിഞ്ഞതെന്നും വെറും സാമ്പത്തിക ലാഭം ലക്ഷ്യം വയ്ക്കുന്നവരാണ് ഇതിനുപിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തുകയും സര്‍വ്വകാലാശാലയിലെ ഉന്നതര്‍ പരിപാടിയുടെ സംഘാടനത്തില്‍ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. അംഗവൈകല്യമുള്ള താരങ്ങളെ ചൂഷണം ചെയ്യുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ഇത്തരം കടലാസ് സംഘടനകള്‍ക്കെതിരെയും ഭാരവാഹികള്‍ക്കെതിരെയും പാരാലിമ്പിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യ നിയമനടപടികള്‍ ആരംഭിച്ചിരിക്കയാണ്.

 

Eng­lish Sum­ma­ry: Ath­letes with dis­abil­i­ties are exploited

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.