ആത്മഹത്യാമുനമ്പില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

Web Desk
Posted on December 27, 2018, 11:29 am

ന്യൂഡല്‍ഹി: അമ്മയെയും കുഞ്ഞിനെയും ആത്മഹത്യാ മുനമ്പില്‍ നിന്ന് രക്ഷിച്ച ഓട്ടോഡ്രൈ വര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. മീത്താപ്പൂര്‍ സ്വദേശിയായ പവന്‍ ഷാ (30) ആണ് മരിച്ചത്. ശനിയാഴ്ച യാത്രക്കാരനെ വിട്ട് തിരിച്ച് വരവെയാണ് ഒരു യുവതിയും കുഞ്ഞും പാലത്തിന്റെ വക്കില്‍ നില്‍ക്കുന്നത് പവന്‍ കണ്ടത്. പന്തികേട് തോന്നിയ പവന്‍ ഓട്ടോറിക്ഷ നിര്‍ത്തി ഇവരുടെ അടുത്ത് എത്തിയപ്പോഴേയ്ക്കും അമ്മ കുഞ്ഞിനെയുംകൊണ്ട് പാലത്തില്‍ നിന്ന് കനാലിലേയ്ക്ക് ചാടി. മറ്റൊന്നും നോക്കാതെ പവന്‍ പിന്നാലെ കനാലിലേയ്ക്ക് ചാടുകയായിരുന്നു.

ഇരുവരെയും രക്ഷിക്കുന്നതിനിടെ ഈ കാഴ്ച കണ്ട മറ്റുയുവാക്കളും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം ചേര്‍ന്നു. എന്നാല്‍ അമ്മയെയും കുട്ടിയെയും കരയ്‌ക്കെത്തിച്ച ശേഷം പവനെ രക്ഷിക്കാന്‍ യുവാക്കള്‍ എത്തിയപ്പോഴേയ്ക്കും വൈകിയിരുന്നു.

അതേസമയം പവന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്ന്  രക്ഷാപ്രവര്‍ത്തന ത്തിനെത്തിയ രാജ്വീര്‍, ജമില്‍, സഞ്ജീവ് എന്നിവര്‍ പൊലീസിനെ അറിയിച്ചു.

പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും യുവാക്കള്‍ ഉടനെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.  യുവതിയുടേത് ആത്മഹത്യാ ശ്രമമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടംബ പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിന് പിന്നലെന്നും പൊലീസ് വ്യക്തമാക്കി.
പവന്റെ ധീരമായ പ്രവൃത്തിയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പേരില്‍ ജീവന്‍ രക്ഷാ എന്ന പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് പൊലീസ് പറഞ്ഞു.