ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം; അടിയന്തര നീക്കത്തിന് കേന്ദ്രം

Web Desk
Posted on February 12, 2018, 11:11 am

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഒരു സൈനികൻ മരിച്ചു. അടിയന്തര  നീക്കത്തിന് പ്രതിരോധവകുപ്പ്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കരണ്‍ നഗറിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണശ്രമം ഉണ്ടായത്. സംഭവത്തില്‍ പരുക്കേറ്റ  ജവാനാണ്  പിന്നീട് മരിച്ചത് . ഭീകരര്‍ക്കെതിരായ സൈനികപോരാട്ടം തുടരുകയാണ്.

സിആര്‍പിഎഫ് 23-ാം നമ്ബര്‍ ബെറ്റാലിയന് നേരെയാണ് ആക്രമണശ്രമം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ സുജ്വാന്‍ സൈനികക്യാമ്പിന് നേരെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് കരണ്‍ നഗറിലും ആക്രമണശ്രമം ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ രണ്ട് അജ്ഞാതര്‍ ആയുധങ്ങളുമായി ക്യാമ്പി ലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് സിആര്‍പിഎഫ് വക്താവ് പറഞ്ഞു. ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് രക്ഷപെട്ട ഭീകരര്‍ അടുത്തുള്ള വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും വക്താവ് പറഞ്ഞു. ഈ വീട് സിആര്‍പിഎഫ് വളഞ്ഞിരിക്കുകയാണ്.

ഭീകരരെ പിടികൂടുന്നതിനായി കുടുതല്‍ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികളെ കുറിച്ച്‌ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി ചര്‍ച്ച ചെയ്തു. പ്രതിരോധമന്ത്രി  നിർമല സീതാരാമൻ മേഖല സന്ദർശിക്കും.

അതേസമയം, വെള്ളിയാഴ്ച സുജ് വാന്‍ സൈനികക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി. ഞായറാഴ്ച മൂന്ന് സൈനികരുടെയും ഒരു പ്രദേശവാസിയുടെയും മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാല് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.