മെൽബൺ: മെല്‍ബണ്‍ ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ ഓസ്‌ട്രേലിയക്ക് ജയം. 247 റണ്‍സിന്റെ മികച്ച വിജയമാണ് ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഓസീസ് സ്വന്തമാക്കിയത്. ഇതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. ആദ്യ ടെസ്റ്റും ഓസീസ് വിജയിച്ചിരുന്നു. .488 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനെ രണ്ടാമിന്നിങ്‌സില്‍ ഓസീസ് 240 റണ്‍സിന് പുറത്താക്കി. നാല് വിക്കറ്റെടുത്ത നഥാന്‍ ലിയോണും മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റിന്‍സണുമാണ് ഓസീസിന്റെ വിജയം അനായാസമാക്കിയത്.
ന്യൂസീലന്‍ഡ് ഓപ്പണര്‍ ടോം ബ്ലെന്‍ഡല്‍ മാത്രമാണ് ചെറുത്തുനിന്നത്. 210 പന്തില്‍ 121 റണ്‍സ് ബ്ലെന്‍ഡല്‍ നേടി. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ ഓസീസ് രണ്ടാമിന്നിങ്‌സ് അഞ്ചു വിക്കറ്റിന് 168 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 319 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുള്ളതിനാലാണ് ഓസീസ് വേഗം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. നീല്‍ വാഗ്നര്‍ ന്യൂസീലന്‍ഡിനായി മൂന്നു വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റേയും അര്‍ധ സെഞ്ചുറി നേടിയ ടിം പെയ്ന്‍, സ്റ്റീവ് സ്മിത്ത്, ലബൂഷെയ്ന്‍ എന്നിവരുടെയും മികവില്‍ ഓസീസ് 467 റണ്‍സ് അടിച്ചെടുത്തിരുന്നു. വാഗ്നര്‍ നാലും സൗത്തീ മൂന്നും വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ കിവീസ് 148 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ചു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സിന്റെ പ്രകടനമാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്. പാറ്റിന്‍സണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ഇനി മൂന്നാം ടെസ്റ്റ് ജനുവരി മൂന്നു മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടങ്ങും.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.