അതുല്യ എൻ വി

തിരുവനന്തപുരം

March 02, 2020, 9:27 am

നഗരം ഉത്സവ ലഹരിയിൽ; പൊങ്കാല മഹോത്സവത്തിന് കൊടിയേറി

Janayugom Online

ഒൻപത് നാൾ അനന്തപുരിയെ ഭക്തിയിൽ ആറാടിക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. പൊങ്കാല നിവേദ്യത്തിന്റെ അനുഗ്രഹ മധുരം തേടിയെത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ വരവേൽക്കാൻ തലസ്ഥാനനഗരിയൊരുങ്ങിക്കഴിഞ്ഞു. രാവിലെ 9.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി. ഒൻപതിനാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഇന്നലെ ചലച്ചിത്രതാരം അനുസിത്താര നിർവഹിച്ചു. അംബ, അംബിക, അംബാലിക എന്നീ മൂന്ന് സ്റ്റേജുകളിലായാണ് ഉത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികൾ നടക്കുന്നത്.

ചടങ്ങിൽ പ്രശസ്ത കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ആറ്റുകാൽ അംബാ പുരസ്കാരം നൽകി ക്ഷേത്രം ട്രസ്റ്റ് ആദരിച്ചു. ഒൻപതിന് നടക്കുന്ന പൊങ്കാലയിൽ 45 ലക്ഷം ഭക്തർ പങ്കെടുക്കുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ കണക്കുകൂട്ടൽ. രാവിലെ 10. 20ന് അടുപ്പ് വെട്ടോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാകുന്നത്. അതോടെ ക്ഷേത്രത്തിന് ചുറ്റുമുള്ള പത്ത് കിലോമീറ്ററോളം പ്രദേശം യാഗശാലയാകും. ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം. രാത്രി 7.30ന് കുത്തിയോട്ടം ചൂരൽകുത്ത് ആരംഭിക്കും. രാത്രി 10. 30 നാണ് പുറത്തെഴുന്നള്ളിപ്പ്. പത്താം തീയതി രാത്രി നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് ക്ഷേത്രപരിസരത്തും നഗരത്തിലും ഒരുക്കിയിട്ടുള്ളത്.

ഗ്രീൻ പ്രോട്ടോക്കോളുമായി കോർപറേഷൻ

മുൻവർഷങ്ങളിലെപോലെ ഇത്തവണയും പൂർണ്ണമായും ഹരിതപൊങ്കാലയാക്കി മാറ്റാനായി സജ്ജമാണ് കോർപറേഷൻ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെയും കോർപറേഷന്റെ സമഗ്ര മാലിന്യ പരിപാലന നിയമത്തിന്റെയും അടിസ്ഥാനത്തിൽ ഗ്രീൻപ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കോർപറേഷൻ ആരോഗ്യവിഭാഗവും രംഗത്തുണ്ട്. ഡിസ്പോസിബിളുകളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മികച്ച രീതിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് അന്നദാനം, കുടിവെള്ള വിതരണം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഇത്തവണയും കോർപറേഷൻ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലേത് പോലെ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിച്ച് കോർപറേഷൻ – സർക്കാർ ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് നൽകും.

ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രം ട്രസ്റ്റ്

പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് 115 പേരടങ്ങുന്ന ഒരു ജനറൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പ്രോഗ്രാം, പബ്ലിസിറ്റി, റിസപ്ഷൻ, അക്കോമഡേഷൻ, മെസ്, കുത്തിയോട്ടം, വോളന്റിയേഴ്സ്, അന്നദാനം, പ്രൊസഷൻ ആൻഡ് താലപ്പൊലി എന്നീ കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു. വിവിധ സർക്കാർ വകുപ്പുകൾ, അർധസർക്കാർ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, സാമൂഹിക സംഘടനകൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവയുടെ സഹായസഹകരണങ്ങൾ ഒപ്പമുണ്ട്. പൊങ്കാലയുടെ പ്രധാന ചടങ്ങുകൾ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യും. ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www. attukal. org‑ൽ കൂടി ലോകത്തെവിടെയും പൊങ്കാലയുടെ തത്സമയ സംപ്രേഷണം ദൃശ്യമാകുന്നതാണ്. ഉത്സവം നടക്കുന്ന പത്ത് ദിവസത്തേയ്ക്ക് ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് 85 ലക്ഷം രൂപയുടെ ഇൻഷുറൻസ് ട്രസ്റ്റ് എടുത്തിട്ടുണ്ട്.

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്

പൊങ്കാല അടുപ്പുകൾക്കായി ഭക്തജനങ്ങൾ പച്ചക്കട്ടകൾ ഉപയോഗിക്കാതിരിക്കുവാനും, പ്ലാസ്റ്റിക്ക് കവറുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവ കൊണ്ടു വരാതിരിക്കുവാനും ശ്രദ്ധിക്കണം. കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുവാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൊതുവഴികളിൽ ഗതാഗത തടസം സൃഷ്ടിക്കുംവിധവും നടപ്പാത പാകിയിരിക്കുന്ന ടൈലുകൾക്ക് മുകളിലും പൊങ്കാല ഇടുവാൻ പാടില്ല. ക്ഷേത്രദർശനത്തിന് വരുന്നവർ‍ സ്വർണാഭരണങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്. പൊങ്കാലയ്ക്കായി വരുന്ന ഭക്തജനങ്ങൾക്ക് ആഹാരവും കുടിവെള്ളവും നൽകുന്ന സംഘടനകളും റസിഡൻസ് അസോസിയേഷനുകളും അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനുമതിയും ഇതിനായി വാങ്ങേണ്ടതാണെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

കനത്ത സുരക്ഷയിൽ ക്ഷേത്രവും നഗരവും

കനത്ത സുരക്ഷയാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. മോഷണം തടയുന്നതിനായി പ്രത്യേക സ്ക്വാഡുകളുണ്ട്. ബൈക്ക് പെട്രോളിംഗ് സംഘങ്ങളുമുണ്ടാകും. സി സി ടിവി ക്യാമറകൾക്ക് പുറമേ ഡ്രോൺ വഴിയും നിരീക്ഷിക്കും. കിള്ളിപ്പാലം പി ആർ എസ് ജംഗ്ഷനിൽ നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷാ പാതയാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി നഗരത്തിൽ 3,000 മുതൽ 4,000 വരെ പൊലീസുകാരെയാണ് നിയോഗിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 21 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 10 ദിവസം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബി ക്രമീകരണങ്ങൾ പൂർത്തിയാക്കി. ആറ്റുകാൽ ക്ഷേത്രത്തിനു സമീപം പുതിയ ട്രാൻസ്ഫോർമറും സ്ഥാപിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ 14 സ്ക്വാഡുകൾ നഗരപരിധിയിൽ പരിശോധന ആരംഭിച്ചു.

 

കുടിവെള്ളം റെഡിയാണ്

കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ നഗരത്തിൽ 25 ടാങ്കുകൾ സ്ഥാപിക്കുകയും ടാങ്കറുകളിൽ വെള്ളമെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഐരാണിമുട്ടം അടക്കമുള്ള സ്ഥലങ്ങളിലെ ടാങ്കറുകളിൽ വാട്ടർ അതോറിറ്റി വെള്ളം നിറച്ചു. താൽക്കാലികമായി 1,270 ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേന നഗരത്തിൽ 97 പോയിന്റുകൾ ക്രമീകരിച്ചു.

കൂടുതൽ ബസ് സർവീസുകൾ

മുന്നൂറിലധികം ബസുകളാണ് ഇത്തവണ സർവീസ് നടത്തുക. ഒമ്പത് പ്രത്യേക ട്രെയിനുകളും സർവീസുകൾ നടത്തും. പൊങ്കാലദിനത്തിൽ കൂടുതൽ സ്റ്റോപ്പുകളും അനുവദിക്കും. എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതിനായി പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുൾപ്പെട്ട സ്ക്വാഡുകളെ നിയോഗിക്കും. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഉച്ചഭാഷിണികൾ പിടിച്ചെടുക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കായി 2250 ജീവനക്കാരെ നിയോഗിക്കും. കുടിവെള്ളത്തിനായി വാട്ടർ അതോറിട്ടി 1270 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 300 ബയോടൊയ്‌ലറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Attukal pon­gala 2020.

you may also like this video;