Web Desk

ന്യൂഡൽഹി

January 29, 2020, 2:20 pm

ഓ​ട്ടോറിക്ഷയിൽ ‘ഐ ലവ്​ കെജ്​രിവാൾ’ എന്നെഴുതിയതിന് 10,000 രൂപ പിഴ: ചോദ്യം ചെയ്ത് ഡ്രൈവർ കോടതിയിൽ

Janayugom Online

ഓ​ട്ടോറിക്ഷയിൽ ‘ഐ ലവ്​ കെജ്​രിവാൾ’ എന്നെഴുതിയതിന്​ 10,000 രൂപ പിഴ ചുമത്തിയതിനെ ചോദ്യം ചെയ്​ത്​ ഓ​​ട്ടോ ഡ്രൈവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്​റ്റിസ്​ നവീൻ ചവ്​ല ഇതുസംബന്ധിച്ച് വിശദീകരണം നൽകണമെന്ന് കാട്ടി ആം ആദ്​മി സർക്കാർ, പൊലീസ്​, തെരഞ്ഞെടുപ്പ്​ കമ്മിഷൻ എന്നിവർക്ക്​ നോട്ടീസ്​ നൽകി.

മാർച്ച്​ മൂന്നിനകം വിശദമായ നിർദേശം നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ സംഭവത്തിൽ പിഴ ഈടാക്കിയത്​ എന്തിനാണെന്ന്​ പരിശോധിക്കാൻ സമയം അനുവദിക്കണമെന്ന്​ ഡൽഹി സർക്കാരിന്റെയും പൊലീസിന്റെയും അഭിഭാഷകർ കോടതിയോട്​ അഭ്യർത്ഥിച്ചു. രാഷ്ട്രീയ വിദ്വേഷത്തി​​ന്റെ ഭാഗമായാണ്​ തനിക്ക്​ പിഴ ചുമത്തിയതെന്ന് ഓ​ട്ടോ ഡ്രൈവർ ഹർജിയിൽ ചൂണ്ടികാട്ടി.

രാഷ്ട്രീയ പരസ്യങ്ങൾ നിരോധിച്ചിരിക്കുന്ന സമയമായതിനാൽ തെരഞ്ഞെടുപ്പ്​ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കിയാകാം പിഴ ഈടാക്കിയതെന്ന്​ തെര​ഞ്ഞെടുപ്പ്​ കമ്മിഷന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇതൊരു രാഷ്ട്രീയ പരസ്യമല്ലെന്ന മറുവാദമാണ്​ ഓ​ട്ടോ ഡ്രൈവറുടെ അഭിഭാഷകൻ ഉന്നയിച്ചത്​. ഒരു വ്യക്തി സ്വന്തം ചെലവിൽ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങളെ കുറിച്ച്​ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ പരാമർശിക്കുന്നില്ല. ഓ​ട്ടോ റിക്ഷ അടക്കമുള്ള പൊതുഗതാഗത വാഹനങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതിയുണ്ടെന്നും 2018ൽ ഇതു സംബന്ധിച്ച്​ ഡൽഹി സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഓട്ടോഡ്രൈവറുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മാത്രമല്ല ഓ​ട്ടോയിൽ എഴുതിയതിന്റെ ചെലവ്​ വഹിച്ചത്​ ഹർജിക്കാരനാണ്. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയല്ല. അതുകൊണ്ട്​ തന്നെ ഇത്​ ചട്ടലംഘനമല്ലെന്നും അഭിഭാഷകൻ വാദിച്ചു.