Site iconSite icon Janayugom Online

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. ‘അറ്റ്ലസ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

1942 ജൂലൈ 31ന്​ തൃശൂരിൽ വി കമലാകര മേനോ​ന്‍റെയും എം എം രുഗ്​മിണി അമ്മയുടെയും മകനായാണ്​ എം എം രാമചന്ദ്രന്റെ ജനനം. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. വൈശാലി, സുകൃതം, ധനം,വാസ്തുഹാര, കൗരവർ, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2015ൽ സാമ്പത്തിക ​ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന്​ ജയിലിലായ അദ്ദേഹം 2018ലാണ്​ പുറത്തിറങ്ങിയത്​.

അറ്റ്ലസ് രാമചന്ദ്രൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എൻ ഷംസീർ അനുശോചിച്ചു. സ്ഥാപനവും പരസ്യ വാചകവും ഒരു വ്യക്തിയുടെ അടയാളമാവുക അപൂർവമാണ്. അറ്റ്ലസ് രാമചന്ദ്രൻ അത്തരമൊരു വ്യക്തിത്വമാണ്. വ്യവസായി എന്ന നിലയിൽ മാത്രമല്ല, മനുഷ്യ സ്നേഹി, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രവാസി മലയാളികളുടെയും കേരളീയരുടേയും ഇടയിൽ ഏറെ സ്വീകാര്യനായിരുന്നു അദ്ദേഹം. ‘വൈശാലി’ അടക്കം നിരവധി നല്ല സിനിമകളുടെ നിർമ്മാതാവെന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

Eng­lish sum­ma­ry; Atlas Ramachan­dran passed away

You may also like this video;

Exit mobile version