Tuesday
16 Jul 2019

ആത്മഹത്യ ചെയ്തയിടം

By: Web Desk | Sunday 28 April 2019 6:26 AM IST


അനില്‍ മുട്ടാര്‍

നടന്നു പോകുമ്പോള്‍
ഒരിക്കലെങ്കിലും
ആത്മഹത്യ
ചെയ്തയിടങ്ങളിലേക്ക്
നോക്കണം.

വെന്തുരുകുന്ന
റെയില്‍പ്പാളത്തില്‍

അറുത്തുമാറ്റിയിട്ടും
അവശേഷിക്കുന്ന
ഒരു തുണ്ടുക്കയറിന്റെയറ്റം

ഉടഞ്ഞുപോയ
വിഷക്കുപ്പിയുടെ
ഒരു ചീള്

വെന്തുരുകുന്ന
റെയില്‍പ്പാളത്തിന്റെ
വളവില്‍…

ഒളിച്ചിരിപ്പുണ്ട്
പൂര്‍ത്തിയാകാത്ത
ഒരു കവിത.

ചോദ്യചിഹ്നത്തില്‍
വളഞ്ഞു കിടപ്പുണ്ട്
ഉത്തര തുമ്പില്‍
ശ്വാസം മുട്ടി മരിച്ച
ആത്മാവിന്റെ
അന്ത്യചുംബനം.

ആത്മഹത്യ
ചെയ്തയിടങ്ങളിലെ
ഒരു കണ്ണും
കരയാറില്ല.
കടലിരമ്പത്തില്‍
തോര്‍ന്നു
വാര്‍ന്നു
മഴയായ്
പുനര്‍ജ്ജനിച്ചു
പോയതാണാ കണ്ണുകള്‍.

ആത്മഹത്യ
ചെയ്തയിടങ്ങളില്‍
ഒരു ഗന്ധവും
ശ്വസിക്കാനാവില്ലാ….
നിശബ്ദമായ്
പടവെട്ടി തീര്‍ന്ന
വിയര്‍പ്പുതുള്ളികള്‍ക്ക്
ഗന്ധമില്ലാ
രൂപം മാത്രമേയുള്ളു

അവശേഷിക്കുന്നത്
ആത്മഹത്യ ചെയ്തവന്റെ
നഖത്തിന്റെ
പോറല്‍ മാത്രം.