March 26, 2023 Sunday

ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസംരംഭകര്‍ക്കും പാചകത്തൊഴിലാളികള്‍ക്കും ട്രെയിനിങ്

Janayugom Webdesk
തിരുവനന്തപുരം
February 3, 2023 10:32 pm

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൂര്‍ണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഭക്ഷ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഭക്ഷ്യസുരക്ഷ ലൈസന്‍സിന്റെ പകര്‍പ്പ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് പരിശോധനവേളയില്‍ ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷര്‍ നിര്‍ദേശിച്ചു.

പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം എന്നിവ വിതരണം നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മുന്‍കൂട്ടി എടുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും. കൂടാതെ ഭക്ഷ്യസംരംഭകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ മാസം 24ന് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. 

ഭക്ഷ്യ സംരംഭകര്‍ നിര്‍ബന്ധമായും ട്രെയിനിങ്ങില്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനായി സംരംഭകന്റെ പേര്, ഫോണ്‍ നമ്പര്‍, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. കൃത്യമായ ലേബല്‍, വിവരങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കള്‍, മിഠായികള്‍, പഞ്ഞി മിഠായികള്‍ എന്നിവ വില്‍ക്കാന്‍ പാടില്ല. ഭക്ഷ്യവസ്തുക്കള്‍ തുറന്ന് വച്ച് വില്‍ക്കരുത്. അന്നദാനം നടത്തുന്നവര്‍ പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളുമാണെന്ന് ഉറപ്പുവരുത്തണം. 

പാചകം ചെയ്യുന്നയാള്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്നും പാചകത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഗുണനിലവാരമുള്ളതാണെന്നും ഉറപ്പുവരുത്തണം. ശീതളപാനീയങ്ങളില്‍ ശുദ്ധജലം ഉപയോഗിച്ച് നിര്‍മ്മിച്ച ഐസ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.
പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ നിശ്ചിത ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതും വൃത്തിയുള്ള ചുറ്റുപാടില്‍ മാത്രം വിതരണം ചെയ്യേണ്ടതുമാണ്.
ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ 18004251125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Attukal Pon­gala: Train­ing for food entre­pre­neurs and cooks

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.