8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024

അതിഷിയുടെ മുഖ്യമന്ത്രി പദവിയും സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റവും

അര്‍ച്ചന ശുഭ
September 23, 2024 9:31 pm

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി(എഎപി) മന്ത്രിമാരുടെ 10 ഉപദേശകരുടെ നിയമനം റദ്ദാക്കാന്‍ 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് അതിഷിയെ നീക്കം ചെയ്യുക എന്നതായിരുന്നു ഈ ഉത്തരവിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം. ഡല്‍ഹി വിദ്യാഭ്യാസ വകുപ്പിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണവര്‍ എന്നായിരുന്നു മനീഷ് സിസോദിയ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞത്. അന്ന് അതിഷി എഎപിയുടെ പ്രമുഖ മുഖങ്ങളില്‍ ഒന്നായിരുന്നില്ല.

ആറ് വര്‍ഷത്തിനു ശേഷം, മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ അതിഷി ഡല്‍ഹിയുടെ വിദ്യാഭ്യാസ മന്ത്രിയാണ്. വിദ്യാഭ്യാസമുള്‍പ്പെടെ 13 വകുപ്പുകളുടെ ചുമതലകൂടി അന്ന് അതിഷിക്കുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിനെയും ജയിലിലാക്കിയതോടെ ഡല്‍ഹി സര്‍ക്കാരിന്റെ തലപ്പത്ത് അതിഷിയെത്തി. രണ്ട് സംഭവങ്ങളും എഎപി സര്‍ക്കാരിലെ ഉപദേശകയെന്ന സ്ഥാനത്തുനിന്ന് മുഖ്യമന്ത്രിയെന്ന നിലയിലേക്കുള്ള അതിഷിയുടെ വളര്‍ച്ചയുടെ വഴിയായി.

ഓക്സ്ഫോർഡില്‍ നിന്ന് എഎപിയിലേക്ക്

കോളജ് അധ്യാപകരായ ത്രിപ്ത വാഹിയുടെയും വിജയ് സിങ്ങിന്റെയും മകളായ ജനിച്ച അതിഷി ന്യൂഡല്‍ഹിയിലെ സ്പ്രിങ്ഡെയ്ൽസ് സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയതിനു ശേഷമാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെത്തുന്നത്. ഷെവനിങ് സ്കോളര്‍ഷിപ്പോടുകൂടിയാണ് അതിഷി ഓക്സ്ഫോര്‍ഡില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയത്. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം കുറച്ചുകാലം അധ്യാപികയായി ജോലിചെയ്തു. പിന്നീട് മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ ജൈവകൃഷിയിലും പുരോഗമനപരമായ വിദ്യാഭ്യാസ സമ്പ്രദായത്തിലും ഏർപ്പെട്ട് വർഷങ്ങളോളം ചെലവഴിച്ചു.
2013ൽ എഎപിയിൽ ചേർന്ന അവർ, പാര്‍ട്ടിയുടെ 2013 മാനിഫെസ്റ്റോ ഡ്രാഫ്റ്റിങ് കമ്മിറ്റിയിലെ പ്രധാന അംഗമെന്ന നിലയിൽ പാർട്ടിയുടെ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. അതേ വർഷം തന്നെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നെങ്കിലും അത് 49 ദിവസത്തേക്ക് മാത്രമായിരുന്നു. അന്നും തിരശീലയ്ക്ക് പിന്നില്‍ അതിഷിയുണ്ടായിരുന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി വിജയിക്കുകയും ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു.

രണ്ടാം എഎപി സര്‍ക്കാരില്‍ അതിഷി മുഴുവന്‍ സമയ പ്രവര്‍ത്തകയായി. സ്ഥാപക അംഗങ്ങളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പാർട്ടി മേധാവി കെജ്‌രിവാളും തമ്മിലുള്ള തർക്കം മൂര്‍ച്ഛിച്ചതോടെ അതിഷിയെ പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ അതിഷി കെജ്‍രിവാള്‍ പക്ഷത്തിനൊപ്പം നിലകൊണ്ടു. ദിവസങ്ങള്‍ക്കകം പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പാർട്ടിയിൽ നിന്ന് പുറത്തായി.
2015 ജൂലൈയിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകയായി അതിഷി നിയമിതയായി. വിദ്യാർത്ഥികളുടെ അടിസ്ഥാന സാക്ഷരതയും സംഖ്യാ നൈപുണ്യവും വർധിപ്പിക്കുന്നതിന് മിഷൻ ബുനിയാദ്, ‘ഹാപ്പിനസ് കരിക്കുലം’, ‘ഉള്‍പ്പെടെയുള്ള ഡൽഹി സർക്കാരിന്റെ പല വിദ്യാഭ്യാസ പരിപാടികൾക്കും പിന്നിൽ പ്രവർത്തിച്ചു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗൗതം ഗംഭീറിനോടു കിഴക്കന്‍ ഡല്‍ഹിയില്‍ പരാജയപ്പെട്ട അതിഷി മാസങ്ങള്‍ക്കു ശേഷം കല്‍ക്കാജി നിയമസഭാ മണ്ഡലത്തില്‍നിന്ന്‌ നിയമസഭയിലെത്തി. 2019ലെ തെരഞ്ഞെടുപ്പ്‌ വേളയില്‍ അതിഷി വിദേശിയും ക്രിസ്‌ത്യാനിയുമാണെന്ന്‌ പ്രതിയോഗികള്‍ ആരോപണം തൊടുത്തപ്പോള്‍, മര്‍ലേന എന്ന രണ്ടാം പേര്‌ അവര്‍ ഉപേക്ഷിച്ചു. കാള്‍ മാര്‍ക്സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്താണ്‌ മാതാപിതാക്കള്‍ അതിഷി സിങ്ങിനൊപ്പം മര്‍ലേന എന്ന പേര്‌ കൂട്ടിച്ചേര്‍ത്തത്‌. പഞ്ചാബി രാജ്‌പുത്‌ കുടുംബത്തില്‍നിന്നുള്ളവരായിരുന്നു മാതാപിതാക്കള്‍.
മന്ത്രിയില്‍ നിന്ന് മുഖ്യമന്ത്രിയിലേക്ക്

2023 മാർച്ചിൽ ഡൽഹി മദ്യനയക്കേസില്‍ സിസോദിയ അറസ്റ്റിലായപ്പോൾ, അതിഷിയുടെ പങ്ക് പാർട്ടിയിൽ കൂടുതൽ വിപുലമായി. മന്ത്രിസഭയിലുള്‍പ്പെട്ടതോടെ സൗരഭ് ഭരദ്വാജിനൊപ്പം പാർട്ടിയുടെ പ്രതിരോധത്തിന്റെ മുൻനിര സൃഷ്ടിച്ചത് അതിഷിയാണ്. മാർച്ചിൽ കെജ്‌രിവാളും ഇതേ കേസിൽ അറസ്റ്റിലായപ്പോൾ, അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നെങ്കിലും, ഭരണം നടത്തിയതും പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി (പിഎസി) അംഗം കൂടിയായ അതിഷിയായിരുന്നു.
കെജ്‍രിവാളിനെ ജയിലിലെത്തി കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയും അദ്ദേഹത്തിന്റെ നിർദേശങ്ങൾ പാലിക്കുകയും എല്ലാ എംഎൽഎമാരുമായും കൗൺസിലർമാരുമായും നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തു. സര്‍ക്കാരിനെ നയിക്കാന്‍ തനിക്കാകുമെന്ന് അതിഷി തന്റെ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയേയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയായിരുന്നു. സെപ്റ്റംബർ 13ന് സുപ്രീം കോടതി ജാമ്യം അനുവദിച്ച് രണ്ട് ദിവസം കഴിഞ്ഞ്, സത്യം തെളിഞ്ഞതിനു ശേഷം മാത്രമേ മുഖ്യമന്ത്രികസേരയിൽ ഇരിക്കൂകയുള്ളുവെന്ന് അരവിന്ദ് കെജ്‍രിവാള്‍ പ്രഖ്യാപിച്ചു. ഷീല ദീക്ഷിത്, സുഷമാ സ്വരാജ് എന്നിവര്‍ക്കും ശേഷം ഡല്‍ഹിക്ക് ലഭിക്കുന്ന മൂന്നാമത്തെ വനിത മുഖ്യമന്ത്രിയായി അതിഷി. ഡല്‍ഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമാണ്‌ 43കാരിയായ അതിഷി.
രാഷ്ട്രീയ മുന്നേറ്റ പ്രക്രിയയിലെ സ്ത്രീ പങ്കാളിത്തം

അതിഷിയുടെ സ്ഥാനലബ്ധി സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാഴ്ചപ്പാടിൽ നിന്നും നോക്കിയാൽ പ്രതീക്ഷാരഹിതമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 2025 ഫെബ്രുവരിക്ക് മുമ്പേ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും മുഖ്യമന്ത്രിയാകാനുമുള്ള പ്രഖ്യാപനം നടത്തിയാണ് കെജ്‍രിവാള്‍ സ്ഥാനമൊഴിയുന്നത്. ചുരുക്കത്തില്‍ ഒരു നിഴൽ മുഖ്യമന്ത്രിയാണ് അതിഷി.

ഇതു മാത്രമല്ല അതിഷിയുടെ സ്ഥാനലബ്ധിയെ സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാഴ്ചപ്പാടിൽ നിന്നും നോക്കിയാൽ പ്രതീക്ഷാരഹിതമാക്കുന്നത്. അത് പ്രസരിപ്പിക്കുന്ന പുരുഷാധിപത്യ വിധേയത്വമാണ്. അത് കെജ്‌രിവാളിന്റെ നേതൃത്വത്തോടും പരമാധികാരത്തോടുമുള്ള വിധേയത്വ പ്രഖ്യാപനമാണ് .

സ്ത്രീകളുടെ രാഷ്ട്രീയാധികാരം ലോകത്തെല്ലായിടത്തും പുരുഷാധിപത്യ രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയോട് കലഹിക്കാതെ, സമരം ചെയ്യാതെ നേടാനാകുന്നതല്ല. മറ്റെല്ലാ അധികാര വ്യവസ്ഥകളെയുംപോലെ അടിച്ചമർത്തുന്ന മനുഷ്യർ നടത്തുന്ന കലാപങ്ങളിലൂടെ മാത്രം ആ വ്യവസ്ഥ ദുർബലമാവുകയും ഇല്ലാതാവുകയും വേണം. പുരുഷാധിപത്യ വ്യവസ്ഥയുടെ സാമൂഹ്യാധികാര ഘടനയുടെ ഉള്ളിനെ ദുർബലമാക്കുന്ന നിരവധി പോരാട്ടങ്ങൾ നടത്തിയതുകൊണ്ടാണ് സ്ത്രീകൾക്ക് വര്‍ത്തമാനത്തിലുള്ള പല മനുഷ്യാവകാശങ്ങളും അനുഭവിക്കുന്നത്. അത് രാഷ്ട്രീയാവകാശങ്ങളുടെ രൂപത്തിൽ മാത്രമല്ല, മനുഷ്യാവകാശങ്ങൾ പോലും അങ്ങനെയാണ് നേടിയിട്ടുള്ളത്. രാഷ്ട്രീയാധികാരത്തിന്റെ മണ്ഡലത്തിൽ നടക്കുന്ന വിശാലമായ സമരങ്ങളുടെ ഭാഗമായുണ്ടാകുന്ന രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങളുടെ ഗുണഫലങ്ങൾ സ്ത്രീകളുടെ ജീവിതാവസ്ഥയിലും സ്വാഭാവികമായും മാറ്റങ്ങളുണ്ടാക്കും. പക്ഷെ പുരുഷനും സ്ത്രീക്കും ലഭിക്കുന്ന നേട്ടങ്ങളിൽ വലിയ വ്യത്യാസമുണ്ടാവുകയും സ്ത്രീകൾ നാമമാത്രമായ അവകാശാധികാരങ്ങൾ ലഭിക്കുന്നവരാവുകയും ചെയ്യും എന്നതാണ് ഉണ്മ.
മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒഴിഞ്ഞ കസേര അതിഷി തന്റെ സീറ്റിന് അടുത്തായി ഓഫിസിൽ സ്ഥാപിച്ചു. കേജ്‍രിവാളിന്റെ അടയാളമായാണ് കസേര സ്ഥാപിച്ചതെന്ന് അതിഷി പറഞ്ഞു.

‘‘ഈ കസേര പ്രതിനിധീകരിക്കുന്നത് കെജ്‌രിവാളിനെയാണ്. നാലു മാസത്തിനുശേഷം ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് വിശ്വാസമുണ്ട്’’–അതിഷി പറ‍ഞ്ഞു.
താൻ വെറുമൊരു താല്‍ക്കാലിക സംവിധാനം മാത്രമാണെന്നും കെജ്‍രിവാളാണ് ഇപ്പോഴും യഥാർത്ഥ മുഖ്യമന്ത്രിയെന്നും അതിഷി ആവര്‍ത്തിക്കുന്നുണ്ട്. തന്നെ സംശയിക്കരുതെന്നും തന്റെ ഭരണാധികാര പദവി പുരുഷാധികാരിയെ ഒരുതരത്തിലും ആകുലനാക്കേണ്ട ഒന്നല്ലെന്നും ഉറപ്പിക്കാനായി പരസ്യമായി പ്രഖ്യാപിക്കുന്നുമുണ്ട്. കെജ്‍രിവാളാണ് തന്റെ ഗുരുവെന്നും തന്റെ നേട്ടങ്ങൾക്ക് താൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നുമൊക്കെ അതിഷി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിൽ ഇത്തരത്തിലൊരു രാജിയും അധികാരക്കൈമാറ്റവും ജനാധിപത്യ പ്രക്രിയയായാണ് നടക്കേണ്ടതും അവതരിപ്പിക്കേണ്ടതും. പകരം പുരുഷാധികാര സ്ഥാപനത്തിലെ ഒരിടപാടിന്റെ രൂപത്തിലേക്കാണ് മാറ്റുന്നത്. സ്ത്രീകളുടെ രാഷ്ട്രീയാധികാരം ഒരു പുരുഷാധികാര ബിംബത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നും മുക്തമാകുന്നില്ല എന്നും ഇത് കാണിക്കുന്നു. മേധാവിയും ഗുരുവും വഴികാട്ടിയുമൊക്കെയായി പ്രത്യക്ഷപ്പെടുന്നൊരു പുരുഷാധികാര ബിംബമില്ലാതെ സ്ത്രീകൾക്ക് സ്വീകാര്യത പോലും ലഭിക്കുന്നില്ല. അധികാരം താല്‍ക്കാലികമായി കൈമാറുമ്പോൾ അത് സുരക്ഷിതമായി കൈമാറാനും വേണ്ടപ്പോൾ, തിരിച്ചെടുക്കാനുമുള്ള പദ്ധതിയിൽ, പുരുഷാധികാര വ്യവസ്ഥയുടെ ചങ്ങലകളില്‍ വിധേയത്വവും വിശ്വസ്തതയും കൂടുതൽ ആവശ്യപ്പെടുന്നത് സ്ത്രീകളിൽ നിന്നായതുകൊണ്ടുകൂടിയാണ് അതിഷി മുതല്‍ നേതാക്കളുടെ ഭാര്യമാർ വരെയുള്ളവർ കണ്ണിചേര്‍ക്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.