Sunday
25 Aug 2019

ലോകകപ്പ് പോര്‍ കളത്തില്‍ ഇന്ന് ഇവര്‍..

By: Web Desk | Wednesday 12 June 2019 1:45 PM IST


ലോകകപ്പില്‍ ഇരുടീമുകളും 9 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അഞ്ച് തവണ ഓസീസ് വിജയിച്ചപ്പോള്‍ നാല് തവണ പാകിസ്ഥാനാണ് വിജയിച്ചത്. ഇന്നെത്ത മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചാല്‍ ഓസീസിന് ഒപ്പമെത്താന്‍ സാധിക്കും

ടൗണ്‍ടണ്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയ ഇന്ന് പാകിസ്ഥാനെ നേരിടും. കൗണ്ടിയില്‍ വച്ച് ഇന്ത്യന്‍ സമയം വൈകിട്ട് 3 മണിക്കാണ് മത്സരം നടക്കുക. ഇന്ത്യയോടേറ്റ അപ്രതീക്ഷിത തോല്‍വി മറക്കാന്‍ ഓസ്‌ട്രേലിയക്ക് വിജയം അനിവാര്യമാണ്. എന്നാല്‍ എതിരെ പാകിസ്ഥാനായതു കൊണ്ട് തന്നെ എങ്ങനെയാണ് പ്രകടനമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല.

മത്സരത്തില്‍ പാകിസ്ഥാനെ വച്ച് നോക്കുമ്പോള്‍ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം. ഇരു ടീമുകളും മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയ രണ്ടെണ്ണം വിജയിക്കുകയും ഒന്നില്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ പാകിസ്ഥാന്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് സ്വന്തമാക്കിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് മലര്‍ത്തിയടിച്ചതോടെ കാര്യങ്ങള്‍ പാകിസ്താന് അനുകൂലമാണ്. അവരുടെ ദൗര്‍ബല്യമായ ബാറ്റിംഗ് നിര ഫോം കണ്ടെത്തി കഴിഞ്ഞു. അതേസമയം ഓസ്‌ട്രേലിയന്‍ നിരയില്‍ ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ അപാര ഫോമും ഓസീസിനെ ഫേവറിറ്റുകളാക്കുന്നു. ബൗളിംഗ് നിരയും തകര്‍പ്പന്‍ ഫോമിലാണ്. ഇന്ത്യയോടേറ്റ തോല്‍വി മാത്രമാണ് ഓസീസിന് സഡന്‍ ബ്രേക്കിട്ടത്.

എന്നാല്‍, ലോകകപ്പിന് മുമ്പുളള തോല്‍വികളില്‍ നിന്ന് വന്‍ തിരിച്ചുവരവ് പാകിസ്ഥാന് നടത്തിയിരുന്നു. ഓസീസിന്റെ പേസ് നിരയെ പാകിസ്താന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഇതില്‍ നിര്‍ണായകമാണ്. ടോണ്ടനിലെ പിച്ച് പൂര്‍ണമായും ബാറ്റിംഗിനെ പിന്തുണയ്ക്കുന്നതല്ല. ടോസ് ഏത് ടീമിന് ലഭിക്കുന്നു എന്നതും മത്സര ഫലത്തെ സ്വാധീനിക്കും.
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാക്‌സ്‌വെല്‍ ഉസ്മാന്‍ ഖവാജ എന്നിവര്‍ ഓസ്‌ട്രേലിയയുടെ ബാറ്റിങ് കുന്തമുനകംളാണ്. ഇവരില്‍ ആരെങ്കിലും ഫോം കണ്ടെത്തിയാല്‍ ഓസിസിനെ പിടിച്ചു നിര്‍ത്താന്‍ പാക് ബൗളിങ് നിരയ്ക്ക് സാധിച്ചെന്ന് വരില്ല. നിലവില്‍ സ്റ്റീവ് സ്മിത്ത് ഫോം കണ്ടെത്തിയിരിക്കുന്നത് ഓസിസ് നിരയില്‍ ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്ത്യയോടേറ്റ തോല്‍വി ഒഴികെ മറ്റു രണ്ട് മത്സരങ്ങളില്‍ ഓസിസ് ബാറ്റിങ് നിര തങ്ങളുടെ ശക്തി തെളിയിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനോടായ മത്സരത്തില്‍ മുന്‍ നിര തകര്‍ന്നപ്പോള്‍ നങ്കൂരമിട്ട സ്മിത്തും ഓള്‍ റൗണ്ടറായ കോള്‍ട്ടര്‍ നൈലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഓസിസിനെ രക്ഷിച്ചത്.

മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന ബൗളിങ് നിരയും ശക്തമാണ്. പേസ് ആക്രമണത്തില്‍ സ്റ്റാര്‍ക്ക് മികച്ച രീതിയിലാണ് പന്തെറിയുന്നത്. പാറ്റ് കമ്മിന്‍സന്‍ ആണ് മറ്റൊരു പേസ് ആക്രമണത്തിലെ പ്രധാനി. സ്പിന്നില്‍ ആദം സാംപയും വിക്കറ്റുകള്‍ ഇടുന്നതില്‍ നിര്‍ണായകമാകുന്നുണ്ട്.
മുഹമമ്മദ് ഹഫീസ് ബാറ്റിങ് നിരയില്‍ ഫോം കണ്ടെത്തിയത് പാകിസ്ഥാന് ആശ്വാസം നല്‍കുന്നു. ഹഫീസിനെ കൂടാതെ ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, എന്നിവര്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ വലിച്ച് കീറിയിരുന്നു പാകിസ്ഥാന്‍. 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാനും ടീമിന് സാധിച്ചു. മധ്യനിരയില്‍ ഷോയിബ് മാലിക്കും ഭേദപ്പെട്ട ഫോമിലാണ്. ഇവര്‍ ഓസീസ് പേസിനെ നന്നായി പഠിച്ചവരാണ്.
ലോകകപ്പില്‍ ഇരുടീമുകളും 9 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അഞ്ച് തവണ ഓസീസ് വിജയിച്ചപ്പോള്‍ നാല് തവണ പാകിസ്ഥാനാണ് വിജയിച്ചത്. ഇന്നത്ത മത്സരത്തില്‍ പാകിസ്താന്‍ വിജയിച്ചാല്‍ ഓസീസിന് ഒപ്പമെത്താന്‍ സാധിക്കും.

ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസ് പരിക്കേറ്റ പുറത്തായി. മിച്ചല്‍ മാര്‍ഷാണ് പകരക്കാരന്‍. അതേസമയം പകരക്കാരനായിട്ടാണോ മാര്‍ഷ് എത്തുന്നതെന്ന് ഉറപ്പില്ല. സ്‌റ്റോയിനിസ് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പുറത്തായെങ്കിലും 15 അംഗ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. സ്‌റ്റോയിനിസിന് പൂര്‍ണ പകരക്കാരനായി മിച്ചലിനെ നിയോഗിക്കണോ എന്ന് ടീം സെലക്ടര്‍മാര്‍ പിന്നീട് തീരുമാനിക്കും. ഇതോടെ 2018 ജനുവരിക്ക് ശേഷം ഏകദിന ടീമിലെത്താനുള്ള സാധ്യതകളാണ് മിച്ചല്‍ മാര്‍ഷിന് മുന്നില്‍ തെളിയുന്നത്. എന്നാല്‍ ഔദ്യോഗികമായി സ്‌റ്റോയിനിസിന് പകരക്കാരനായി മിച്ചല്‍ മാര്‍ഷിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല. ഐസിസിയുടെ നിയമം അനുസരിച്ച് പരിക്കേറ്റ താരത്തെ സ്‌ക്വാഡില്‍ നിന്ന് പിന്‍വലിച്ചാല്‍ പിന്നീട് ഉള്‍പ്പെടുത്താന്‍ കഴിയില്ല. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് താരത്തിന്റെ ഫിറ്റ്‌നസ് വീണ്ടും പരിശോധിക്കും. ഇതിന് ശേഷമേ സ്‌റ്റോയിനിസിനെ സ്‌ക്വാഡില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനമെടുക്കൂ.

Related News