പി ജി രവികുമാർ

ചേർത്തല

April 01, 2020, 9:56 am

കൊറോണയെ നേരിടാൻ ഓട്ടോമാറ്റിക്ക് സാനിറ്റൈസറുമായി കെഎസ്ഇബി എൻജിനീയർ

Janayugom Online

കൊറോണ വൈറസിനെ നേരിടാൻ ഡോർ ഹാന്റിലിൽ ഘടിപ്പിക്കാവുന്ന ഓ­ട്ടോ­മാറ്റിക്ക് സാനിറ്റൈസർ ഉപകരണവുമായി കെഎസ്ഇബി എൻജിനീയർ. പട്ടണക്കാട് വിസ്മയം(വടക്കേ കളരിക്കൽ) കെ സി ബൈജുവിന്റേതാണ് പുതിയ ആശയം. പലതവണ സ്പർശിക്കാൻ ഇടയുള്ള ഒരു ഭാഗമാണ് സ്ഥാപനങ്ങളിലെയും വാതിലുകളുടെ കൈപ്പിടികൾ. ബാങ്കുകൾ, ആ­ശുപത്രികൾ, ഓഫീസുകൾ തുടങ്ങി നിരവധിയിടങ്ങളിൽ ഒട്ടേറെപ്പേർ ദൈനംദിനം സ്പർശിക്കുന്ന വാതിൽ കൈപ്പിടികളിൽ നിന്നാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ മനുഷ്യരിലേക്ക് പടരുന്നത്. വാതിൽപ്പിടിയിൽ മുമ്പു വൈറസ് വാഹകരായ ആരെങ്കിലും സാനിറ്റൈസർ ഉപയോഗിക്കാതെ പിടിച്ചിട്ടുണ്ടെങ്കിൽ സ്പർശിക്കുന്ന ആളിലേക്കും വൈറസ് പകരാൻ സാധ്യത കൂടുതലാണ്. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് ബൈജു വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് സാനിറ്റൈസർ ഫോർ ഡോർ ഹാന്റിൽസ്.

ഡോറിന്റെ ഹാന്റിലിന് സമീപം സ്ഥാപിച്ചിട്ടുള്ള വാതിലിന്റെ കൈപ്പിടിയിൽ ഒരാൾ സ്പർശിക്കുകയാണെങ്കിൽ സ്പർശിക്കുന്നതിന് തൊട്ടുമുമ്പായി (ഹാൻഡിലിന്റെ സ­മീ­പത്ത് എത്തുമ്പോൾത്തന്നെ) ആ കൈപ്പിടിയിൽ പൊതിഞ്ഞിരിക്കുന്ന പ്രത്യേക കവചത്തിലേക്ക് കൃത്യമായ അളവിൽ ആൽക്കഹോളിക് സാനിറ്റൈസർ ലായനി ഓട്ടോമാറ്റിക്ക് ആയി എത്തും. അങ്ങനെ ആ ഹാൻഡിൽ വൈറസ് വിമുക്തമാകുന്നു. ആളുകളുടെ സാന്നിധ്യം അറിയുന്ന ഇൻഫ്രാറെഡ് സെൻസർ, കൺട്രോൾ സർക്യൂട്ട്, മൈക്രോ പമ്പ്, വാൽവ് ബാറ്ററി, സ്വിച്ച്, ചെറിയ കുഴലുകൾ, വാതിൽപ്പിടിയിൽ ഉറപ്പിക്കുന്ന പ്രത്യേക കവചം, നോസ്സിൽ, ആൽ­ക്കഹോളിക് സാനിറ്റൈസർലായനി സംഭരിച്ചു വയ്ക്കുന്നതിനുള്ള പ്ര­ത്യേക കുപ്പി തുടങ്ങിയവയാണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങൾ.

സാനിറ്റൈസർ ലായനി തീരുന്ന മുറയ്ക്ക് വീണ്ടും നിറച്ചുകൊടുക്കാം. പുതിയ ഉപകരണത്തിന് 600 രൂപയോളം ചിലവ് വരും. കെഎസ്ഇബി ആസ്ഥാനമായ തിരുവനന്തപുരം വൈ­ദ്യുതി ഭവനിൽ ചീഫ് സേഫ്റ്റി കമ്മിഷണറുടെ കീഴിൽ സുരക്ഷാ ഇന്നൊവേഷൻ അസിസ്റ്റൻറ് എൻജിനീയർ ആണ് ബൈജു. വൈദ്യുത മേഖലയിലടക്കം നാൽപ്പതിൽപരം കണ്ടുപിടുത്തങ്ങൾ ഇതിന് മുമ്പ് നടത്തിട്ടുണ്ട്. കേരള സർക്കാരിന്റെ ഊർജ്ജസംരക്ഷണ അവാ­ർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചില കണ്ടുപിടുത്തങ്ങൾ കെഎസ്ഇബി നടപ്പിലാക്കിയിട്ടുണ്ട്. വൈക്കം ആശ്രമംസ്കൂൾ അധ്യാ­പിക അശ്വതിയാണ് ഭാര്യ. മകൻ: അക്ഷയ് ബൈജു.

Eng­lish Sum­ma­ry: Auto­mat­ic san­i­tiz­er to com­bat corona

YOU MAY ALSO LIKE THIS VIDEO