ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുമായി യുവസംരംഭകര്‍

ഷിബു ടി ജോസഫ്

കോഴിക്കോട്

Posted on May 26, 2020, 9:12 pm

കരസ്പര്‍ശമേല്‍ക്കാതെ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ സഹായകമാകുന്ന ഉപകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് രാമനാട്ടുകരയിലെ രണ്ട് ചെറുപ്പക്കാര്‍. ഇവര്‍ നിര്‍മ്മിച്ച ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറായ പി സി വിഷ്ണുവും മെക്കാനിക്കല്‍ എന്‍ജിനീയറായ ടി ദീപക്കുമാണ് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

സാനിറ്റൈസര്‍ മെഷീന്റെ അടിഭാഗത്ത് കൈ വച്ചാല്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ പ്രവര്‍ത്തിക്കുകയും കയ്യിലേക്ക് സാനിറ്റൈസര്‍ ആവശ്യത്തിന് വീഴുകയും ചെയ്യും. ആളുകള്‍ ഏറെയുള്ള സ്ഥാപനങ്ങളില്‍ ധാരാളം പേര്‍ ഒരേസമയം കുപ്പികളുടെ അടപ്പുതുറന്ന് സാനിറ്റൈസര്‍ ഉപയോഗിക്കേണ്ട സ്ഥിതിയാണ്. അതിന് പരിഹാരമാണ് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍. രണ്ട് ലിറ്റര്‍ സാനിറ്റൈസര്‍ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന മെഷീന്‍ മുതല്‍ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് കൂടുതല്‍ അളവില്‍ സാനിറ്റൈസര്‍ നിറയ്ക്കാവുന്ന മെഷീനുകള്‍ വരെ ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്.

സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍, ബസ്സ്റ്റാന്റ്, റയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം പോലെ ആളുകള്‍ നിരന്തരം എത്തുന്ന പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഏറെ ഉപകാരപ്രദമായ ഒന്നാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍. നിലവില്‍ രാമനാട്ടുകരയിലും കോയമ്പത്തൂരിലുമായി രണ്ട് യൂണിറ്റുകള്‍ ഇതിനായി ഇവര്‍ സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും അത് നശിപ്പാന്‍ സഹായകമായ ഇന്‍സിനറേറ്ററും നിര്‍മ്മിക്കുന്ന സ്ഥാപനം നടത്തിവരികയാണ് ഇരുവരും. കൊറോണ വ്യാപനത്തോടെയാണ് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എന്ന ആശയത്തിലേക്ക് ഇവര്‍ എത്തിയത്. ഇതോടൊപ്പം മാസ്‌ക് വെന്‍ഡിംഗ് മെഷീനും ഉപയോഗിച്ച മാസ്‌കുകള്‍ നശിപ്പിക്കാന്‍ സഹായകമായ ഇന്‍സിനറേറ്ററും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Auto­mat­ic san­i­tiz­er dis­penser.

You may also like this video: