June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

എന്‍എസ്എസ് ശത്രുപക്ഷത്തെന്ന് വരുത്താന്‍ ശ്രമം: പിണറായി

By Janayugom Webdesk
March 25, 2021

എന്‍എസ്എസും എല്‍ഡിഎഫും ശത്രുപക്ഷത്ത് നില്‍ക്കുന്നവരാണെന്ന് വരുത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍എസ്എസ് പലപ്പോഴും സമദൂരമാണ് പറയാറുള്ളത്, ചിലപ്പോള്‍ ശരിദൂരവും. എന്‍എസ്എസും എല്‍ഡിഎഫും ശത്രുപക്ഷത്താണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. മന്നം ജയന്തിക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ടില്‍ പെടുത്തി ഒഴിവ് നല്‍കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിരുന്നതാണ്. എന്നാല്‍ കൂടുതല്‍ ദിവസങ്ങളില്‍ അവധി നല്‍കുന്നതിന് നിയമപരമായ തടസ്സമുണ്ട്. അതുകൊണ്ട് ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ പൊതു അവധികള്‍ 15 ദിവസത്തില്‍ കൂടുതല്‍ പാടില്ല, അതുകൊണ്ട് ആവശ്യം അനുവദിക്കാനാവില്ല എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

മുന്നോക്ക സംവരണം കേരളത്തില്‍ ഒരു പ്രത്യേക രീതിയില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് വന്നപ്പോള്‍ ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ അത് പ്രാവര്‍ത്തികമാക്കി. സംവരണത്തിന്റെ മാനദണ്ഡങ്ങളും വ്യവസ്ഥയും ഉള്‍പ്പെടുത്തി 2020 ഫെബ്രുവരിയില്‍ ഉത്തരവ് പുറത്തിറക്കി. സബോര്‍ഡിനേറ്റ് സര്‍വീസ് റൂളിലും ഭേദഗതി വരുത്തി. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണം നവംബറില്‍ നടപ്പാക്കി ഉത്തരവിട്ടു. പിഎസ്‌സി മുന്നൂറോളം തസ്തികകളിലേയ്ക്കുള്ള വിജ്ഞാപനത്തില്‍ ഇത് ബാധകമാക്കിയിട്ടുണ്ട്. 9, 19, 29, 39 എന്നിങ്ങനെയുള്ള റൊട്ടേഷനും നിശ്ചയിച്ച് പട്ടിക തയ്യാറാക്കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തത്. എന്നാല്‍ പ്രസിദ്ധീകരിക്കാന്‍ തടസ്സമില്ലെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. എന്‍എസ്എസുമായല്ല, ഒരു വിഭാഗവുമായും തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലിന് സാധാരണ പോകാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയും നാള്‍ തലങ്ങും വിലങ്ങും ഏജന്‍സികളെ കൊണ്ട് അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ലെന്നും അതിന്റെ വിഷമമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായില്‍ നിന്ന് ചോദ്യരൂപത്തില്‍ പുറത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം അയച്ചയാളെ കഴിഞ്ഞ ഒന്‍പത് മാസമായി പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവിടേയ്ക്ക് വരുന്ന കള്ളക്കടത്ത് സ്വര്‍ണം ആര്, എന്തിന് ഉപയോഗിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ല. സ്വര്‍ണം എത്തിയത് ആര്‍എസ്എസ് ബന്ധമുള്ളവരിലേയ്ക്കാണോ എന്ന സംശയവും മുഖ്യമന്ത്രി ഉന്നയിച്ചു. കേസില്‍ യുഎപിഎ ചുമത്തിയിട്ടും പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം കിട്ടി. ആഭ്യന്തരമന്ത്രിക്ക് ഒപ്പമുള്ള ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്നത് പ്രധാന സംശയമാണ്.

വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനര്‍ത്ഥം ആര്‍എസ്എസിന്റെ സഹായം യുഡിഎഫ് പ്രതീക്ഷിക്കുന്നുവെന്നാണ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മൂന്നിടത്ത് ബിജെപിയുടെ പത്രിക തള്ളിയതും ഈ ഒത്തുകളിയുടെ ഭാഗമാണ്. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ തകര്‍ക്കുന്നതിന്റെ ഭാഗമായി മത്സ്യതൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറ‍ഞ്ഞു. തീരദേശ മേഖലയ്ക്കായി 5000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഉന്നയിച്ചവരുടെ ബോധ്യത്തിലുള്ള കാര്യമല്ല ഇടയലേഖനത്തിലൂടെ പുറത്തുവന്നിട്ടുള്ളതെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

രാജ്യസഭ: ജനാധിപത്യത്തിന് എതിരെയുള്ള കടന്നാക്രമണം
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പൊടുന്നനെ നടപടികള്‍ നിര്‍ത്തിവച്ചത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അനുഛേദം 324 പ്രകാരം തെരഞ്ഞെടുപ്പിന് മേല്‍നോട്ടം, നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍, നിയന്ത്രണം എന്നിവയെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയാണ്. അതില്‍ ഇടപെടാന്‍ ഗവണ്‍മെന്റിന് അധികാരമില്ല. തെറ്റായ ഇടപെടലിന് മുന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രഭരണ കക്ഷിയും എന്തിനാണ് തെറ്റായ ഇടപെടലിന് വഴങ്ങിയതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കണം.

ആരോടും ശത്രുതയില്ലെന്ന് സുകുമാരൻ നായർ

എൻഎസ്എസിന് ആരോടും ശത്രുതയില്ലെന്നും കാര്യം പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ലെന്നും ജി സുകുമാരൻ നായർ. മന്നംജയന്തി പൊതുഅവധി ദിവസമാണെങ്കിലും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്ന പൊതു അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് നിവേദനങ്ങള്‍ നല്‍കി. അനുകൂലമായ മറുപടിയല്ല ലഭിച്ചത്. മുന്നാക്കസമുദായങ്ങൾക്കു വേണ്ടിയുള്ള 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിലേക്കുള്ള മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കുവാൻ കഴിയാതിരുന്നത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം വസ്തുതാവിരുദ്ധമാണെന്നും സുകുമാരൻ നായർ പറഞ്ഞു.

ENGLISH SUMMARY:Attempt to make NSS an ene­my: Pinarayi
YOu may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.