September 28, 2022 Wednesday

ആത്മ നിർഭർ ഭാരത്; ആഗോള നിക്ഷേപകർക്ക് 1.68 ലക്ഷംകോടി

പ്രത്യേക ലേഖകൻ
ന്യൂഡൽഹി
September 10, 2020 10:23 pm

സ്വാശ്രയ ഭാരത (ആത്മ നിർഭർ ഭാരത്) മെന്ന് ആണയിടുന്ന ബിജെപി സർക്കാർ ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിന് 1.68 ലക്ഷംകോടി രൂപയുടെ ഉത്തേജക പദ്ധതിക്ക് രൂപം നല്കി. കോവിഡ് ലോക്ഡൗണിനെ തുടർന്ന് സാധാരണക്കാരെ സഹായിക്കാൻ 65,000 കോടി കണ്ടെത്താനില്ലെന്ന് പറഞ്ഞ കേന്ദ്രസർക്കാരാണ് ആത്മ നിർഭർ ഭാരതിന്റെ കടകവിരുദ്ധമായി ആഗോള നിക്ഷേപകർക്ക് ഉത്തേജനം നല്കാനൊരുങ്ങുന്നത്. വസ്ത്ര നിർമ്മാണം, ഭക്ഷ്യസംസ്കരണം, പ്രത്യേക മരുന്ന് ഉല്പന്നങ്ങൾ, സോളാർ പാനൽ ഉല്പാദനം, വാഹന നിർമ്മാണം, ഉപഭോഗ വസ്തുക്കൾക്കായുള്ള പ്രത്യേക സ്റ്റീൽ ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ നിക്ഷേപം നടത്തുന്നതിനാണ് ആഗോള നിക്ഷേപകരെ തേടുന്നതെന്ന് ബ്ലൂംബർഗ് പുറത്തുവിട്ട വാർത്തയിൽ പറയുന്നു.

ഉല്പാദനാധിഷ്ഠിത പ്രോത്സാഹനമായാണ് സാമ്പത്തിക ആനുകൂല്യങ്ങൾ നല്കുക. അടുത്ത അഞ്ച് വർഷത്തേയ്ക്ക് വില്പനയുടെ നാലു മുതൽ ആറു ശതമാനം വരെ തുക പ്രോത്സാഹനമായി നല്കും. ഇപ്പോൾ ആഗോള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നിർദ്ദേശിച്ചിരിക്കുന്ന മേഖലകളിൽ ചിലതെങ്കിലും തദ്ദേശീയമായി ഉല്പാദിപ്പിക്കപ്പെടുന്നവയാണെന്ന പ്രത്യേകതയുമുണ്ട്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ തുടർന്ന് വളർച്ചാ നിരക്ക് വിപരീത ദിശയിലെത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി ആഗോള നിക്ഷേപകരെ തേടുന്നത്. 23.9 ശതമാനമാണ് വളർച്ച നിരക്ക് ഇടിഞ്ഞിരിക്കുന്നത്.

കോർപ്പറേറ്റ് നികുതി ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും നരേന്ദ്ര മോഡി സർക്കാർ അവകാശപ്പെടുന്നതുപോലെ നിക്ഷേപത്തിനായുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യയെ കാണുന്നില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ചൈന തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ചൈനക്ക് പുറത്ത് സംരംഭങ്ങൾ തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നവർ പിന്നീട് തെരഞ്ഞെടുക്കുന്നത് കംബോഡിയയെയും പിന്നാലെ മ്യാൻമർ, ബംഗ്ലാദേശ്, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളെയുമാണെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് നടത്തിയ സർവേയിൽ പറയുന്നു.

Eng­lish summary;Atma Nirb­har Bharat; 1.68 lakh crore to glob­al investors

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.