ബലാത്സംഗക്കേസിലെ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ വധശ്രമക്കേസും. തന്നെ കൊലപ്പെടുത്താന്‍ എംഎല്‍എ ശ്രമിച്ചെന്ന് പരാതിക്കാരി മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് വധശ്രമത്തിനും കേസെടുത്തിരിക്കുന്നത്.
സെപ്റ്റംബര്‍ 14നാണ് കോവളത്ത് വച്ച് സംഭവം നടന്നത്. കോവളം ആത്മഹത്യാ മുനമ്പില്‍ വച്ച് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. 307, 354 എ വകുപ്പുകളാണ് എംഎല്‍എക്കെതിരെ ചുമത്തിയത്. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കി.
തനിക്കെതിരെ എംഎല്‍എ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കി. ഒളിവിലിരുന്ന് ഇതിനായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കിയെന്നും അവര്‍ പറഞ്ഞു. പണം നല്‍കിയതിന്റെ തെളിവുകളുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.
അതിനിടെ, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്ന നിരവധി തെളിവുകളാണ് പൊലീസിന് ലഭിച്ചത്. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മദ്യക്കുപ്പിയും ഇതോടൊപ്പം കണ്ടെത്തി. സെപ്റ്റംബര്‍ 15ന് വീട്ടില്‍ വന്നപ്പോള്‍ എല്‍ദോസ് ഉപേക്ഷിച്ചുപോയതാണ് ഇവയെന്നാണ് അധ്യാപികയായ പരാതിക്കാരിയുടെ മൊഴി.
പത്ത് ദിവസത്തോളമായി എംഎല്‍എ ഒളിവിലാണ്. നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അവകാശപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നടപടിയൊന്നും സ്വീകരിക്കാനാകാത്തത് കോണ്‍ഗ്രസിനും യുഡിഎഫിനും നാണക്കേടായിരിക്കുകയാണ്. എല്‍ദോസ് എവിടെയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
English Summary: Attempt to murder case against MLA: Eldos and Congress in further entanglement
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.