രാജ്യത്ത് എംടിഎം സൗകര്യങ്ങള്‍ ഇപ്പോഴും അപര്യാപ്തം

Web Desk
Posted on May 15, 2019, 10:33 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബാങ്കിങ് സംവിധാനം ആത്യന്താധുനികമെന്ന് മോഡി സര്‍ക്കാര്‍ വീമ്പിളക്കുമ്പോഴും രാജ്യത്ത് എടിഎം സൗകര്യങ്ങള്‍ ഇപ്പോഴും അപര്യാപ്തമെന്ന് റിപ്പോര്‍ട്ട്. ഇടപാടുകാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റ് ബ്രിക്‌സ് രാജ്യങ്ങളെ അപേക്ഷിച്ച് എടിഎമ്മുകളുടെ എണ്ണത്തില്‍ വന്‍കുറവാണുള്ളത്. ഒരുലക്ഷം പേര്‍ക്ക് ഇത്ര എണ്ണം എടിഎം എന്ന അടിസ്ഥാനത്തിലാണ് കണക്കുകള്‍. റഷ്യയില്‍ ഒരു ലക്ഷം പേര്‍ക്ക് 164 എടിഎമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. ബ്രസീല്‍ 107, ചൈന 81, ദക്ഷിണാഫ്രിക്കയില്‍ 68 എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് കേവലം 22 എണ്ണം മാത്രമാണ്. നഷ്ടക്കണക്കുകള്‍ ചൂണ്ടിക്കാട്ടി ബാങ്കുകള്‍ എടിഎം സംവിധാനങ്ങള്‍ അടച്ചുപൂട്ടുന്നതാണ് ഇതിനുള്ള മുഖ്യകാരണം. എന്നാല്‍ ഇതൊക്കെ നിയന്ത്രിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

ബാങ്ക് ഇടപാടുകാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അടച്ചുപൂട്ടുന്ന എടിഎമ്മുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. സുരക്ഷാ സംവിധാനങ്ങള്‍, ആധുനിക സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് കോടികള്‍ ചെലവാകുമെന്ന് നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെലവ് കുറയ്ക്കുന്നതിനാണ് ഇടപാടുകാരുടെ കുറവ് ചൂണ്ടിക്കാട്ടി എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നത്. സമൂഹ ശ്രേണിയിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ റസ്റ്റം ഇറാനി വ്യക്തമാക്കുന്നു. ജന്‍ധന്‍ യോജന പ്രകാരം 355 ദശലക്ഷം പേരാണ് ബാങ്കിങ് സംവിധാനത്തില്‍ പുതുതായി എത്തിയത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ കുറവ് ചൂണ്ടിക്കാട്ടി ഗ്രാമീണ മേഖലയിലെ എടിഎമ്മുകള്‍ അടച്ചുപൂട്ടുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.

You May Also Like This: