Saturday
23 Feb 2019

പ്രസിഡന്‍റ് മഡൂറോയ്ക്ക് നേരെ നടന്ന വധശ്രമവും അതുയര്‍ത്തുന്ന പ്രശ്‌നങ്ങളും

By: Web Desk | Thursday 9 August 2018 10:35 PM IST


 അഡ്വ. ജി സുഗുണന്‍

1498 ല്‍ വെനിേസ്വല കണ്ടുപിടിച്ച ക്രിസ്റ്റഫര്‍ കൊളംബസ് ”ഭൂമിയിലെ പറുദീസ” എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിച്ചത്. ഇവിടുത്ത തദ്ദേശീയരായ ഗോത്ര വിഭാഗം ഇറ്റലിയിലെ വെനീസിലേതുപോലെ വെള്ളത്തിനുമുകളില്‍ പണികഴിപ്പിച്ച വീടുകളിലാണ് താമസിച്ചിരുന്നത്. വെനിസ്വേല എന്ന പേരുവരുവാന്‍ കാരണമിതാണ്.
1521-മുതല്‍ സ്പാനിഷ് കോളനി ഭരണത്തിന്‍ കീഴിലായിരുന്നു വെനിസ്വേല. തെക്കേ അമേരിക്കയിലെ ആദ്യത്തെ സ്പാനിഷ് കുടിയേറ്റം നടന്നത് വെനിേസ്വലയിലെ കുമാന പട്ടണത്തിലാണ്. 1811 ജൂലൈ അഞ്ചിന് വെനിേസ്വല സ്വാതന്ത്ര്യം നേടി. ഫ്രാന്‍സിസ്‌കോ ഡി മിറാന്‍റേയും, സൈമര്‍വോളിവറുമായിരുന്നു സ്വാതന്ത്യസമരനായകന്മാര്‍. സ്വാതന്ത്ര്യാനന്തരം ഗ്രാന്റ് കൊളംബിയയുടെ ഭാഗമായിരുന്ന വെനിേസ്വല 1830 ല്‍ അതില്‍ നിന്നും വിട്ട് സ്വതന്ത്ര റിപ്പബ്ലിക് ആയി. 1958 വരെ ഏകാധിപത്യഭരണവും പട്ടാള അട്ടിമറികളും വെനിേസ്വലയില്‍ മാറിമാറി വന്നു. ഇതില്‍ 1908 മുതല്‍ 1935 വരെ ഭരണത്തിലിരുന്ന ഹുവാന്‍ ബിന്‍സെന്‍ ഗോമസ് ആയിരുന്നു ഏറ്റവും നിഷ്ഠുരനായ ഭരണാധികാരി.

1958 ല്‍ ജനാധിപത്യരീതിയിലുള്ള ഭരണം വെനിേസ്വലയില്‍ ആരംഭിച്ചു. പ്രശസ്തരായ പ്രസിഡന്റുമാരില്‍ പ്രധാനി ഫ്യൂഗോ ഷാവേസ് തന്നെയാണ്. തുടര്‍ച്ചയായി മൂന്നു പ്രാവശ്യം അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷക്കാരനും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുനുമായ ഷാവേസ് അമേരിക്കല്‍ സാമ്രാജ്യത്വത്തിന്റെ കടുത്ത എതിരാളിയായിരുന്നു. ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, നിയോലിബറലിസം തുടങ്ങിയവയുടെ കടുത്ത വിമര്‍ശകനുമായിരുന്നു അദ്ദേഹം. 2002 ല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും മറ്റും ഒത്തോശയോടെ ഷാവേസ് ഭരണകൂടം അട്ടിമറിക്കപ്പെട്ടുവെങ്കിലും രണ്ടുദിവസത്തിനുശേഷം അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തി.
എണ്ണ നിക്ഷേപത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വെനിേസ്വല എണ്ണകയറ്റുമതിയില്‍ അഞ്ചാം സ്ഥാനത്താണ്. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്താണ് വെനിസ്വേല സ്ഥിതിചെയ്യുന്നത്. കരീബിയന്‍ കടലിലെ നൂറോളം ദ്വീപുകളും വെനിേസ്വലയുടെ ഭാഗമാണ്. ബ്രസീല്‍, ദയാന, കൊളംബിയ എന്നിവയാണ് അയല്‍രാജ്യങ്ങള്‍. ഇതില്‍ കൊളംബിയ വെനിസ്വേല ഭരണകൂടത്തിനെതിരായി വ്യാപകമായ കരുനീക്കങ്ങള്‍ നടത്തുന്ന രാജ്യവുമാണ്.

വെനിേസ്വലയിലെ നിലവിലുള്ള പ്രസിഡന്റ് നിക്കോളാസ് മഡൂറോയാണ്. 2013 ല്‍ ഹ്യൂഗോഷാവേസിന്റെ പിന്‍ഗാമിയായാണ് മഡൂറോ അധികാരത്തില്‍ എത്തിയത്. 2013 ല്‍ ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ 1.5 ശതമാം വോട്ടു മാത്രമാണ് മഡൂറോയ്ക്ക് കൂടുതല്‍ ലഭിച്ചതെങ്കില്‍ ഇക്കുറി എതിര്‍ സ്ഥാനാര്‍ത്ഥി പ്രോഗ്രസീവ് അഡ്വാന്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഖോല്‍ ഗോനയെക്കാള്‍ 46 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷണ പദ്ധതികളും സാമൂഹ്യ സുരക്ഷാ നടപടികളുമാണ് ഈ വിജയത്തിന് കളമൊരുക്കിയത്. എണ്ണ ഖനികളാല്‍ സമ്പുഷ്ടമാണെങ്കിലും എണ്ണവിലയിടിവിനെ തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ വളരെ മോശമാണ്.

മഡൂേറായ്ക്ക് നേരെയാണ് കഴിഞ്ഞ ദിവസം തലസ്ഥാനമായ കാരക്കേസില്‍ വച്ച് വധശ്രമം നടന്നത്. പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് നേരെ കരുതിക്കൂട്ടിയുള്ള ഡ്രോണാക്രമണമാണ് നടന്നത്. അദ്ദേഹം രക്ഷപ്പെട്ടതാകട്ടെ തലനാരിഴയ്ക്ക്. സൈനിക പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. നാഷണല്‍ ഗാര്‍ഡിന്റെ 81-ാം വാര്‍ഷികം നടക്കുന്നതിനിടെയാണ് കരുതിക്കൂട്ടിയുള്ള ഈ ആക്രമണം സംഘടിപ്പിച്ചത്.
മഡൂറോ സംസാരിക്കുന്നതിനിടെ പെട്ടെന്ന് മൈക്ക് പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. പിന്നാലെ സ്‌ഫോടനശബ്ദം ഉണ്ടായി. തുടര്‍ന്ന് മഡൂറോയ്ക്കും ഭാര്യയ്ക്കും കൂടെയുള്ളവര്‍ക്കും സൈന്യം സുരക്ഷ ഒരുക്കി. മഡൂറോ സംസാരിക്കുന്നതിന്റെ സമീപത്താണ് ഡ്രോണ്‍ പൊട്ടിത്തെറിച്ചതെന്ന് വാര്‍ത്താ വിതരണ മന്ത്രി ജോര്‍ജ് റോഡ്രഗോസ് പറഞ്ഞു.
ആക്രമണത്തിനുപിന്നില്‍ അയല്‍രാജ്യമായ കൊളംബിയയും, തന്നെ കൊല്ലാനായി പദ്ധതിയിട്ട യു എസ് പിന്തുണയുള്ള തീവ്രവാദികളുമാണെന്ന് മഡൂറോ ആരോപിച്ചിട്ടുണ്ട്. കൊളംബിയിന്‍ പ്രസിഡന്റ് ജോന്‍മാനുവല്‍ സാന്‍ഡോസിന് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. യു എസ് സംസ്ഥാനമായ ഫ്‌ളോറിഡയിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഡൂറോയുടെ ആരോപണം കൊളംബിയ തള്ളിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം അക്രമത്തിന്‍റെ ഉത്തരവാദിത്വം രഹസ്യ സംഘടനയായ നാഷണല്‍ മൂവമെന്റ് ഓഫ് സോല്‍ജിയേഴ്‌സ് ഇന്‍ ടീഷര്‍ട്ട് ഏറ്റെടുത്തു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സംഘടന ഉത്തരവാദിത്വം ഏറ്റെടുത്ത വിവരം അറിയിച്ചത്. മഡൂറോയ്ക്ക് നേരെ രണ്ട് ഡ്രോണ്‍ ആക്രമണങ്ങളാണ് നടത്തിയതെന്നും എന്നാല്‍ സൈന്യം ഇത് വെടിവെച്ചിട്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയതിന്‍റെ തെളിവുകളൊന്നും സംഘടന പുറത്ത് വിട്ടിട്ടില്ല.
ആക്രമണം നടക്കുമ്പോള്‍ മഡൂറോയുടെ ഭാര്യ സിസിലി ഫോറസും സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡൂറോ അധികാരം ഏറ്റെടുത്തതിനു ശേഷം നിരവധി വധശ്രമങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. 2017 ഓഗസ്റ്റ് ആറിന് മുന്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ഒരു ലഫ്റ്റനന്റിനെയും അടക്കം 20 യൂണിഫോമിലുള്ള റിബലുകളെ മഡൂറോയെ ആക്രമിക്കാനുള്ള ശ്രമത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടാനാണ് നാഷണല്‍ മൂവ്‌മെന്റ് ഓഫ് സോള്‍ജിയേഴ്‌സ് ഇന്‍ ടീഷര്‍ട്ട് എന്ന അക്രമം സംഘടിപ്പിച്ചതെന്ന് അവകാശപ്പെടുന്നവര്‍ വ്യക്തമാക്കി. ഇത്തവണ വിജയിച്ചില്ലെങ്കിലും വൈകാതെ ലക്ഷ്യം നിറവേറ്റുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികള്‍ക്കെതിരെ ധീരമായ ജനകീയ ചെറുത്തുനില്‍പ്പുമായി മുന്നേറുന്ന ശക്തനായ നേതാവാണ് നിക്കോളാസ് മഡൂറോ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സാമ്രാജ്യത്വ ശക്തികള്‍ മഡൂറോയുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കരുനീക്കങ്ങള്‍ ശക്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ നേതാക്കള്‍ക്കെതിരെയുള്ള അനവധി ഗൂഢാലോചനകള്‍ അമേരിക്കയില്‍ നടന്നിട്ടുണ്ട്. എന്തായാലും വധശ്രമത്തില്‍ നിന്ന് ഇത്തവണയും അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെട്ടിരിക്കുകയാണ്.
മഡൂറോയെ പുറത്താക്കുകയെന്ന അമേരിക്കന്‍ ലക്ഷ്യം നിര്‍വഹിക്കുന്നതിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രമിക്കുകയാണ് കൊളംബിയയും അവിടുത്തെ വലതുപക്ഷ പ്രസിഡന്റ് മാന്യുല്‍ സാന്റോസും. ഇത് ലോകത്തൊട്ടാകെ അറിയാവുന്ന ഒരു വസ്തുതയുമാണ്.
ബൊളീവിയന്‍ പ്രസിഡന്റ് ഇവാ മൊറേല്‍സ് പ്രസ്താവിച്ചതുപോലെ ജനാതിപത്യ വിരുദ്ധ മാര്‍ഗ്ഗത്തിലൂടെയും സൈനികമായും മഡൂറോയെ പുറത്താക്കുന്നതില്‍ പരാജയപ്പെട്ട അമേരിക്കയും അവരുടെ കൂട്ടാളികളും അദ്ദേഹത്തിന്റെ ജീവനെടുക്കാനാണ് ഇപ്പോള്‍ ഹീനമായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത സര്‍ക്കാരുകളെ അട്ടിമറിക്കുന്നതും നേതാക്കളെ വധിക്കുന്നതും അമേരിക്കയ്ക്ക് പുത്തരിയല്ല. ഗോട്ടിമാലയിലെ ജേക്കബ് അബഞ്ചിനെയും ബ്രസീലിലെ ഗൗലാര്‍ട്ടിനെയും മറ്റും അട്ടിമറിച്ച അമേരിക്ക 1973 ല്‍ ചിലിയിലെ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ പ്രസിഡന്റ് സാല്‍വദോര്‍ അലന്റെയെ വധിച്ചു. ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയെ വധിക്കാന്‍ ഡസന്‍കണക്കിന് തവണയാണ് സിഐഎ ശ്രമിച്ചിട്ടുള്ളത്.

ലോകത്തൊട്ടാകെയുള്ള സാമ്രാജ്യത്വ ശക്തികളും, കമ്മ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങളുമെല്ലാം ഇന്ന് കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ലോകം ശക്തിഹീനമാവുകയും ക്ഷയിക്കുകയും ചെയ്യുകയാണെന്ന വ്യാപകമായ പ്രചാരണം ഒരു ഭാഗത്ത് നടത്തുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ്-ഇടതു ചേരിയിലുള്ള രാജ്യങ്ങള്‍ക്കും അതിന്റെ നേതാക്കള്‍ക്കുമെതിരായി കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമങ്ങളും ഹീനമായ കടന്നാക്രമണങ്ങളും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്. പ്രമുഖരായ ഇടതു-കമ്മ്യൂണിസ്റ്റ് നേതാക്കളെ വകവരുത്താനുള്ള സാമ്രാജ്യത്വത്തിന്റെ കരുനീക്കങ്ങളില്‍ ഒന്നായി മാത്രമേ മഡൂറോയ്ക്ക് നേരെയുള്ള ഈ വധശ്രമത്തെയും നമുക്ക് കാണാന്‍ കഴിയുകയുള്ളൂ.

തന്‍റെ നേരെ നടന്ന വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട നിക്കോളാസ് മഡൂറോ പറയുകയുണ്ടായി:- ”വിപ്ലവത്തിന്‍റെ വഴിയില്‍ എന്നത്തെക്കാളും നിശ്ചയദാര്‍ഢ്യത്തോടെ ഞാന്‍ മുന്നോട്ടു പോകും. ഒരു ശക്തിക്കും അക്കാര്യത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ കഴിയുകയില്ല.”
ലോകത്തൊട്ടാകെയുള്ള ഇടതു-ജനാധിപത്യ ശക്തികളുടെയും, പുരോഗമന പ്രസ്ഥാനങ്ങളുടെയും ആകെ പിന്തുണ സാമ്രാജ്യത്വത്തിന് എതിരായ ചെറുത്തു നില്‍പ്പ് തുടരുന്നതിന് നിക്കോളാസ് മഡൂറോയ്ക്കും വെനസ്വേലയ്ക്കും ഉണ്ടാകുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.