Web Desk

ജറുസലേം

May 15, 2021, 10:22 pm

ആക്രമണം രൂക്ഷം, ഗാസയില്‍ നിന്ന് കൂട്ടപ്പലായനം

Janayugom Online

ഗാസയ്ക്കുമേല്‍ കര, നാവിക, വ്യോമ സേനകളെ ഉപയോഗിച്ച് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ട്. പലസ്തീന്‍ അനുകൂല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത അന്താരാഷ്ട്രമാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ത്തു. അല്‍ജസീറ, എപി, തുടങ്ങിയ സ്ഥാപനങ്ങളുടെ കെട്ടിടമാണ് തകര്‍ത്തത്. കെട്ടിടം നാമവശേഷമായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിൽ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ 31 കുട്ടികളു​ൾപ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 126 ആയി ഉയര്‍ന്നു. 920 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. പശ്ചിമ ഗാസയിലെ​ ഷാതി അഭയാർത്ഥി ക്യാമ്പിനു നേരെ ഇസ്രയേൽ നടത്തിയ ബോം​ബാക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. 

പലസ്​തീൻ പ്രവിശ്യയിൽ 160 ഓളം വിമാനങ്ങൾ ഉപയോഗിച്ച്​ വ്യോമാക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ടാങ്കുകളും പീരങ്കികളും കരയിൽനിന്നും യുദ്ധക്കപ്പലുകൾ വഴി കടലിൽനിന്നും ആക്രമണം തുടരുകയാണ്​. വടക്കൻ ഗാസയിലാണ്​ ഏറ്റവും കൂടുതൽ നാശനഷ്ട്ങ്ങളുണ്ടായത്​. യുഎന്നും വിവിധ രാജ്യങ്ങളും ആക്രമണം നിര്‍ത്തണമെന്ന ആവശ്യമുയർത്തിയിട്ടും പിന്തിരിയില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഇസ്രയേലിൽ സമാധാനം പുനഃസ്ഥാപിക്കുംവരെ ആക്രമണം തുടരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. 

ഗാസയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കില്‍ തെരുവിലിറങ്ങിയവര്‍ക്ക് നേരെ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. 1,334 പേർക്ക്​ വിവിധ സംഭവങ്ങളിലായി പരിക്കേറ്റതായും റെഡ്​ക്രസന്റ് അറിയിച്ചു. ലെബനൻ അതിർത്തി പ്രദേശത്ത്​ പ്രതിഷേധങ്ങളിൽ ​പ​ങ്കെടുത്ത ഒരാളെ കൂടി ഇസ്രയേൽ പൊലീസ്​ വെടിവച്ചുകൊന്നു. അതിനിടെ, ഇസ്രയേൽ കുടിയൊഴിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ച കിഴക്കൻ ജറൂസലേം പ്രദേശമായ ശൈഖ്​ ജർറാഹിൽ അറസ്റ്റ്​ തുടരുകയാണ്​.

ENGLISH SUMMARY:Attack inten­si­fies, mass exo­dus from Gaza
You may also like this video