200 അടിച്ചാൽ 500, 700 അടിച്ചാൽ 1000; എസ്ബിഐയുടെ അത്ഭുത എടിഎം

Web Desk
Posted on November 10, 2019, 9:14 am

ബംഗളൂരു: നിങ്ങൾക്ക് എപ്പാേഴെങ്കിലും ചോദിച്ചതിലും കൂടുതൽ പൈസ എടിഎം തന്നിട്ടുണ്ടോ? എന്നാൽ 200 രൂപ ചോദിച്ചവര്‍ക്ക് 500 കൊടുത്ത അത്ഭുത എടിഎം മെഷീൻ ആണ് എല്ലാവരുടെയും സംസാര വിഷയം. സേലം-ബംഗളൂരു ഹൈവേയിലുള്ള എസ്ബിഐ എടിഎമ്മിലാണ് സംഭവം. പണം കൂടുതല്‍ കിട്ടുമെന്ന വാര്‍ത്ത നിമിഷ നേരം കൊണ്ടാണ് വൈറലായത്. സംഭവം അറിഞ്ഞ് ജനപ്രവാഹമായിരുന്നു എടിഎമ്മിലേയ്ക്ക്.

പണം അടിച്ചുകൊടുത്തവര്‍ക്ക് കൂടുതല്‍ കിട്ടി. 700 അടിച്ചപ്പോള്‍ 1000 കിട്ടിയവരുമുണ്ട്. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പോയത് 700 രൂപ മാത്രമാണ്. ഇതോടെയാണ് ജനം കൂട്ടമായി എത്തിയത്. അബദ്ധം പറ്റി എന്ന് ബോധ്യപ്പെട്ട അധികൃതര്‍ക്ക് ഉടൻ തന്നെ എടിഎം താല്‍ക്കാലികമായി അടച്ചു. എടിഎമ്മിലെ 200 രൂപയുടെ ബോക്‌സിന്റെ സ്ഥാനത്ത് 500 നിറച്ചതാണ് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

എടിഎമ്മില്‍ നിന്ന് നിരവധി ആളുകള്‍ 200 നു പകരം 500 രൂപ കൈപ്പറ്റിയെന്നാണ് ലഭിക്കുന്ന വിവരം. അക്കൗണ്ടുകള്‍ പരിശോധിച്ച്‌ നഷ്ടപ്പെട്ട പണം അതു ലഭിച്ചവരില്‍ നിന്നും വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.