കോവിഡ് രോഗത്തിന്റെ വാഹകരായി സംസ്ഥാനത്തെ എടിഎമ്മുകൾ

Web Desk

കൊച്ചി

Posted on July 29, 2020, 6:23 pm

കോവിഡ് രോഗത്തിന്റെ  വാഹകരായി സംസ്ഥാനത്തെ എടിഎമ്മുകൾ. കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോഴും സംസ്ഥാനത്തെ 43 ശതമാനം എടിഎമ്മുകളിലും സാനിറ്റൈസർ ലഭ്യമല്ല. കോവിഡിന്‍റെ തുടക്കത്തിൽ എടിഎമ്മുകളിൽ കണ്ട ശുചിത്വസംവിധാനങ്ങൾ നിശ്ചലമായെന്ന് പഠന റിപ്പോർട്ട്. കൊച്ചിയിലെ സെന്‍റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ്‌ എൻ‌വയോൺ‌മെന്‍റൽ സ്റ്റഡീസ് (സിഎസ്‌ഇഎസ്‌) സംസ്ഥാനത്തെ 276 എടിഎമ്മുകളിലായി നടത്തിയ സർവേയിലാണ് ഈ ക‍ണ്ടെത്തൽ. കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള എടിഎമ്മുകൾ ജൂലൈ 24നും 27നും ഇടയ്‌ക്ക്‌ സർവേസംഘം പരിശോധിച്ചു.

എടിഎം ഉപയോഗിക്കുന്നതിന്‌ മുൻപും പിൻപും കൈകൾ ശുചിയാക്കണമെന്നാണ്‌ മാർഗനിർദേശം. റിസർവ് ബാങ്കിന്‍റെ 2020 മാർച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്ത്‌ 9931 എടിഎമ്മുകളുണ്ട്‌. അതിൽ പകുതിയിൽ താഴെയും സാനിറ്റൈസറില്ലാതെയാണ്‌ പ്രവർത്തിക്കുന്നതെന്നും സർവേ വിലയിരുത്തുന്നു. ബാങ്ക്‌ ശാഖകളോട് ചേർന്നുള്ള എടിഎമ്മുകളിൽ മൂന്നിൽ രണ്ടിലും സാനിറ്റൈസർ ലഭ്യമായിരുന്നപ്പോൾ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇത് 38 ശതമാനം മാത്രമായിരുന്നു. കോർപറേഷനുകളിലെ എടിഎമ്മുകളിൽ 70 ശതമാനത്തിലും സാനിറ്റൈസർ ലഭ്യമായിരുന്നപ്പോൾ, പഞ്ചായത്ത്- മുനിസിപ്പൽ പ്രദേശങ്ങളിലെ എടിഎമ്മുകളിൽ ഇത് യഥാക്രമം 55 ശതമാനവും 52 ശതമാനവുംമാത്രമാണ്. കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും ചെയ്യേണ്ട രീതിയും 40 ശതമാനം എടിഎമ്മുകളിൽമാത്രമാണ് പ്രദർശിപ്പിച്ചിരുന്നത്.

മൂന്നിലൊന്ന് എടിഎമ്മുകളിൽമാത്രമാണ് മലയാളത്തിൽ നിർദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്. മഞ്ചേശ്വരം ഭാഗത്തുള്ള പല എടിഎമ്മുകളിലും കന്നടയിലോ തമിഴ് അതിർത്തികളിൽ തമിഴിലോ നിർദേശങ്ങൾ ഇല്ല. വിവരം ശേഖരിച്ച എടിഎമ്മുകളിൽ പലയിടത്തും വളരെ ചെറിയ സാനിറ്റൈസർ കുപ്പിയാണ് വച്ചിരുന്നത്. അവയിൽ പലതിലും സാനിറ്റൈസർ ഇല്ല. ചിലയിടങ്ങളിൽ ബോട്ടിൽ അലക്ഷ്യമായി നിലത്തുകിടക്കുന്ന അവസ്ഥയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Sub: ATM’s turned as medi­um for COVID widen­ing

You may like this video also