23 April 2024, Tuesday

ക്ലച്ചും ഗിയറും മറക്കാം; ഇനി ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം

എം കെ ഹരിലാല്‍
തിരുവനന്തപുരം
March 20, 2023 8:29 am

ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇത് സംബന്ധിച്ച് എല്ലാ ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കി. 7500 കിലോയില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് ഈ വ്യവസ്ഥ ബാധകമാകുന്നത്. ഇതോടെ ക്ലച്ചും ഗിയറുമില്ലാത്ത, ഓട്ടോമാറ്റിക് കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പരിശീലനം നടത്തിയവര്‍ക്ക് അതേ തരത്തിലുള്ള വാഹനങ്ങളില്‍ തന്നെ എച്ച്-റോഡ് ടെസ്റ്റുകളില്‍ പങ്കെടുത്ത് ലൈസന്‍സ് നേടാന്‍ സാധിക്കും. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെയുള്ള വാഹനങ്ങളുടെ ലൈസന്‍സ് ഈ രീതിയില്‍ സ്വന്തമാക്കാം.

2019ല്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നിയമത്തില്‍ മാറ്റം വരുത്തിയിരുന്നെങ്കിലും കേരളത്തില്‍ ഈ വിഷയത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് ടെസ്റ്റിന് അനുമതി നല്‍കാത്തതായി ഒട്ടനവധി പരാതികളും മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരുന്നു.

ഇത്തരത്തിലുള്ള വാഹനങ്ങളുടെ ഉപയോഗം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യവും പരിഗണിച്ചുകൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്-ഇലക്ട്രിക് വാഹനങ്ങളും പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകളും ഈ ആവശ്യം മോട്ടോര്‍ വാഹന വകുപ്പിനോട് ഉന്നയിച്ചിരുന്നു. ക്ലച്ച് ഉള്ള വാഹനങ്ങളില്‍ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് പലരിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ക്ലച്ച് ഉപയോഗിച്ച് നിയന്ത്രിക്കുമ്പോള്‍ വാഹനം ഓഫായി പോകുന്നതായിരുന്നു ഡ്രൈവിങ് ടെസ്റ്റുകളില്‍ പലരും നേരിട്ടിരുന്ന വെല്ലുവിളി. ഇത്തരത്തില്‍ ടെസ്റ്റില്‍ പരാജയപ്പെട്ട് പുറത്താകുന്നവരും നിരവധി ആണ്. ഈ വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വ്യക്തത വരുത്തിയതോട് കൂടി ഡ്രൈവിങ് ടെസ്റ്റ് ഇനി മുതല്‍ കൂടുതല്‍ ആയാസരഹിതമായി തീരും.

Eng­lish Sum­ma­ry: Auto­mat­ic and elec­tric vehi­cles can be used for dri­ving test
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.