കോഴിക്കോട് : കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനു നേരെയുണ്ടായ അക്രമത്തിൽ ക്രൈം രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാറിന്റെ നടപടി അപലപനീയവും ആപത്കരവുമാണന്ന് മിസോറാം ഗവർണർ അഡ്വ: പി. എസ് ശ്രീധരൻപിള്ള. വേദിയിൽ വച്ച് ഇർഫാൻ ഹബീബ് കാണിച്ചത് ക്രിമിനൽ കുറ്റമാണ്. എന്നാൽ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ശ്രീധരൻപിള്ള കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് പ്രോട്ടോകോൾ ഉണ്ട്. മിനുട് ബൈ മിനിട്ട് പരിപാടിയാണത്. പങ്കെടുക്കുന്നവരുടെയും പ്രസംഗിക്കുന്നവരുടെയും പട്ടിക നേരത്തെ തയാറാക്കുന്നതാണ്. പരിപാടിയുടെ പട്ടികയിൽ ഇല്ലാത്തയാൾ എങ്ങിനെ വേദിയിൽ എത്തിയെന്നത് അന്വേഷിക്കണം. ഗവർണർക്കുനേരെ ഇയാൾ പാഞ്ഞടുക്കുകയായിരുന്നു. ഗവർണറുടെ എ. ഡി. സിയെ തള്ളിമാറ്റിയാണ് അക്രമം കാണിച്ചത്. ക്രിമിനൽ കുറ്റമാണ് നടന്നിട്ടുള്ളത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതാണ്. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ തലത്തിൽ നടപടിയുണ്ടായിട്ടില്ല. നിയമവ്യവസ്ഥ തകർന്നാൽ എന്തായിരിക്കും ഫലമെന്ന് അദ്ദേഹം ചോദിച്ചു.
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ ഗവർണർമാർക്കെതിരേ കരിങ്കൊടി കാണിച്ചത് കേരളത്തിലും ബംഗാളിലുമാണ്. മറ്റൊരു സംസ്ഥാനത്തിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഭരണഘടനയിൽ പൗരത്വ വിഷയം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്ന വിഷയമാണ്.
രാജ്യത്തെ എല്ലാ ഗവർണർമാർക്കും ഈ വിഷയത്തിൽ ഒരു അഭിപ്രായമാണുള്ളത്. എല്ലാവരും കേരള ഗവർണറെ അക്രമിച്ച നടപടിയെ അപലപിച്ചിട്ടുണ്ട്. ഗവർണറുടെ നിലപാടിന് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ ഇസ്ലമിനെ സാധൂകരിച്ചുകൊണ്ടുള്ള ഏറ്റവും പ്രശസ്തമായ പുസ്തകമെഴുതിയ ആളാണ്. രാജ്യത്ത് പൊതു പ്രവർത്തനത്തിൽ സ്ഫുടം ചെയ്തെടുത്ത അപൂർവ വ്യക്തിത്വത്തിന്റെ ഉടമയാണ് ആരിഫ് മുഹമ്മദ് ഖാൻ. നീതിക്കുവേണ്ടിയാണ് അദ്ദേഹം എക്കാലത്തും ശബ്ദമുയർത്തിട്ടുള്ളതെന്ന് പിള്ള പറഞ്ഞു. കേരളത്തിൽ താൻ നടത്തിയ സന്ദർശനത്തിനിടയിൽ മൂന്ന് ക്രിസ്മസ് ആഘോഷങ്ങളിൽ സംബന്ധിച്ചിരുന്നു. ഗവർണറുടെ പരിപാടി വിജയിപ്പിക്കാൻ വിവിധ ക്രൈസ്തവ സഭകൾ ഇടയ ലേഖനം ഇറക്കുകയുണ്ടായി. ചില പരിപാടികൾ പ്രതിഷേധത്തിൽ മുക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും അതെല്ലാം ജനങ്ങൾ നിരാകരിച്ചതായി ശ്രീധരൻപിള്ള പറഞ്ഞു.
English summary: Attack on Kerala Governor: Mizoram governor condemns state government’s action
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.