119.58 കിമീ വേഗതയില്‍ പറന്ന് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് ഈ ഓട്ടോറിക്ഷ

Web Desk
Posted on May 22, 2019, 12:53 pm

സാധാരണക്കാരന്‍റെ ആഡംബരവാഹനമെന്ന് പറയുമ്പോള്‍ മനസ്സിലേക്ക് വേഗം ഓടിയെത്തുന്നത് ഓട്ടോ എന്ന ചുരുക്കപ്പേരില്‍ അറിയുന്ന ഓട്ടോറിക്ഷയാണ്. ഈ ഓട്ടോറിക്ഷയുടെ പരമാവധി വേഗത എത്രയാണ്… നമ്മുടെ ഓട്ടോ ചേട്ടന്മാര്‍ ഏറിപ്പോയാല്‍ മണിക്കൂറില്‍ 60 മുതല്‍ 80 വരെ ഓടിക്കും. എന്നാല്‍, ബ്രിട്ടീഷ് പൗരനായ മാറ്റ് എവറാഡ് അതുക്കും മേലെയാണ്. 100 കിലോമീറ്റര്‍ വേഗത്തില്‍ പറപ്പിച്ച ഓട്ടോറിക്ഷയുടെ സാരഥിയാണ് മാറ്റ്. എന്നാലിപ്പോള്‍ 119.583 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍‍ഡ്സില്‍ ഇടംപിടിച്ചിരിക്കുകയാണ്. യുകെയിലെ എസെക്സിലെ ലിവിങ്ടണ്‍ എയര്‍ഫീല്‍ഡിലാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രകടനം നടന്നത്.

ഗിന്നസ് ബുക്ക് അധികൃതരുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രകടനത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തിലോടുന്ന ഓട്ടോറിക്ഷ എന്ന റെക്കോര്‍ഡും സ്വന്തമാക്കി. വെറുതെ രസത്തിനാണ് 3000 പൗണ്ട് മുടക്കി ഓട്ടോറിക്ഷ സ്വന്തമാക്കിയത് എന്നാണ് മാറ്റ് പറയുന്നത്. പിന്നീട്, വാഹനത്തിനെ 350 സിസി എന്‍ജിന് പകരം ദെയ്ഹാറ്റ്‌സുവിന്‍റെ 1300 സിസി എഫ്‌ഐ എന്‍ജിന്‍ ഘടിപ്പിക്കുകയായിരുന്നു.

ഒരു യാത്രക്കാരനേയും പുറകിലിരുത്തിയാണ് മാറ്റ് 119 കിലോമീറ്റര്‍ വേഗത്തില്‍ ഓട്ടോറിക്ഷ പായിച്ചത്. 110 കിലോമീറ്റര്‍ വേഗമായിരുന്നു ലക്ഷ്യമെന്നും 119.583 എത്താന്‍ സാധിച്ചതില്‍ സന്തോഷവാനാണെന്നുമാണ് റെക്കോര്‍ഡ് പ്രകടനം നടത്തി മാറ്റ് എവറാഡ് പറഞ്ഞത്.

You May Also Like This: