Web Desk

December 09, 2019, 6:34 pm

മാനന്തവാടി രൂപതയെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അപമാനിക്കാനുള്ള ശ്രമം

Janayugom Online

മാനന്തവാടി: രൂപതയുമായി ഒരു ബന്ധവുമില്ലാത്ത വിഷയം ഉയര്‍ത്തിപ്പിടിച്ച് സമരം നടത്തി രൂപതയെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രൂപതാ പി.ആര്‍.ഒ. അംഗങ്ങായ ഫാ. ജോസ് കൊച്ചറയ്ക്കല്‍, ഫാ. നോബിള്‍ പാറയ്ക്കല്‍, സാലു അബ്രഹാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലത്തീന്‍ സഭയുടെ ബെനഡിക്ടൈന്‍ സന്ന്യാസ സഭാംഗമായി ചേരുകയും പിന്നീട് അവിടെ സ്വന്തം അഭ്യര്‍ഥന പ്രകാരം സന്യാസവ്രതങ്ങളില്‍ നിന്ന് വിടുതല്‍ നേടുകയും ചെയ്ത് ഇംഗ്ലണ്ടില്‍ പൗരത്വം നേടി സ്ഥിരതാമസമാക്കിയിരിക്കുന്ന വ്യക്തിയാണ് ദീപ.

ദീപ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങാന്‍ തയ്യാറല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ മാനന്തവാടി രൂപതയ്‌ക്കോ, മെത്രാനോ ഒന്നും ചെയ്യാന്‍ സാധിക്കില്ല. സിസ്റ്റര്‍ ദീപയുടെ മാതാപിതാക്കള്‍ രൂപതാംഗങ്ങള്‍ ആയതുകൊണ്ട് അവര്‍ ആവശ്യപ്പെട്ട സഹായങ്ങള്‍ പരിമിതിക്കുള്ളില്‍ നിന്ന് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ പ്രശ്‌നപരിഹാരമല്ല സമരക്കാരുടെ ആവശ്യം എന്നാണ് മനസിലാക്കുന്നത്.