Thursday
21 Mar 2019

സിറിയയില്‍ ആക്രമണം തുടര്‍ക്കഥ

By: Web Desk | Thursday 1 March 2018 8:57 PM IST


ഗൗത്ത: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൗത്തയില്‍ വീണ്ടും സിറിയന്‍ സേനയുടെ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ നടന്ന ആക്രമണത്തില്‍ അഞ്ച് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.
2013 മുതല്‍ വിമതസേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഗൗത്ത. ഇവിടെ രണ്ടാഴ്ചക്കിടെ സര്‍ക്കാര്‍ സേന നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. 340 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇതുവരെ 561 പേര്‍ കൊല്ലപ്പെട്ടെന്നാണ് സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് കണക്കാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 185 പേര്‍ കുട്ടികളും 109 സ്ത്രീകളുമാണ്.
ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ പ്രദേശത്തെ ആറോളം ആശുപത്രികളാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്. നിരവധി സ്‌കൂളുകളും കെട്ടിടങ്ങളും തകര്‍ന്നു. പതിനായിരക്കണക്കിനാളുകള്‍ക്ക് വീട് ഇല്ലാതായി. റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം വിമതര്‍ക്കെതിരെ പോരാടുന്നത്. എന്നാല്‍ ഗൗത്തയിലെ ആക്രമണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് റഷ്യന്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു.
ഫെബ്രുവരി 24ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിച്ചിരുന്നു. രണ്ടുദിവസത്തിന് ശേഷം റഷ്യ മുന്‍കയ്യെടുത്ത് ദിവസം അഞ്ചുമണിക്കൂര്‍ വീതം വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആക്രമണം ഇടതടവില്ലാതെ തുടരുകയാണെന്ന് പ്രദേശവാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിക്കുന്നു.

Related News