വഴിയോര കച്ചവടക്കാരെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍, സംഭവത്തില്‍ ദുരൂഹത

Web Desk
Posted on October 06, 2019, 5:57 pm

അടിമാലി: അടിമാലി ടൗണില്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്താന്‍ പോകുകയായിരുന്ന രണ്ട് പേരെ ഓട്ടോറിക്ഷ ഇടിച്ച് വീഴ്ത്തി. ഞായറാഴ്ച്ച പുലര്‍ച്ചെ 4മണിയോടെ ടൗണിലെ ലൈബ്രറി റോഡ് ജംഗ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ അടിമാലി സ്വദേശിനിയായ തേന്‍മാവിന്‍കുഴിയില്‍ അമ്മിണി(60), മകന്‍ ഷിജു(48) എന്നിവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികത്സ നല്‍കിയ ശേഷം തുടര്‍ ചികത്സക്കായി കൊണ്ടു പോയി.

ടൗണിലെ സെന്റര്‍ ജംഗ്ഷനില്‍ അമ്മിണിയും ഷിജുവും ഉന്തുവണ്ടിയില്‍ ചായക്കട നടത്തി വരികയായിരുന്നു. പുലര്‍ച്ചെ കടതുറക്കാനായി ഉന്തുവണ്ടിയുമായി ടൗണിലേക്ക് വരുന്നതിനിടയില്‍ ലൈബ്രറി റോഡിലൂടെ എത്തിയ ഓട്ടോറിക്ഷ ഇവരെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഉന്തുവണ്ടി തലകീഴായി മറിയുകയും അമ്മിണിയ്ക്കും ഷിജുവിനും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന് ഇടവരുത്തിയ ഓട്ടോറിക്ഷ നിര്‍ത്താതെ പോയതായുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്.

ടൗണില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തില്‍ അടിമാലി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. സമീപത്തെ വ്യാപാര ശാലകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അപകടം സംബന്ധിച്ച ചിത്രം വ്യക്തമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

അതേ സമയം ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത ട്രാഫിക് അഡ്വസൈറി കമ്മറ്റി ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടവരുത്തുന്നു. ടൗണില്‍ പാര്‍ക്കിംഗും വണ്‍വേ സംവിധാനങ്ങളും താളം തെറ്റി കിടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് സംഭവിച്ചിട്ടുള്ളത്.