Monday
22 Jul 2019

കുരീപ്പുഴയ്ക്ക് നേരെ അക്രമം; യുവകലാസാഹിതിയും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധിച്ചു

By: Web Desk | Tuesday 6 February 2018 8:12 PM IST


കുരിപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ 

നീലേശ്വരം: സംഘപരിവാറിന്റെ ഫാസിസ്റ്റ് പ്രവണതയെ വിമര്‍ശിച്ച മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ആക്രമിക്കപ്പെട്ടത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് യുവകലാസാഹിതി ജില്ലാക്കമ്മിറ്റി അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്രത്തിന്റെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ ലക്ഷണങ്ങളാണ് ഇത്തരം ഹീന പ്രവര്‍ത്തികളിലൂടെ വെളിപ്പെടുന്നത്. കേരളത്തിന്റെ പ്രബുദ്ധമായ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന എല്ലാ ജനാധിപത്യ സ്‌നേഹികളും കുരീപ്പുഴയ്ക്ക് നേരെയുള്ള കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കണമെന്ന് യുവകലാസാഹിതി അഭ്യര്‍ഥിച്ചു.
കാസര്‍കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ഫാസിസ്റ്റ് ആക്രമണത്തിനെതിരെ കാസര്‍കോട്ടെ സാഹിത്യസാംസ്‌കാരിക കൂട്ടായ്മ പ്രതിഷേധിച്ചു. കാസര്‍കോട്ടെ ഒപ്പു മരച്ചോട്ടില്‍ നടന്ന പ്രതിഷേധ സംഗമം എഴുത്തുകാരന്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു എതിരെയുള്ള കടന്നാക്രമണത്തെ ശക്തമായി പ്രതിരോധിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, എ എസ് മുഹമ്മദ് കുഞ്ഞി, സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പുകസ ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദ്കുമാര്‍ പെരുമ്പള, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ്കുഞ്ഞി. റഹ്മാന്‍ മുട്ടത്തോടി, രാജേഷ്‌കുമാര്‍ ആര്‍ എസ്, രവീന്ദ്രന്‍ പാടി, പിവികെ അരമങ്ങാനം, എം പദ്മക്ഷന്‍, പ്രഭാകരന്‍ ഹരിപുരം, കെ കെ ബാലചന്ദ്രന്‍, കെ ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും കെ എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.