ചന്ദനം കടത്താന്‍ ശ്രമം; ഉദ്യോഗസ്ഥര്‍ വനം വളഞ്ഞു, പ്രതികള്‍ ഓടി രക്ഷപെട്ടു

Web Desk
Posted on October 17, 2019, 9:56 pm

മറയൂര്‍: ചന്ദനം കടത്താന്‍ ശ്രമിക്കുന്നതിനിടെ വനപാലകര്‍ വളഞ്ഞതില്‍ മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടു. കടത്താന്‍ ശ്രമിച്ച ചന്ദന വേരുകളും മുറിക്കാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷ്ടാക്കള്‍ നാച്ചിവയല്‍ ചന്ദന റിസര്‍വ് അമ്പലപാറയിലെത്തി ചന്ദനം മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്.

ഈ സമയം നിരിക്ഷണത്തിലേര്‍പെട്ടിരുന്ന താത്കാലിക വാച്ചര്‍ ഓഫീസിലേക്ക് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വനംവളഞ്ഞെങ്കിലും മോഷ്ടാക്കള്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വനത്തിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് പാറയിടുക്കില്‍ നിന്നും 20 കിലോയോളം വരുന്ന ചന്ദന വേരുകളും മുറിക്കാനുപയോഗിച്ച വാള്‍, കത്തി തുടങ്ങിയ ആയുധങ്ങളും കണ്ടെത്തിയത്.

മോഷണ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപെടുന്നതിനിടെ പ്രതികളിലൊരാളുടെ എറ്റിഎം കാര്‍ഡ് സംഭവസ്ഥലത്ത് നിന്നും വനംവകുപ്പിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിച്ച് വരുകയാണ്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെവി ഫിലിപ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെകെ സജിമോന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിശിവപ്രസാദ്, എസ് പ്രദുല്‍, ട്രൈബല്‍ വാച്ചര്‍മാരായ എസ് തങ്കമുത്തു, വിആര്‍ ശശി, രാജപ്പന്‍ ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.