കവര്‍ച്ചാ ശ്രമങ്ങള്‍ തുടരുന്നു; സുരക്ഷയില്ലാതെ എടിഎമ്മുകള്‍

Web Desk
Posted on June 28, 2019, 10:47 pm
ബേബി ആലുവ

കൊച്ചി: എടിഎമ്മുകളില്‍ കവര്‍ച്ചാ ശ്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ആവശ്യമായ സുരക്ഷയൊരുക്കാതെ ബാങ്കുകള്‍. പലപ്പോഴും മോഷ്ടാക്കള്‍ കുടുങ്ങുന്നത് തദ്ദേശവാസികളുടെ ഇടപെടലുകള്‍ കൊണ്ടു മാത്രം.  അടുത്തടുത്ത ദിവസങ്ങളില്‍ എറണാകുളം ജില്ലയില്‍ രണ്ടിടത്താണ് എടിഎമ്മുകളില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ഫോര്‍ട്ടുകൊച്ചിയിലും കൂത്താട്ടുകുളത്തും. ഫോര്‍ട്ടുകൊച്ചിയിലെ എസ്ബിഐയുടെ എടിഎമ്മില്‍ മോഷണശ്രമത്തിനിടെ പിടിയിലായത് രാജസ്ഥാന്‍ സ്വദേശികളായ രണ്ടു യുവാക്കളാണ്. എടിഎം കൗണ്ടറില്‍ കയറിയ രണ്ടുപേര്‍ ക്യാമറ മറയ്ക്കാന്‍ ശ്രമിക്കുന്നത്, കൗണ്ടറിനോടു ചേര്‍ന്ന ബാങ്ക് ശാഖയിലെ ശുചീകരണ ജോലിക്കാരി മോണിറ്ററില്‍ കണ്ടതാണ് കവര്‍ച്ചാ ശ്രമം പൊളിയാനിടയാക്കിയത്.

സാധാരണ ആളൊഴിഞ്ഞ പ്രദേശങ്ങളിലെ എടിഎം കൗണ്ടറുകളാണ് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കുന്നത്. ഫോര്‍ട്ടുകൊച്ചിയില്‍ ബാങ്ക് ശാഖയോടു ചേര്‍ന്ന എടിഎമ്മില്‍ നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ചതാണ് വിനയായത്. അതും പകല്‍ 10 മണിക്ക്. യന്ത്രം പൊളിക്കാതെ തട്ടിപ്പു വഴിയിലൂടെ പണം കവരുന്നതാണ് ഇവരുടെ രീതി. തമിഴ് നാട്ടിലും മറ്റും പല തവണ പരീക്ഷിച്ചു വിജയിച്ച തട്ടിപ്പ് ഫോര്‍ട്ടുകൊച്ചിയിലും പ്രയോഗിക്കുകയായിരുന്നു.
കൂത്താട്ടുകുളം ടൗണിലെ ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ പുലര്‍ച്ചെ ഒരു മണിക്ക് തുണികൊണ്ടു മുഖം മറച്ച രണ്ടു പേര്‍ നില്‍ക്കുന്നത് ടൗണിലെ മാംസ വില്‍പ്പനക്കാരായ തദ്ദേശവാസി കണ്ടതാണ് കോതമംഗലം, കൊല്ലം സ്വദേശികളായ മോഷ്ടാക്കളെ കുടുക്കിയത്. തന്റെ രണ്ടു സുഹൃത്തുക്കളെ മോഷ്ടാക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കിയ ശേഷം തദ്ദേശവാസി പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.
ഇതിനു മുമ്പും എടിഎം കൗണ്ടറുകളിലെ യന്ത്രങ്ങള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുമുണ്ടായിട്ടുണ്ട്. കൗണ്ടറുകളില്‍ ഭൂരിഭാഗവും സുരക്ഷാ ജീവനക്കാരില്ലാത്തതാണ്. ഇതുവരെ നടന്ന സംഭവങ്ങളില്‍ കവര്‍ച്ചാ ശ്രമങ്ങള്‍ ഫലിക്കാതെ പോയിട്ടുള്ളതും മോഷ്ടാക്കള്‍ പിടിയിലായിട്ടുള്ളതും നാട്ടുകാരുടെകണ്ണില്‍പ്പെട്ടിട്ടുള്ളതുകൊണ്ടു മാത്രമാണ്. ഇത്തരം സംഭവങ്ങള്‍ തുടരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും കൗണ്ടറുകള്‍ക്കു സുരക്ഷയൊരുക്കുന്നതില്‍ ബാങ്കുകള്‍ പുലര്‍ത്തുന്ന അലംഭാവത്തിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്.

ഇതിനിടെ, എസ്ബിഐ അക്കൗണ്ടുകളില്‍ നിന്ന് ഇടപാടുകാരറിയാതെ ഇതര സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കുന്ന തട്ടിപ്പും തുടരുകയാണ്. അടുത്തിടെ എറണാകുളം തമ്മനം സ്വദേശിയുടെ 25,000 രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പട്‌നയിലെ ഒരു എടിഎം വഴി തട്ടിയെടുത്തതാണ് അവസാനത്തെ സംഭവം. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രശ്‌ന പരിഹാരത്തിനു യാതൊരു നടപടിയും ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പരാതിയുമായി സമീപിക്കുന്ന പണം നഷ്ടപ്പെട്ടവരോട് പൊലീസില്‍ പരാതിപ്പെടാന്‍ ഉപദേശിക്കുന്നതോടെ സ്വന്തം ചുമതല തീര്‍ന്നു എന്ന മട്ടാണ് ബാങ്ക്അധികൃതര്‍ക്ക്. ഇതുവരെ ഈ രീതിയില്‍ പണം നഷ്ടപ്പെട്ടിട്ടുള്ളത് എസ്ബിഐയുടെ വിവിധ ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നു മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.
എടിഎം, ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 50 ശതമാനത്തിലേറെ വര്‍ധനവുണ്ടായതായി ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. എസ്ബിഐ ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കുന്നത് മതിയായ സുരക്ഷയില്ലാത്ത സെര്‍വറിലാണെന്ന ഗുരുതരമായ കണ്ടെത്തലും ഈയിടെ പുറത്തു വന്നിരുന്നു.