28 March 2024, Thursday

പത്തനംതിട്ടയില്‍ വീണ്ടും നരബലി ശ്രമം: ആഭിചാര ക്രിയകള്‍ക്ക് വിധേയയാക്കാന്‍ ശ്രമിച്ചുവെന്ന് കുടക് സ്വദേശിനി

Janayugom Webdesk
തിരുവല്ല
December 21, 2022 8:50 pm

കുറ്റപ്പുഴയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വാടകവീട്ടില്‍ വച്ച് തന്നെ ആഭിചാര ക്രിയകള്‍ക്ക് വിധേയയാക്കാന്‍ ശ്രമിച്ചുവെന്ന കുടക് സ്വദേശിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. 

ഒരു യു ട്യൂബ് ചാനലാണ് 10 ദിവസം മുന്‍പ് വീഡിയോ പുറത്തു വിട്ടത്. വിഡിയോയില്‍ ഇരയായ യുവതി പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. നരബലി ശ്രമത്തിനിടെയാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിയായ യുവതി അവകാശപ്പെടുന്നത്. ഇവരുടെ വെളിപ്പെടുത്തലില്‍ പറയുന്ന മന്ത്രവാദത്തിന് ആളെ എത്തിച്ചുവെന്ന് പറയുന്ന യുവതിയെയും സംഭവം നടന്നുവെന്ന് പറയുന്ന വീടും തിരിച്ചറിഞ്ഞു.

യുവതിയുടെ വെളിപ്പെടുത്തലില്‍ പറയുന്ന ആള്‍ തൃക്കൊടിത്താനം തൃക്കൊടിത്താനം കോട്ടമുറി കല്ലുങ്കല്‍ അമ്പിളി സുന്ദരന്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടന്നിരിക്കുന്നത് കുറ്റപ്പുഴ റെയില്‍വേ സ്‌റ്റേഷന് നാലുവേലില്‍ ജെ കോട്ടേജില്‍ തോമസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ്. ഈ വീട് മൂന്നു മാസത്തേക്ക് മഞ്ഞാടി സ്വദേശി സഞ്ചു എന്ന ഇടനിലക്കാരന്‍ മുഖേനെ അമ്പിളിക്ക് വാടകയ്ക്ക് നല്‍കിയെന്നാണ് മാത്യു പറയുന്നത്. 

സാധാരണ വാടകയ്ക്ക് കൊടുക്കുമ്പോള്‍ ബ്രോക്കര്‍ ഫീസ് ഇടനിലക്കാരന്‍ കൈപ്പറ്റാറുണ്ട്. ഇവിടെ ഇയാള്‍ ബ്രോക്കര്‍ ഫീസ് വാങ്ങിയിട്ടില്ല. മൂന്നു മാസത്തേക്ക് എന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. തന്റെ വീടു പണി നടക്കുകയാണെന്നും മൂന്നു മാസത്തേക്ക് താമസിക്കുന്നതിനാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. കുടക് സ്വദേശിനിയുടെ വീഡിയോ പുറത്തു വന്നതോടെ വീട് ഒഴിയുകയാണ് എന്ന് അമ്പിളി വീട്ടുടമസ്ഥനെ അറിയിച്ചിരുന്നു. 

സംഭവത്തില്‍ യുവതിയില്‍ നിന്ന് വിവരം ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കുടകിലുള്ള യുവതി തിരികെ വന്ന ഉടന്‍തന്നെ ഇവരെ കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. അമ്പിളി എന്ന ഇടനിലക്കാരിയുടെ കൂടെയുണ്ടായിരുന്ന മന്ത്രവാദിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

രക്ഷപെട്ടത് ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍

ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞാണ് അമ്പിളി സുന്ദരന്‍ എന്ന ഇടനിലക്കാരി കൂട്ടിക്കൊണ്ടു വന്നതെന്ന് യുവതി മൊഴിനല്‍കി. ഡിസംബര്‍ എട്ടിന് ബസ് സ്റ്റാന്‍ഡില്‍ നിന്ന് സ്‌കൂട്ടിയിലാണ് തന്നെ കുറ്റപ്പുഴയില്‍ എത്തിച്ചത്. അമ്പിളി പൂജാരി എന്ന് പരിചയപ്പെടുത്തിയ ആള്‍ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് എത്തി. രാത്രിയായതോടെ ശരീരത്തില്‍ മാല ചാര്‍ത്തിയും മറ്റും പൂജ ആരംഭിച്ച ശേഷം വലിയ വാളെടുത്ത് തന്നെ കൊലപ്പെടുത്താന്‍ പോവുകയാണെന്ന് അമ്പിളിയും മന്ത്രവാദിയും പറഞ്ഞതായും യുവതി മൊഴിനല്‍കി.
ഇതേസമയം അമ്പിളിയുടെ പരിചയക്കാരന്‍ പുറത്തുവന്ന് ബെല്ലടിച്ചതോടെയാണ് നരബലിശ്രമം പരാജയപ്പെട്ടത്. വീടിനു പുറത്തേക്ക് ഓടി വന്ന താന്‍ പുറത്തുവന്ന ആളോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാള്‍ രാവിലെ വരെ തനിക്ക് കൂട്ടുനിന്നു. പുലര്‍ച്ചെ താന്‍ കൊച്ചിയിലേക്ക് മടങ്ങിപ്പോയി. തന്റെ കൈയില്‍ നിന്ന് പൂജയ്ക്കായി 21000 രൂപ ഇവര്‍ വാങ്ങിയതായും യുവതി പറയുന്നു. യുവതി കൊച്ചിയിലെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. 

Eng­lish Sum­ma­ry: Attempt to human sac­ri­fice again in Pathanamthitta

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.